ന്യൂഡൽഹി: പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുമെന്ന് സൂചനകള്‍.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇടത്തരം വരുമാനക്കാര്‍ക്ക് ഏറെ ആശ്വസം നല്‍കുന്നതാകും ഈ നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഉപഭോഗത്തില്‍ വലിയ വര്‍ധനക്കും ഇത് സഹായിക്കും. നിലവിലുള്ള ഉയര്‍ന്ന നികുതികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ആദായ നികുതിയിളവ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ലക്ഷക്കണക്കിന് നികുതിദായകര്‍ക്ക്, പ്രത്യേകിച്ച് ഉയര്‍ന്ന ജീവിതച്ചെലവ് അനുഭവിക്കുന്ന നഗരവാസികള്‍ക്ക് ഇത്തരമൊരു ഇളവ് ആശ്വാസമാകും. 2020 ലെ നികുതി സമ്ബ്രദായത്തിലേക്ക് മാറുന്നവര്‍ക്ക് നികുതിയിനത്തില്‍ വലിയ തുക ലാഭിക്കും. ഈ രീതി അനുസരിച്ച് മൂന്നു ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് അഞ്ച് മുതല്‍ 20 ശതമാനം വരെയാണ് ആദായ നികുതി നല്‍കേണ്ടി വരുന്നത്.
പഴയ രീതിയെ അപേക്ഷിച്ച് വീട്ടു വാടക, ഇന്‍ഷുറന്‍സ് തുടങ്ങിയ ഇളവുകള്‍ പുതിയതില്‍ ലഭിക്കില്ല. നികുതി ഇളവ് നല്‍കുന്നതോടെ കൂടുതല്‍ പേര്‍ പുതിയ രീതിയിലേക്ക് മാറുമെന്നും ധനകാര്യ വകുപ്പ് കണക്കു കൂട്ടുന്നുണ്ട്. നിലവില്‍ അഞ്ച് നികുതി സ്ലാബുകളാണുള്ളത്. മൂന്നു ലക്ഷം രൂപവരെ നികുതിയില്ല. മൂന്ന് മുതല്‍ ഏഴ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതി. ഏഴ് മുതല്‍ 10 ലക്ഷം വരെ 10 ശതമാനവും 10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും നികുതി നല്‍കണം.