“മുത്തശ്ശിക്കഥയെന്ന പോലെ മലകളും ചെങ്കുത്തായ ഇറക്കങ്ങളും കടന്ന് നാലു മണിക്കൂറിലധികം നടന്നാൽ മാത്രം എത്തിച്ചേരാൻ കഴിയുന്ന, റോഡുകൾ ഒന്നുമില്ലാത്ത കാട്ടിനുള്ളിൽ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഗ്രാമം, വെള്ളഗവി…’
പറഞ്ഞു കേട്ട മുത്തശ്ശിക്കഥകളേക്കാൾ വിചിത്രമായ ഒരു ഗ്രാമം. മലകളും ചെങ്കുത്തായ ഇറക്കങ്ങളും കടന്ന് ചെന്ന് നാലുമണിക്കൂറിൽ അധികം നടന്നാൽ മാത്രം എത്തിച്ചേരാൻ പറ്റുന്ന, വീടുകളോളം അമ്പലങ്ങൾ സ്ഥിതി ചെയ്യുന്ന, സ്വന്തം ഇടങ്ങളെ പവിത്രമായി കാണുന്നതുകൊണ്ട് ആരും ചെരുപ്പുകൾ ഉപയോഗിക്കാത്ത, റോഡുകളോ മറ്റു ഗതാഗത സംവിധാനങ്ങളോ ഒന്നും തന്നെയില്ലാത്ത, ഗ്രാമവാസികൾ നടന്നുമാത്രം എത്തിപ്പെടുന്ന തമിഴ്നാട്ടിലെ കാട്ടിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ‘വെള്ളഗവി’.
കൊടൈക്കനാലിലെ ഡോൾഫിൻ നോസിൽ നിന്നുള്ള ചെങ്കുത്തായ ഇറക്കങ്ങളിലൂടെയാണ് വെള്ളഗവിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ആകാശങ്ങളിലേക്ക് ഉയർന്നുനിൽക്കുന്ന പൈൻ മരങ്ങളും കടന്ന് നാലുമണിക്കൂറിലധികം നീളുന്ന പദയാത്ര. പൂർണ്ണമായും ട്രക്കിംഗ് ആസ്വാദകർക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള വീതി കുറഞ്ഞതും ചെങ്കുത്തായതുമായ വഴികൾ. വഴിയുടെ ഇരുവശവും ഇടതൂർന്ന കാടുകളാണ്. വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും മാറിമാറി വന്നുകൊണ്ടേയിരിക്കും. ഇടയ്ക്കിടെ തലയിൽ ചുമടുമായി കാലിൽ ചെരിപ്പില്ലാതെ ചില ഗ്രാമവാസികൾ വഴിയിൽ അങ്ങിങ്ങായി കുശലമന്വേഷിച്ചുകൊണ്ടിരിക്കും. അങ്ങനെ മൂന്ന് വലിയ മലനിരകൾ നടന്നുകഴിഞ്ഞാൽ വെള്ളഗവിയിലെത്താം.
വെള്ളഗവിയിൽ നമ്മെ സ്വാഗതം ചെയ്യാനെന്നവണ്ണം ആദ്യമുള്ളത് ഒരു കോവിലാണ്. ഇവിടെനിന്നങ്ങോട്ട് ചെരുപ്പിന് പ്രവേശനമില്ല. 120 കുടുംബങ്ങളിലായി 436 പേരാണ് നിലവിൽ വെള്ളഗവിയിലെ താമസക്കാർ. 24 അമ്പലങ്ങളുള്ള ഈ ഗ്രാമത്തിൽ 54 വിശേഷ ദിവസങ്ങളുണ്ട്. ദൈവവും വിശ്വാസികളും ഒരേ സ്ഥലത്ത് വസിക്കുന്നതുകൊണ്ടുതന്നെ ഇവിടം പുണ്യഭൂമിയായി കാണുന്നെന്നും ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ഇട്ട് കയറാൻ പാടില്ലാത്തതുപോലെ ഈ പുണ്യഭൂമിയിലും ചെരിപ്പ് ഉപയോഗിക്കാൻ പാടില്ലന്നുമാണ് ഇവിടത്തുകാർ വിശ്വസിക്കുന്നത്.
ഏകദേശം 300 വർഷത്തോളം പഴക്കമുണ്ട് ഈ ഗ്രാമത്തിന്. ബ്രിട്ടീഷ് ഭരണകാലത്ത് കൊടൈക്കനാൽ കണ്ടുപിടിക്കുന്നതിനു മുന്നേതന്നെ വെള്ളഗവിയിൽ താമസം ആരംഭിച്ചിരുന്നു. ബ്രിട്ടീഷുകാർ ഇതുവഴിയാണ് കൊടൈക്കനാലിലേക്ക് പോയതെന്നും ടിപ്പുസുൽത്താന്റെ കാലത്താണ് ഒരുകൂട്ടം ജനങ്ങൾ ഗ്രാമത്തിൽ താമസം തുടങ്ങിയതെന്നും അങ്ങനെയാണ് ഇതൊരു ഗ്രാമമായി വികസിച്ചതെന്നും പറയപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു ഗ്രാമം എങ്ങനെയാണ് ഉണ്ടായിരിക്കുന്നത്, അതുപോലെതന്നെയാണ് വെള്ളഗവി ഇന്നും നിലനിൽക്കുന്നത്. തെരുവുകളില്ലാത്ത, ആശുപത്രികളില്ലാത്ത, ഒരു പലചരക്കുകടയും ഒരു ചായക്കടയും മാത്രമുള്ള ഗ്രാമത്തിൽ കുട്ടികളുടെ പഠനത്തിന് അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ മാത്രമാണുള്ളത്. ഇവിടെയുള്ള അധ്യാപകർ പെരിയകുളത്തുനിന്നും കൊടൈക്കനാലിൽനിന്നും ഉള്ളവരാണ്. കൂടാതെ വെള്ളഗവിക്കു സ്വന്തമായി ഒരു പോസ്റ്റ് ഓഫീസുമുണ്ട്. വെള്ളഗവിക്കാരനായ പോസ്റ്റ്മാൻ ദിവസവും ഇവിടുന്ന് കത്തുകളുമായി കൊടൈക്കനാലിലേക്കും തിരിച്ച് ഈ ഗ്രാമത്തിലേക്കും യാത്ര ചെയ്യുന്നു. വെള്ളഗവിയിലെ വിദ്യാർത്ഥികളിൽ ചിലർ ഉപരിപഠനത്തിനായി ഗ്രാമത്തിന് പുറത്ത് പോകുന്നുണ്ട്. എന്നാൽ പലരും അഞ്ചാം ക്ലാസോടെ പഠനം നിർത്തിയവരാണ്. എന്നാൽ ഇതിൽ ചില നല്ല മാറ്റങ്ങൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നു എന്നും ഇവിടത്തുകാർ പറയുന്നു.
നിരനിരയായാണ് വെള്ളഗവിയിലെ ഒട്ടുമിക്ക വീടുകളും. പച്ചയും നീലയും ചുവപ്പും മഞ്ഞയും കലർന്ന വീടുകളുടെ ഇടവഴികൾ എല്ലാം തന്നെ സിമന്റ് കൊണ്ട് വൃത്തിയാക്കി, മുഖത്തോട് മുഖം നോക്കിനിൽക്കുന്ന മുറ്റങ്ങളിൽ വളരെ മനോഹരമായ കോലങ്ങളും വരച്ചിട്ടുണ്ട്.
ഗ്രാമവീഥികളിൽ തങ്ങളുടെ നാടിനെ അറിയാനും കാണാനുമായി എത്തുന്ന അതിഥികളെ പുഞ്ചിരിയോടെയല്ലാതെ ഇവിടത്തുകാർ വരവേൽക്കാറില്ല. ആതിഥേയ മര്യാദയുടെ കാര്യത്തിലും വെള്ളഗവിക്കാർ ഒരുപടി മുകളിലാണ്. ഒരാളെയും വിശന്നിരിക്കാൻ ഇവർ അനുവദിക്കില്ല. ഓരോ വീടുകളിൽനിന്നും അവർ നിങ്ങളെ ഭക്ഷണം കഴിക്കാനായി വിളിച്ചുകൊണ്ടേയിരിക്കും.
കൃഷിയും ആടുവളർത്തലുമാണ് വെള്ളഗവിക്കാരുടെ പ്രധാന വരുമാനമാർഗ്ഗം. ഓറഞ്ചും നാരങ്ങയും അവക്കാഡോയും കൂടാതെ ഏലവും ഇഞ്ചിയും വിളയിക്കുന്നുണ്ടിവർ. ഇടക്കിടെ വരുന്ന സഞ്ചാരികൾക്കായി ഇപ്പോൾ ഒരു ക്യാമ്പ് സെറ്റപ്പും ഒരുക്കി വെച്ചിട്ടുണ്ട്. പലചരക്കുകൾ ടൗണിൽനിന്ന് കൊണ്ടുവരാനും ഗ്രാമത്തിലെ കൃഷിവിളകൾ പുറംനാട്ടിലേക്ക് എത്തിക്കാനും കഴുതകളെയാണ് ആശ്രയിക്കുന്നത്. കൂടാതെ അത്യാവശ്യഘട്ടങ്ങളിലെ യാത്രകൾക്ക് ചിലർക്ക് കുതിരകളുമുണ്ട്.
സർക്കാരിന്റെ ധനസഹായത്തോടെ നിർമിച്ചവയാണ് വെള്ളഗവിയിലെ വീടുകൾ. ഗ്രാമത്തിലേക്കുള്ള കുടിവെള്ളം വട്ടക്കനാലിൽനിന്നും പൈപ്പ് വഴിയാണ് എത്തിക്കുന്നത്. ഇവിടേക്കുള്ള ഗതാഗത മാർഗ്ഗത്തിനായി സ്വന്തമായി പണം സ്വരൂപിച്ച് പ്രവർത്തനങ്ങൾ തുടങ്ങാൻ ശ്രമിച്ചെങ്കിലും എങ്ങുമെത്താതെ നിൽക്കുകയാണ്. സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും ശ്രദ്ധ തങ്ങളുടെ ഗതാഗത സൗകര്യങ്ങൾക്കുമേൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ കഴിയുകയാണ് വെള്ളഗവിക്കാർ.
കാര്യമായ സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും വളരെ സന്തോഷത്തോടെയും സ്‌നേഹത്തോടെയും പരസ്പരം പങ്കുവയ്ക്കലിലൂടെയും സമൃദ്ധിയോടെ കഴിയുകയാണിവർ.
നമ്മെ അറിയാത്ത, നമുക്കറിയാത്ത, ഒറ്റ ദിവസത്തെ പരിചയംകൊണ്ട് മാത്രമുള്ള ഇവരുടെ സ്നേഹബന്ധം മനസ്സിലാക്കാൻ, ഇവരുടെ സ്വപ്‌നങ്ങൾ നമ്മുടേത് കൂടിയാകാൻ നിങ്ങൾ തയ്യാറാണെങ്കിൽ മികച്ച ട്രക്കിംഗ് അനുഭവത്തിനും അതിലേറെയുള്ള ജീവിതാനുഭവത്തിനും വേണ്ടി നിങ്ങൾക്ക് ബാഗ് പാക്ക്ചെയ്യാം, വെള്ളഗവിയിലേക്ക്.
ARUN MUZHAKKUNNU