പടിഞ്ഞാറെ ചക്രവാളത്തിൽ സൂര്യൻ മെല്ലെ തിരി താഴ്ത്തി… സന്ധ്യ അവളുടെ ചാരുതയോടെ ഗ്രാമത്തിന്റെ നിറങ്ങൾക്ക് ദൃശ്യ മിഴവേകി…. അസുരവാദ്യത്തിന്റെ മേളക്കൊഴുപ്പ് ആ കോവിലിന്റെ പരിസര പ്രദേശം മുഴുവൻ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു… ശ്രീകോവിലിന്റെ നടകൾ മണി നാദത്തോടെ മെല്ലെ തട്ടകവാസികളുടെ മുൻപിൽ തുറന്നു… അസുരവാദ്യത്തിന്റെ മുഴക്കത്തിന്റെ തീവ്രത കൂടി വന്നു.. അകത്തു നിന്നും കോമരം ഉറഞ്ഞു തുള്ളി പുറത്ത് വന്നു.. ആകാശത്തു അഗ്നിസ്ഫുലിംഗങ്ങൾ വർണ്ണ വിസ്മയം തീർത്തു… ഒരു നാടിന്റെ മുഴുവൻ ആവേശവും വീറും വാശിയും വാരി വിതറികൊണ്ട് ഗ്രാമം ചെമ്പട്ടു വിരിച്ചു… ഭഗവതി പുറത്തേക്കു ഏഴുന്നൊള്ളി… തട്ടകത്തമ്മയുടെ പറ …
വള്ളുവനാട്ടിൽ ഇപ്പോൾ പൂരകാലമാണ്.. കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ കീഴടക്കിയപ്പോൾ അത് എല്ലാ മേഖലകളെയും ബാധിച്ചു.അതുകൊണ്ട് തന്നെ പൂരവും ഉത്സവങ്ങളുമെല്ലാം വെറും ചടങ്ങുകൾ മാത്രമായി ഒതുങ്ങി. എന്നാൽ അതിന് ശേഷം ഒരു ഉയർത്തെഴുന്നേൽപ്പാണ് ഈ വർഷത്തെ വേലക്കാലം ഈ വരുന്ന ഫെബ്രുവരി 26 ഞായറാഴ്ചയാണ് വരവൂർ പാലക്കൽ പൂരം. വരവൂരിന്റെ ഉത്സവമാണ് പാലക്കൽ കാർത്തിക വേല. കൊയ്ത്തു കഴിഞ്ഞ പടങ്ങളും, നാടും, നാട്ടുകാരുമെല്ലാം പൂരത്തിന് തയ്യാറായി കഴിഞ്ഞു.
വരവൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ പറ
ഫെബ്രുവരി 17 വെള്ളിയാഴ്ച പുറപ്പെടും. പറ പുറപ്പെടുമ്പോൾ ഭഗവതി ചെമ്പട്ടു വിരിച്ചു പുറത്തേയ്ക്ക് എഴുന്നോളും. ഭാഗവതിയുടെ ആവാഹന പുരുഷൻ അല്ലെങ്കിൽ പ്രതിപുരുഷൻ ആണ് വെളിച്ചപ്പാട്.വരവൂർ ചേലം ചങ്കരത്ത് ഭാസ്കരൻ നായർ, വരവൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ആവാഹന പുരുഷൻ. അദ്ദേഹത്തിന് ഇത് മറ്റൊരു നാഴിക കല്ല് കൂടിയാണ്. മുപ്പതു വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി 16 നാണ് അദ്ദേഹം ആ ചുമതല ഏറ്റെടുക്കെന്നുന്നത്. കഴിഞ്ഞ മുപ്പതു വർഷമായി ഒരു ക്ഷേത്രത്തിൽ ഒരേ ഭാഗവതിയുടെ പ്രതി രൂപമായി സേവനം അനുഷ്ഠിച്ചു പോരുന്നു.
അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ പടവും കയറിയതിന്റെ പിന്നിലും പാലക്കൽ അമ്പലവും തട്ടകത്തമ്മയും വഹിച്ച പങ്ക് വളരെ വലുതാണ്.. കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ദൈവവിളി പോലെ പാലക്കൽ അമ്മയുടെ കോമരമാവാൻ ഉള്ള നിയോഗം ഭാസ്കരൻ നായരെ തേടിയെത്തുന്നത് പലപ്പോഴും വീട്ടിലെ അവസ്ഥ മോശം ആയിരുന്നു. മദ്ദളം കൊട്ടുകാരനായിരുന്ന അദ്ദേഹം നാട്ടിൽ അറിയപ്പെട്ടിരുന്നത് മദ്ദളം മണി എന്നപേരിൽ ആയിരുന്നു.രണ്ട് മക്കളും ഭാര്യയും ഉള്ള വീട്ടിൽ പലപ്പോഴും ദാരിദ്ര്യത്തിന്റെ അഷ്കിത വളരെ കൂടുതൽ ആയിരുന്നു. അല്ലെങ്കിലും കലാകാരനും അവന്റെ കുടുംബവും പലപ്പോഴും പട്ടിണി ആണല്ലോ. അങ്ങിനെ ഇരിക്കുമ്പോൾ ആണ് ആ വിളി വരുന്നതും അമ്പലത്തിലെ വെളിച്ചപ്പാടാവുന്നതും . അന്ന് മുതൽ ഇന്ന് വരെ ആചാരങ്ങൾക്കും ചിട്ടകൾക്കും ഒരിക്കലും അദ്ദേഹം വീഴ്ച വരുത്തിയിട്ടില്ല. കഠിനമായ വഴികളിലൂടെ ആണ് പലപ്പോഴും നടന്ന് പോയിട്ടുള്ളത്.
മുപ്പതു വർഷം മുൻപ് അതായതു 1992 ഫെബ്രുവരി 16 ന് ഗുരുതിയാടി ചെമ്പട്ടണിഞ്ഞു ഉറഞ്ഞു തുള്ളി ദേവിയെ സ്വന്തം ശരീരത്തിലേക്കു ആവാഹിക്കുബോൾ അദ്ദേഹത്തിന് 42 വയസ്സാണ് പ്രായം. അന്ന് മുതൽ അദ്ദേഹത്തിന്റെ ജീവിതം ഭാഗവതിയുടെ ദാസനായി അർപ്പിക്കുകയായിരുന്നു. പിന്നീട് ഇന്നേവരെ തന്റെ ജീവിതത്തിൽ ആ ദാസന്റെ ദിന ചര്യ തന്നെ ആയിരുന്നു. വിശ്വാസത്തിൽ സത്രായിണ ഭാവമാണ് കോമരത്തിനു.. തുള്ളിയടി ഇളകിയടി കോമരം പറയുന്നത് ദേവിയുടെ കല്പനകൾ ആണ് എന്നാണ് ജനങ്ങളുടെ വിശ്വാസം. ദേവിക്ക് തങ്ങളോട് പറയാനുള്ളത് കോമരം തുള്ളി പറയുന്നതായി അവർ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കോമരത്തെ ജനങ്ങൾ കാണുന്നത് ദേവി ആയി തന്നെയാണ്.
പൂരത്തിന് പത്തു ദിവസം മുൻപ് പറ പുറപ്പെടും. വീടായ വീടുകൾ എല്ലാം താണ്ടി തെക്കുംമുറി, വടക്കും മുറി ദേശക്കാരുടെ പറ നടക്കും.പറയിൽ നിന്നുള്ള ചെറിയ വരുമാനം ആയിരുന്നു ആദ്യം ഒക്കെ ഭാസ്കരൻ നായരുടെയും കുടുംബത്തിന്റെയും പ്രധാന അത്താണി. പിന്നീട് ഇപ്പോൾ സ്ഥിരം വരുമാനം ആയി വളരെ വലുത് അല്ലെങ്കിലും ശമ്പളം ഒക്കെ ആയി കാര്യങ്ങൾ ഒക്കെ മെച്ചപ്പെട്ടു. തുച്ഛമായ ആ വരുമാനത്തിൽ നിന്ന് കൊണ്ട് അദ്ദേഹം രണ്ട് ആൺമക്കളെ പഠിപ്പിച്ചു, കുടുംബം നോക്കിയിരുന്നതും. അന്ന് അദ്ദേഹത്തിന്റെ ശമ്പളം വെറും അൻപതു രൂപ ആയിരുന്നു.
മുപ്പതു വർഷത്തെ ഉപാസനയും ജീവിതചര്യകളും ആയി ഈ പാലക്കൽ അമ്മയുടെ പ്രതി പുരുഷൻ ആയി ഭാസ്കരൻ നായർ മുന്നോട്ട് പോകുന്നു. ഭാര്യ വിജയലക്ഷ്മി വീട്ടമ്മയാണ്. രണ്ട് മക്കൾ. മൂത്തമകൻ രതീഷ് മലയാള മനോരമ സർക്കുലേഷൻ വിഭാഗത്തിൽ തൃശൂർ യൂണിറ്റിൽ ജോലി ചെയുന്നു. രണ്ടാമത്തെ മകൻ സജീഷ് ഡൽഹിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.