കോഴിക്കോട്, ഓഗസ്റ്റ് 06, 2026: ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ്, 2026 ജൂൺ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ പ്രവർത്തന ഫലങ്ങൾ പുറത്തുവിട്ടു. ലയനത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യ സാമ്പത്തിക റിപ്പോർട്ടാണിത്.
ആദ്യ പാദത്തിലെ പ്രധാന സാമ്പത്തിക വിവരങ്ങൾ (Q1 FY27):

- വരുമാനം: മുൻവർഷത്തെ അപേക്ഷിച്ച് 20% വർധിച്ച് 2,597 കോടി രൂപയായി.
- പ്രവർത്തന ലാഭം (EBITDA): 30% വളർച്ചയോടെ 576 കോടി രൂപയിലെത്തി. (കാസർകോട് യൂണിറ്റ് ഒഴിവാക്കിയാൽ 31%).
- ലാഭ വിഹിതം (EBITDA Margin): 170 ബിപിഎസ് വർധിച്ച് 22.2% ആയി.
- കാസർകോട് ആശുപത്രി: പ്രവർത്തനം തുടങ്ങി ഒമ്പതാം മാസത്തിൽ തന്നെ പ്രവർത്തന ലാഭത്തിലെത്തി എന്ന നേട്ടം കൈവരിച്ചു.
നാല് പതിറ്റാണ്ടോളം നീണ്ട യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന്റെ രൂപീകരണമെന്ന് സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ, കെയർ, കിംസ് ഇന്ത്യ, എവർകെയർ എന്നീ നാല് മുൻനിര ബ്രാൻഡുകളെ ഒരൊറ്റ ശൃംഖലയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിലൂടെ 28 നഗരങ്ങളിലായി 10,800ലധികം കിടക്കകളുള്ള കരുത്തുറ്റ പ്ലാറ്റ്‌ഫോമായി ഞങ്ങൾ മാറിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നായി മാറിയ സംയുക്ത സ്ഥാപനം, വരും വർഷങ്ങളിൽ രോഗികളെ കിടത്തി ചികിൽസിക്കുന്നതിനുള്ള കിടക്കകളുടെ എണ്ണം 15,000ത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
വലിയ സേവന ശൃംഖല, മികച്ച ചികിത്സാ വൈദഗ്ധ്യം, സമൂഹത്തിൽ വലിയ സ്വാധീനം – ഇതാണ് സ്ഥാപനത്തിന്റെ പുതിയ നയമെന്ന് ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഗവേഷണം എന്നിവയിലൂടെ ആരോഗ്യരംഗത്ത് വൻമാറ്റങ്ങൾ ആവിഷ്കരിക്കും. ‘നിങ്ങളെ ഞങ്ങൾ നന്നായി ശുശ്രൂഷിക്കും’ (‘We’ll Treat You Well’) എന്ന വാഗ്ദാനത്തോടെ, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന്റെ രൂപീകരണം രോഗികൾക്കും ഡോക്ടർമാർക്കും രാജ്യത്തെ ആരോഗ്യരംഗത്തിനാകെയും വലിയ ആവേശമാണുണ്ടാക്കിയതെന്ന് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന പറഞ്ഞു. ഈ വലിയ മാറ്റത്തെ ഉൾക്കൊള്ളുമ്പോഴും, രോഗീപരിചരണത്തിനും ചികിത്സാ മികവിനും നൽകുന്ന മുൻഗണനയിൽ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കാലയളവിൽ മാത്രം ഇൻ-പ്യേഷന്റ്, ഔട്ട്-പ്യേഷന്റ് വിഭാഗങ്ങളിലായി ആകെ 20 ലക്ഷം പേർക്ക് ചികിത്സ നൽകി. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 13% കൂടുതലാണെന്നും വരുൺ ഖന്ന പറഞ്ഞു.
ലയനത്തിന് ശേഷമുള്ള കണക്കുകൾ പ്രകാരം ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ എന്ന സംയുക്ത സ്ഥാപനം 2,597 കോടി രൂപയുടെ വരുമാനമാണ് ഈ പാദത്തിൽ നേടിയിട്ടുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് 20%ത്തിന്റെ വളർച്ചയാണിത്. പ്രവർത്തന ലാഭത്തിൽ (Operating EBITDA) ഉണ്ടായ 30 ശതമാനത്തിന്റെ വർധനവാണ് (576 കോടി രൂപ) ഈ നേട്ടത്തിന് കരുത്തേകിയത്. ഇതോടെ കമ്പനിയുടെ ലാഭവിഹിതം (EBITDA Margin) +170 ബിപിഎസ് വർധിച്ച് 22.2 ശതമാനത്തിലെത്തി. വരും മാസങ്ങളിൽ ലയനത്തിലൂടെ രൂപപ്പെട്ട ഈ വലിയ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ – പ്രധാന നേട്ടങ്ങൾ (Q1 FY27):
- വരുമാനം 22% വർധിച്ച് 1,311 കോടി രൂപയായി.
- പ്രവർത്തന ലാഭം (കാസർകോട് ഒഴികെ) 30% വർധിച്ച് 279 കോടി രൂപയായി.
- കിടത്തിച്ചികിത്സാ വിഭാഗത്തിൽ ഒരു രോഗിയിൽ നിന്നുള്ള ശരാശരി വരുമാനം (ARPP IP) 10% വർധിച്ച് 1,30,352 രൂപയായി.
- പുതിയ ആശുപത്രികളിൽ നിന്നുള്ള വരുമാനത്തിൽ 95% വർധനയുണ്ടായി.
ക്വാളിറ്റി കെയർ – പ്രധാന നേട്ടങ്ങൾ (Q1 FY27):
- വരുമാനം 19% വർധിച്ച് 1,287 കോടി രൂപയായി.
- പ്രവർത്തന ലാഭം 32% വർധിച്ച് 299 കോടി രൂപയായി.
- ചികിത്സ തേടിയെത്തിയ രോഗികളുടെ എണ്ണത്തിൽ 10% വർധനവുണ്ടായി.
- പുതിയ യൂണിറ്റുകൾ വരുമാനത്തിൽ 47% വളർച്ച രേഖപ്പെടുത്തി.
