ഈ സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക്കൈത്താങ്ങായി മലബാര്‍ മില്‍മയുടെ 49 കോടി

കോഴിക്കോട്: അധിക പാല്‍വില, കാലിത്തീറ്റ സബ്‌സിഡി എന്നീയിനത്തില്‍ ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയ സാമ്പത്തിക സഹായം 49 കോടിയിലേക്ക്. ഇന്നലെ ചേര്‍ന്ന മലബാര്‍ മേഖലായൂണിയന്‍ ഭരണ സമിതി 17 കോടിയുടെ ആനുകൂല്യങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെയാണ് ഈ റിക്കോര്‍ഡ് നേട്ടം.

അധിക പാല്‍വില, കാലിത്തീറ്റ സബ്‌സിഡി, ക്ഷീര സംഘങ്ങളിലെ കൈകാര്യ ചെലവ് എന്നീ ഇനത്തില്‍ 17 കോടി രൂപയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മലബാര്‍ മേഖലാ യൂണിയന് കീഴിലുള്ള ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളിലൂടെ 2026 ജനുവരി മാസത്തില്‍ ലഭിച്ച നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് അഞ്ച് രൂപ വീതം അധിക പാല്‍വിലയായി ലഭിക്കും.. ഈയിനത്തില്‍ ജനുവരി മാസത്തില്‍ ഡെയറിയില്‍ ലഭിച്ച 221 ലക്ഷം ലിറ്റര്‍ പാലിന് 11.6 കോടി രൂപ അധിക പാല്‍വിലയായി മലബാറിലെ ആറ് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. അധിക പാല്‍വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാര്‍ച്ച് ഒന്നു മുതല്‍ 10 വരെയുള്ള പാല്‍വിലയോടൊപ്പം നല്‍കും. സംഘം കര്‍ഷകര്‍ക്ക് കൈമാറും.

മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് മലബാര്‍ മേഖലാ യൂണിയന്‍ നല്‍കിവരുന്ന 100 രൂപ സബ്‌സിഡിയും മലബാര്‍ റൂറല്‍ ഡവലപ്പമെന്റ് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന ട്രൂമീല്‍ ടിഎംആര്‍ കാലിത്തീറ്റക്ക് കിലോയ്ക്ക് ഒരു രൂപ നിരക്കിലുള്ള സബ്‌സിഡിയും മാര്‍ച്ച് മാസത്തിലും തുടരും. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ നിലവില്‍ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ ചാക്കൊന്നിന് നല്‍കി വരുന്ന സബ്‌സിഡിയും മാര്‍ച്ചു വരെ ലഭ്യമാക്കിയിട്ടുണ്ട്. ഇതു പ്രകാരം മാര്‍ച്ച് മാസത്തിലും ഗോമതി ഗോള്‍ഡ്് കാലിത്തീറ്റക്ക് 300 രൂപ സബ്‌സിഡിയിനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കും. 1.5 കോടി രൂപ ഈയിനത്തില്‍ കര്‍ഷകര്‍കരിലെത്തിച്ചേരും.

മലബാര്‍ മേഖലാ യൂണിയന് പാല്‍ നല്‍കിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും പ്രവര്‍ത്തന ഫണ്ടിലേക്കായി 2.21 കോടി രൂപയും ക്ഷീര സംഘങ്ങളിലെ ജീവനക്കാരുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് 2 കോടി രൂപയും നല്‍കും. സംഘങ്ങളില്‍ നിന്ന് ഡെയറിയിലേക്ക് അളന്ന പാലളവിന്റെ അടിസ്ഥാനത്തില്‍ അധിക പാല്‍വിലയായി കണക്കാക്കിയായിരിക്കും ഈ തുകയും നല്‍കുക. പുതിയ പ്രഖ്യാപനത്തിലൂടെ 17 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭ്യമാവുക.

ഏഴു വര്‍ഷം മുമ്പുണ്ടായിരുന്ന വിലയേക്കാളും കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ കാലിത്തീറ്റ നല്‍കാന്‍ സബ്സിഡി വഴി സാധിച്ചിട്ടുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ അറിയിച്ചു. എഴുവര്‍ഷം മുമ്പ് 1124 രൂപയായിരുന്നു ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്കെങ്കില്‍ ഇപ്പോള്‍ അതിനേക്കാള്‍ 9 രൂപ കുറച്ച് 1115 രൂപയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാകുന്നുണ്ട്. ഇതര തീറ്റ വസ്തുക്കളായ പച്ചച്ചോളത്തണ്ട്, ചോളം സൈലേജ് എന്നിവ ആറു വര്‍ഷം മുമ്പത്തേക്കാളും കുറഞ്ഞ നിരക്കിലാണ് ഇപ്പോളും നല്‍കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച 17 കോടിയുള്‍പ്പെടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ 49 കോടിയോളം രൂപ ക്ഷീര കര്‍ഷകരിലേക്ക് എത്തിച്ചേരുമെന്ന് ഇരുവരും അറിയിച്ചു.