ഉറുമ്പുകളുടെ അധിനിവേശത്തിൽ സ്വന്തം നാടും വീടും വിട്ട് പാലായനം ചെയ്യപ്പെടേണ്ടിവന്ന ഒരു ജനത

ഉറുമ്പ് കയ്യടക്കിയ ഗ്രാമങ്ങളെ പറ്റിക്കേട്ടിട്ടുണ്ടോ? ഉറുമ്പുകളുടെ കടന്നാക്രമണത്തിൽ പാലായനം ചെയ്യപ്പെടേണ്ടി വന്ന ഒരു കൂട്ടം ജനതയെ പറ്റികേട്ടിട്ടുണ്ടോ?… അനിമേറ്റഡ് സിനിമയിലെ കഥയല്ലിത്. ഉറുമ്പുകൾക്ക് മുന്നിൽ മറ്റൊരു മാർഗവും ഇല്ലാതെ സ്വന്തം നാടും വീടും ഉപേക്ഷിച്ചു പോയ ഒരു ജനതയുണ്ട്. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ കാരന്തു മലയുടെ താഴ് വാര ഗ്രാമങ്ങളായ വേലായുധം പെട്ടി, നതം, ഗോപാൽ പെട്ടി തുടങ്ങിയ ഗ്രാമത്തിലെ ജനങ്ങളാണ് നിരുപദ്രവകാരി എന്ന് നാം വിശേഷിപ്പിക്കുന്ന ചോണൻ ഉറുമ്പുകളുടെ കടന്നാക്രമണത്തിൽ പാലായനം ചെയ്യപ്പെട്ടു പോയവർ.
മനുഷ്യവാസം ഉള്ളിടങ്ങളിൽ ഉറുമ്പുകൾ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാൽ ഇത് ആയിരമോ പതിനായിരമോ അല്ല എണ്ണിയാൽ ഒടുങ്ങാത്ത അത്രയും ഉറുമ്പുകളാണ് കാരന്തു മലയിൽ നിന്നും താഴെയുള്ള ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നത്. ചോണനുറുമ്പുകൾ കടിക്കാറില്ല പക്ഷേ കാരന്തു മലയുടെ താഴെയുള്ള ഗ്രാമങ്ങളിലെ ജനങ്ങളുടെ കാലുകളിൽ വ്രണങ്ങളാണ്. ആട് കൃഷികൊണ്ട് ഉപജീവനം നടത്തുന്നവരുടെ പല ആളുകളുടെയും കണ്ണിന്റെ കാഴ്ചകൾ നഷ്ടപ്പെട്ടിരിക്കുന്നു. ഗ്രാമത്തിലെ പല നായ്ക്കളുടെയും ദേഹത്ത് ഉറുമ്പിനാൽ മുറിവ് ഉണ്ടാവുകയും അത് വ്രണമായി രൂപാന്തരം പ്രാപിച്ചിരിക്കുകയും ചെയ് തിട്ടുണ്ട്. പുതുതായി ജനിച്ച ആട്ടിൻകുട്ടികളിലെ ശ്രദ്ധ ഒന്നു മാറിയാൽ അവയും മരണപ്പെട്ടേക്കാം. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും എല്ലാം സത്യമാണ്.

മലയിൽ നിന്നും നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ ഉറുമ്പുകൾ പെരുകി താഴെയുള്ള ഗ്രാമങ്ങളെ മുഴുവനായി ആക്രമിച്ചിരിക്കുകയാണ്. ആ ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു ജനതയുടെ ഒട്ടാകെയുള്ള പ്രതീക്ഷകളാണ് ഈ അധിനിവേശം മൂലം തകർത്തെറിയപ്പെട്ടത്.

പുളിമരം കൊണ്ട് തണൽ വിരിച്ച പച്ചപ്പുള്ള ഇടയിൽ ചെറു വീടുകൾ നിറഞ്ഞ ഈ ഗ്രാമങ്ങളിൽ ഏഴു വർഷങ്ങൾക്കു മുൻപാണ് ഉറുമ്പുകൾ ഇതുപോലെ കൂട്ടമായി കാണപ്പെടാൻ തുടങ്ങിയത്. പ്രധാനമായും പയറുവർഗങ്ങൾ കൃഷി ചെയ്തുവരുന്ന ഗ്രാമങ്ങളായിരുന്നു ഇവയൊക്കെ. അതിനോടൊപ്പം പശു ആട് കോഴി മുതലായവയും ധാരാളം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ പ്രദേശം കൃഷി ചെയ്യാൻ ആകാതെ തരിശായി മാറിയിരിക്കുകയാണ്. ഈ പ്രദേശം വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയ കർഷകരിൽ ചിലർ രാവിലെ ആടുമാടുകളെയും കൊണ്ട് ഈ സ്ഥലങ്ങളിലേക്ക് വരികയും വൈകുന്നേരം ആകുമ്പോഴേക്കും അവയെല്ലാം ഒന്നിച്ചു കൂട്ടി തിരികെ പോവുകയും ചെയ്യും. എന്തെന്നാൽ വെയിൽ ചായുന്ന സമയങ്ങളിലാണ് ഉറുമ്പുകളുടെ കൂട്ടത്തോടെയുള്ള അധിനിവേശം ആരംഭിക്കുന്നത്. അത് പിറ്റേന്ന് രാവിലെ 9,10 മണി വരെ നീളും.

കടിക്കാത്ത ഉറുമ്പാണ് പക്ഷേ അരിച്ചുകയറുമ്പോൾ തട്ടിക്കളയും, അപ്പോഴുള്ള ഉരസലിൽ അതിന്റെ ശരീരത്തിലെ ദ്രവം ( ഫോമിക് ആസിഡ് ) നമ്മുടെ ശരീരത്തിലും പറ്റി പിടിക്കും അതിനെ തുടർന്ന് കാലിൽ മുറിവ് വരികയും അത് വ്രണമായി മാറുകയും ചെയ്യും. ഭക്ഷണപദാർത്ഥങ്ങൾ ഒന്നും തന്നെ ഈ പ്രദേശത്തുനിന്ന് ഉണ്ടാക്കുവാനോ കഴിക്കാനോ കഴിയുന്ന സാഹചര്യമില്ല. കാട്ടിനോട് അടുത്ത പ്രദേശമായിരുന്നതിനാൽ കാട്ടുപോത്ത് കുരങ്ങൻ പാമ്പ് തുടങ്ങിവ കയറി വരുന്ന പ്രദേശമായിരുന്നു എന്നും എന്നാൽ ഇന്ന് ഉറുമ്പിനെ പേടിച്ച് യാതൊന്നും ആ വഴി വന്നു നോക്കാറ് പോലും ഇല്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.

ഇവിടെ ആട്ടിൻ കുട്ടികൾ ജനിക്കുമ്പോൾ സൂക്ഷിച്ചു നോക്കി നിന്നില്ലെങ്കിൽ മിനുട്ടുകൾക്കകം തന്നെ ഉറുമ്പുകൾ അവയെ ആക്രമിക്കുകയും ചിലപ്പോൾ അത് മരണപ്പെടുകയും ചെയ്യും. പല ആടുകളുടെയും കണ്ണുകൾ ഇങ്ങനെ ഉറുമ്പ് ആക്രമണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഏഴു വർഷമായി തുടരുന്ന ഉറുമ്പുകളുടെ ഈ അധിനിവേശത്തിന് കൃത്യമായ കാരണങ്ങൾ കണ്ടെത്താനോ എന്താണ് പരിഹാരം എന്ന് മനസ്സിലാക്കാനോ ഇതുവരെ ഇവർക്ക് സാധിച്ചിട്ടില്ല.
ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ട് മനസ്സിലാക്കാതെ കലക്ടർ ഗ്രാമത്തിലേക്കുള്ള വഴിയിൽ നിന്ന് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ഒരു പരിഹാരം കണ്ടെത്തുന്നില്ല എന്നുംമാണ് ഒരു നാട്ടുകാരന്റെ ദയനീയമായ മറുപടി.

ഉറുമ്പിനെ പ്രതിരോധിക്കാനായി നാട്ടുകാർ ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. കേരളത്തിൽനിന്ന് ലഭിക്കുന്ന തരത്തിലുള്ള ഡിഡിറ്റി പൊടികൾ അവർ ഉറുമ്പുകളെ കാണുന്നിടത്തെല്ലാം വിതറുന്നുണ്ട്. അത് വിതറി കഴിഞ്ഞാൽ ഒന്ന് രണ്ട് ദിവസത്തേക്ക് വലിയ ശല്യം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്ന് കൂടുതൽ ഡിഡിറ്റി പൊടികൾ കിട്ടിയാൽ വലിയ ഉപകാരം എന്നാണ് അവർ പറഞത്. കൃത്യമായ പ്രതിരോധ മാർഗങ്ങൾ ഒന്നും സർക്കാരിന്റെ ചിലവിൽ ഈ ഗ്രാമീണർക്ക് ലഭിക്കുന്നില്ല എന്നാണ് പറഞ്ഞപ്പോൾ മനസ്സിലായത്.

അനിമേറ്റഡ് സിനിമകളിൽ കണ്ടതും കഥകളിൽ വായിച്ചതുമായ ഒരു ഗ്രാമം കീഴടക്കി മനുഷ്യരെ തുരുത്തിയോടിച്ച് ഹീറോ ആയ ഉറുമ്പുകളുടെ കഥയല്ലിത്. ഇനിയൊരു പുനർജീവിതം സ്വപ്നം കണ്ടു കൊണ്ട് കഴിയുന്ന കൃഷിയില്ലാതെ പട്ടിണിയിലേക്ക് പോകുന്ന ഒരു കൂട്ടം ജനതയുടെ നിസ്സഹായമായ പച്ചയായ യാഥാർത്ഥ്യങ്ങളാണ്..