വിജ്ഞാനമാണ് ദൈവം’. ‘വിശാലചിന്തയും വിചിന്തന ബോധവുമാണ് മതം’.
‘ വിനയമാര്‍ന്ന വിവേകമാണ് വഴി’. ഒരു ദേവാലയത്തിലെ ആപ്തവാക്യങ്ങളാണിവ. പുസ്തക പ്രതിഷ്ഠയുള്ള ദേവാലയം, കേള്‍ക്കുമ്പോള്‍ പുതുമ തോന്നുമെങ്കിലും അങ്ങനെയൊരു ദേവാലയം കൂടിയുണ്ട്. പുസ്തകത്തെ പ്രതിഷ്ഠിച്ചും അറിവിനെ ആരാധിച്ചും വ്യത്യസ്തമാവുകയാണ് കണ്ണൂര്‍ ജില്ലയിലെ മലയോര നഗരമായ ചെറുപുഴക്കു സമീപമുള്ള പ്രാപൊയില്‍, കക്കോട് കിഴക്കേക്കരയിലെ നവപുരം മതാതീത (ഗ്രന്ഥ ക്ഷേത്രം)ദേവാലയം. ആദി ഭാഷാ കവിയായ ചെറുശ്ശേരിയുടെ സ്മരണയ്ക്കു വേണ്ടി നിര്‍മ്മിച്ച ചെറുശ്ശേരി ഗ്രാമത്തിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. പൂജാരിയില്ലാത്ത ഈ ദേവാലയത്തിലെ പ്രസാദവും വഴിപാടും പുസ്തകങ്ങളാണ്. വര്‍ഷത്തിലൊരിക്കല്‍ ദിവസങ്ങള്‍ നീളുന്ന വിവിധ പരിപാടികള്‍ ദേവാലയ മഹോല്‍സവമായി കൊണ്ടാടുന്നു. ഉത്സവ നാളുകളില്‍ പല ദേശങ്ങളിലെ പല ഭാഷകള്‍ സംസാരിക്കുന്ന സാധാരണക്കാരും വിശിഷ്ട വ്യക്തികളും എഴുത്തുകാരും അധ്യാപകരും ചിന്തകരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ഇവിടെ എത്തിച്ചേരുന്നു.
ഉത്സവ നാളുകള്‍ വ്യത്യസ്ത പരിപാടികളാല്‍ സമ്പന്നമാണ്. കല, നൃത്തം, നാടന്‍ കലാരൂപങ്ങള്‍, അനുഷ്ഠാന കലകള്‍, പ്രഭാഷണങ്ങള്‍, സാഹിത്യ സെമിനാറുകള്‍, സംവാദങ്ങള്‍, അനുമോദനങ്ങള്‍, ആദരിക്കല്‍, പുസ്തക പ്രകാശനം, പുസ്തക ചര്‍ച്ച, കവിയരങ്ങ്, കഥകള്‍ അവതരിപ്പിക്കല്‍ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി പരിപാടികളാല്‍ ധന്യമാക്കുന്നു. സാധാരണ ഉല്‍സവങ്ങളെപ്പോലെ കൊടിയേറ്റവും കൊടിയിറക്കവും ഇവിടെയും കാണാം. ദേവാലയത്തില്‍ വിദ്യാരംഭ ചടങ്ങുകളും നടത്താറുണ്ട്.
പ്രാപൊയില്‍ നാരായണന്‍ മാസ്റ്ററാണ് നവപുരം ദേവാലയത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മഹത്തായ ആശയം ഈ ദേവാലയ നിര്‍മ്മിതിയിലൂടെ സാക്ഷാത്ക്കരിച്ചുവെന്നു തന്നെ പറയാം. മതാതീതമായ കാഴ്ചപ്പാടില്‍ എല്ലാവരെയും ഉള്‍ക്കൊണ്ട് ആരെയും മാറ്റി നിര്‍ത്താതെ ജ്ഞാന വഴിയിലേക്കുള്ള വെളിച്ചമാണ് നാരായണന്‍ മാസ്റ്റര്‍ കാട്ടിത്തന്നത്. ജാതി, മത, ദേശ, ഭാഷ ഭേദങ്ങളില്ലാതെ സര്‍വ്വര്‍ക്കും ഒത്തുകൂടാവുന്ന, സ്വതന്ത്രമായി മനസ്സു തുറക്കാവുന്ന ഒരിടം. എല്ലാവരെയും സ്‌നേഹിക്കുവാനും സൗഹൃദമുണ്ടാക്കുവാനും കലയേയും സാഹിത്യത്തേയും സംസ്‌ക്കാരത്തേയും നെഞ്ചോടു ചേര്‍ത്ത് പ്രണയിക്കുന്നവര്‍ക്കുള്ള ആശ്രയ കേന്ദ്രമാകുവാനും നവപുരം ദേവാലയത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. സ്വന്തം ജീവിതം നാടിനും കാലത്തിനും സമര്‍പ്പിച്ച് ലോകത്തെ അറിവിലേക്കും സംസ്‌ക്കാരത്തിന്റെ ഉത്സവങ്ങളിലേക്കും നയിക്കുന്ന മാഷിന്റെ ശ്രമങ്ങള്‍ ഏറെ പ്രശംസനീയമാണ്. മാഷുടെ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അവ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ‘വെളിച്ചം യാതൊന്നിന്റെയും ശത്രുവല്ല. വെളിച്ചത്തില്‍ വെളിപ്പെടുന്നവയില്‍ കാലാനുസരിയല്ലാത്തവയെ കാലാനുസരിയാക്കാനുള്ള ഊര്‍ജ്ജത്തിന്റെ ഉള്‍പ്രേരകം കൂടി അവയില്‍ അടങ്ങുന്നു എന്നേയുള്ളൂ’. ഈ വെളിച്ചമാണ് മതമെന്നും ഇതാണ് മതാതീത ഭാവമെന്നും ഇതാണ് മതാതീത സഞ്ചാരമാര്‍ഗ്ഗങ്ങളെ ദീപ്തമാക്കുന്ന ഉണര്‍വ്വെന്നും നാരായണന്‍ മാഷ് ഉറപ്പിച്ചു പറയുന്നു.
വൈവിധ്യങ്ങളെ സ്വീകരിച്ചും അറിവിനെ ആരാധിച്ചും വൈജ്ഞാനിക ശ്രമങ്ങളെ നിന്ദിക്കാതെയും സ്‌നേഹ സൗഹൃദങ്ങളോടെ ലോക സാഹോദര്യ ദര്‍ശനത്തോടെ അവയെ വിചിന്തനം ചെയ്യണമെന്ന കാഴ്ചപ്പാടും അദ്ദേഹം മുന്നോട്ടു വെക്കുന്നു.
പ്രാപ്പൊയിലിലെ കുന്നിന്‍ ചെരുവില്‍ പച്ചപ്പു വിരിച്ച പ്രകൃതി രമണീയ കാഴ്ചകള്‍ക്കിടയിലെ നവപുരം മതാതീത ദേവാലയം വേറിട്ട കാഴ്ച തന്നെയാണ്. പ്രകൃതിയുടെ മടിത്തട്ടില്‍ നല്ല കാറ്റും തണുപ്പുമേകുന്ന പ്രശാന്ത സുന്ദര ഭൂമിയില്‍, കൃഷിത്തോട്ടങ്ങള്‍ക്കിടയിലെ ദേവാലയം ഏറെ അത്ഭുതപ്പെടുത്തുന്നു. ആനയുടെ രൂപ സാദൃശ്യമുള്ള കരിങ്കല്‍ പാറയുടെ മുകളിലായാണ് പുസ്തക പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ആദ്യം കാണുന്ന കെട്ടിടം ലൈബ്രറിയാണ്. അതു കടന്ന് കോവണി കയറി കരിങ്കല്‍ പാറയുടെ മുകളിലെത്താം. പുസ്തക പ്രതിഷ്ഠയുടേയും ചുറ്റുവട്ടത്തേയും മനോഹര കാഴ്ചകള്‍ പാറ മുകളില്‍ നിന്നും ആസ്വദിക്കാം. ലൈബ്രറിയുടെ ഒരു വശത്തായി ചെറുശ്ശേരിയുടെ പ്രതിമയും തൊട്ടു താഴെയായി ഒരു ഗുഹയില്‍ ബുദ്ധ പ്രതിമയും കാണാം. ലൈബ്രറിയുടെ തൊട്ടു മുകളിലായി ചെറിയൊരു വീടുണ്ട്. വീടിനു മുന്നിലാണ് സ്റ്റേജും മറ്റും ഒരുക്കിയിട്ടുള്ളത്. ദേവാലയ ഉത്സവനാളുകളില്‍ ഇവിടെ സാഹിത്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ സംഗമിക്കുന്നു.
ഉല്‍സവ ദിവസങ്ങളില്‍ താമസ ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാറുണ്ട്. നവീന ആശയങ്ങളുമായി മുന്നേറുന്ന നവപുരം മതാതീത ദേവാലയത്തിലേക്ക് കണ്ണൂരില്‍ നിന്ന് 64 കിലോമീറ്ററും കാസറഗോഡു നിന്നും 75 കിലോമീറ്ററും ദൂരമാണുള്ളത്.
അരുൺ മുഴക്കുന്ന്