‘തീവ്രമായ മനുഷ്യത്വമുള്ളവനാണ് കലാകാരൻ’എന്ന് കേട്ടും വായിച്ചും ശീലിച്ചത് ലോഹി സാറിൽ (എ. കെ ലോഹിതദാസ് )നിന്നാണ്. കേട്ടറിഞ്ഞ നാൾ മുതൽ പറഞ്ഞും പരിശീലിച്ചും കരളിൽ ആഴത്തിൽ സ്വയം പതിച്ചു വെച്ച ആ മഹദ്വചനത്തിന് ഒരാൾരൂപം മുഖദാവിൽ കാണാൻ വർഷങ്ങൾക്കിപ്പുറം ഒരു അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ പരിചയപ്പെടേണ്ടി വന്നു, അടുത്തറിയേണ്ടി വന്നു.
ഇപ്പോൾ കോഴിക്കോട് ഫറോക്ക് അസിസ്റ്റന്റ് പോലീസ് കമ്മിഷണറായി ഔദ്യോഗിക ജീവിതം നയിക്കുന്ന എ.എം സിദ്ധിഖ് എന്ന പച്ചയായ മനുഷ്യനോടൊത്തു ചിലവഴിച്ച ഓരോ നിമിഷവും കാലത്തിനും കൈകൾക്കും മായ്ക്കാനാവാത്ത വിധം നെഞ്ചിലും കല്ലിലും കുറിച്ചിടപ്പെടേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞതത്രയും മനുഷ്യത്വരാഹിത്യത്തിന്റെ കാലത്ത് മനുഷ്യനാവേണ്ടതിനെ കുറിച്ചാണ്. ഔദ്യോഗിക ജീവിതത്തിൽ കണ്ടും കേട്ടും അറിഞ്ഞ ജീവിതസാക്ഷ്യങ്ങൾ ഈ പോലീസുക്കാരനെ കൂടുതൽ കൂടുതൽ മനുഷ്യനാവാനാണ് ശീലിപ്പിച്ചതെന്ന് അദ്ദേഹത്തെ കേട്ടു കൊണ്ടിരിക്കുന്ന ഓരോ നിമിഷവും ബോധ്യപ്പെടുകയായിരുന്നു.
ഞങ്ങൾ, കാണാൻ പോയത് പക്ഷെ പോലീസ് ജീവിതത്തിന്റെ കാണാപ്പുറങ്ങളോ,എഴുതാപ്പുറങ്ങളോ അറിയാനായിരുന്നില്ലല്ലോ. അങ്ങിനെയായിരുന്നുവെങ്കിൽ, ഊണുപേക്ഷിച്ചും ഉറക്കമൊഴിഞ്ഞും എഴുതിയാലൊടുങ്ങാത്ത, കാല്പനികതകൾ തൊട്ടു തീണ്ടിയിട്ടില്ലാത്തൊരു മഹാകാവ്യം ചമയ്ക്കാൻ ഏറെ വിനാഴികകളൊന്നും വേണ്ടി വരില്ലെന്ന് തീർച്ചയാണ്. അത്രയേറെ വിഭവങ്ങൾ ഒന്നിച്ചിരുന്ന ഒരൊറ്റ മണിക്കൂറിനുള്ളിൽ പറഞ്ഞു തീർത്തിട്ടുണ്ട്,അദ്ദേഹം.
കാണേണ്ടത്,
രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമിച്ച് ശ്രീനാഥ് ഭാസി നായകനായെത്തുന്ന എൽ. എൽ. ബി എന്ന സിനിമയുടെ സംവിധായകനെയാണ്.
അറിയേണ്ടത്,
ഔദ്യോഗിക ജീവിതത്തിന്റെ തിരക്ക് പിടിച്ച ഓട്ടത്തിന്നിടയിലും ആത്മാർത്ഥമായി മാത്രം കൃത്യനിർവഹണം നടത്തി പദവികൾ ഒന്നൊന്നായി കയറി ചെല്ലുമ്പോഴും വറ്റാത്തോരായിരം കഥകളും കലയും കാത്തു സൂക്ഷിച്ച്,ആ ജീവിതരസങ്ങളുടെ സാക്ഷാൽക്കാരത്തിന്റെ വഴിയാത്രയെ കുറിച്ചാണ്.
പറഞ്ഞു തുടങ്ങുമ്പോൾ അദ്ദേഹവും വാചാലനാവുന്നു.
സിനിമ കാണുന്നതിന് തന്നെയും വിലക്കുകൾ ഏറെ കൽപ്പിച്ച, തീർത്തും യാഥാസ്ഥിതരായ മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാൾ ഇന്ന് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചുവെങ്കിൽ, എന്തും കൈകുമ്പിളിൽ കോരാമെന്ന് അതിരു കടന്ന ആത്മവിശ്വാസമുള്ള ഞാനടക്കമുള്ള ഇന്നത്തെ തലമുറയ്ക്ക്,അയാൾ ഉള്ളേറ്റിയ ഒരു സ്വപ്നത്തിന്റെ ആഴവും പരപ്പും അനുഭവേദ്യമാകാൻ ഈ വരമൊഴികൾ തികയാതെ പോരും.
ആണ്ടിലൊരു രണ്ടു പ്രാവശ്യം മാത്രമാണ്, സിനിമ കാണാൻ അനുവാദമുള്ളത്. രണ്ടു പെരുന്നാളുകൾക്ക്. കാണാൻ അനുവാദമുണ്ടെന്നു പറയുമ്പോൾ,പുത്തനുടുപ്പിട്ട് ആർമാദിപ്പോടെ ആളാരവങ്ങളായി കുടുംബസമേതം കൊട്ടകകളിൽ പോകുമെന്നല്ല, അന്നേ ദിവസങ്ങളിൽ ഇളമുറക്കാർ സിനിമക്ക് പോയിട്ടുണ്ട് എന്നറിഞ്ഞാൽ വീട്ടിൽ വഴക്ക് പറയില്ല എന്നത് മാത്രമാണ് കല്പിച്ചനുവദിച്ച ആനുകൂല്യം.
അങ്ങനെ ഒരാനുകൂല്യം അനുവദിച്ചു കിട്ടിയ ആ കാലത്തും പിന്നീട് വളർച്ചയുടെ ഓരോ ഘട്ടത്തിലും സിനിമ എന്നാൽ, മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പർ താരങ്ങളിൽ ഒരാളായ മമ്മൂട്ടി ചിത്രങ്ങൾ ആയിരുന്നു.തന്നോടൊപ്പം ആ ഇഷ്ടവും ആദരവും വളരുന്നുണ്ടായിരുന്നു.ഇഷ്ടം പിന്നീട് അടുത്ത് കാണാനും പരിചയപ്പെടാനുമുള്ള അദമ്യമായ ഒരു മോഹമായി വളരുകയായിരുന്നു.ഒടുങ്ങാത്ത ആ മോഹമാണ് തന്നെ ഒരു സിനിമാക്കാരനാക്കിയതിനു പിന്നിലുള്ള ചേതോവികാരമെന്ന് അദ്ദേഹം പറയുന്നു.
രണ്ടായിരത്തി മൂന്നിൽ തന്റെ പോലീസ് ജീവിതം ആരംഭിച്ചത് മുതൽ ഔദ്യോഗിക കൃത്യ നിർവഹണത്തിന്റെ ഭാഗമായും അല്ലാതെയും സൂപ്പർ സ്റ്റാർ മോഹൻലാൽ തൊട്ടിങ്ങോട്ട് നിരവധി താരങ്ങളുമായും ചലച്ചിത്ര പ്രവർത്തകരുമായും അടുത്തിടപ്പഴകേണ്ടി വന്നപ്പോഴും,താൻ പ്രാണനായി ഉള്ളേറ്റിയ കിനാവും താരകവും തനിക്ക് കൈയെത്തിപ്പിടിക്കാവുന്നതിലുമപ്പുറമൊരു ആകാശത്തു തന്നെയായി നിലക്കൊണ്ടു. നിലാവിനെ മോഹിച്ച പുൽക്കൊടി തുമ്പ് മാത്രമായി മാറുമോ എന്ന് തെല്ലൊരു കൗതുകത്തോടെ ചിന്തിച്ചു തുടങ്ങിയ ദിനരാത്രങ്ങളിലേതോ ഒന്നിൽ സംഘടിപ്പിച്ചെടുത്ത നമ്പറിൽ വാട്സാപ്പ്ലേക്ക് രണ്ടും കല്പിച്ചൊരു മെസ്സേജ് അയച്ചു. ‘കാണാൻ കൊതിയുണ്ട്. ഞാൻ ചിറ്റൂരിൽ ജോയിൻ ചെയ്തു.’ മറന്നു തുടങ്ങിയതായിരുന്നു, കാത്തിരുന്ന ഒരു മറുപടിയൊന്നും ഇനി വരാൻ പോകുന്നില്ലെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷെ,’ഞാൻ ചിറ്റൂർ വരുന്നു. കാണണം.’ ഒരായിരമാവർത്തി വായിച്ചു നോക്കിയ റിപ്ലൈ വന്ന വാട്സാപ്പ് പ്രൊഫൈൽ നൂറു വട്ടം നോക്കി, മലയാളത്തിന്റെ രജത താരം, ഭരത് മമ്മൂട്ടി തന്നെയാണ്, കാണണമെന്ന് മറുപടി തന്നത്. ‘ഫയർമാൻ’വിജയ് ആയി ചിറ്റൂരിലെത്തിയ താരത്തെ അടുത്തു കണ്ട നിമിഷം മുതൽ തന്റെ ചാരെ സ്വന്തം കയ്യാൽ കസേരയിട്ട് അടുത്തിരുത്തി വിശേഷങ്ങൾ പങ്കു വെച്ച നാൾ തൊട്ട്, കിനാവുകൾ പുതിയ ആകാശങ്ങൾ തേടി പറക്കുകയായിരുന്നു. മമ്മൂട്ടിയെ വെച്ച് ഒരു സിനിമ.പിന്നീട് സ്വയം തപം ചെയ്തു നെയ്തെടുത്തത്രയും, കടന്നു പോയ വഴിത്താരകളിലെല്ലാം തേടിയതത്രയും ഒരേയൊരു സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിനായുള്ള ഈടു വെയ്പ്പുകളായിരുന്നു.
പാലക്കാട് ക്രൈം ബ്രാഞ്ചിൽ ഡ്യൂട്ടിയിലിരിക്കെ ജോലി കഴിഞ്ഞു പെരിന്തൽമണ്ണ വീട്ടിലേക്കുള്ള യാത്ര ഒത്തിരി ദൂരമേറിയതായിരുന്നു. കെ എസ് ആർ ടിസിയിൽ സൈഡ് സീറ്റിലിരുന്ന്, വിദൂരതയിലേക്ക് കണ്ണും നട്ട് ഒരു മോഹത്തിന്ന് ശില പാകാൻ തുടങ്ങിയത് ആ യാത്രയിലാണ്.മമ്മൂട്ടിയോട് പറയാൻ ഒരു കഥ വേണം.
ഓരോ നിമിഷവും ഓരോ ജീവിതങ്ങൾ പ്രത്യക്ഷപ്പെടുന്ന സ്റ്റേഷനുകളിൽ നിന്ന് ഒരു കഥ കണ്ടെടുക്കാൻ ഏറെയൊന്നും പണിപ്പെടേണ്ടി വരില്ലെന്ന തോന്നൽ കേവലം മിഥ്യയാണെന്ന് അറിഞ്ഞു തുടങ്ങി.ആ യാത്രയിലൊരിക്കൽ അലസമായി ഒരപ്പൂപ്പൻ താടി പോലെ പാറി പറന്നെത്തിയ മനസ്സിൽ ഒരു കഥയുടെ നനവുണ്ടായിരുന്നു.
മൂന്നു ദേശങ്ങളിൽ നിന്ന് ലോ കോളേജ് ക്യാമ്പസിൽ എത്തി ചേർന്ന മൂന്നു കൂട്ടുക്കാർ.അവർ കടന്നു പോയ വഴികൾ, നേരിടേണ്ടി വന്ന ജീവിതയാഥാർഥ്യങ്ങൾ, അവരിൽ ഓരോരുത്തരും അനുഭവിച്ച പ്രതിസന്ധികൾ അവരൊന്നായി കണ്ടെത്തിയ പരിഹാരങ്ങൾ.. അതൊന്നൊന്നായി മനസ്സിൽ നിറയുകയായിരുന്നു.
കഥകൾ വന്നു നിറയുന്ന ഓരോ ദിവസവുമുള്ള ആ യാത്രയെ പ്രണയിച്ചു പോയത് കൊണ്ട് മാത്രം ജോലിയെയും സ്നേഹിച്ചു തുടങ്ങിയ ദിവസങ്ങൾ.മൂന്നു കൂട്ടുക്കാർ, യാത്രയിലുടനീളം, യാത്രയ്ക്കൊടുവിലും പിന്നെപ്പിന്നെ ഓരോ നിമിമാത്രയും അവരങ്ങനെ ഉള്ളും പുറവും കവർന്നെടുക്കുകയായിരുന്നു. കരളിൽ കണ്ട ജീവിതങ്ങൾ കടലാസ്സിൽ പകർത്താതെ വയ്യ എന്നായി.ഫയൽ ജീവിതങ്ങൾ പകർത്തി തീർന്ന പകലുകൾ എരിഞ്ഞൊടുങ്ങുമ്പോൾ, ഉള്ളു നീറ്റിയ മൂന്ന് പേർ രാത്രിയുടെ യാമങ്ങളെല്ലാം പകുത്തെടുത്തു. ആ ഈറ്റുനോവിൽ ഒരു സിനിമയുടെ തിരക്കഥ പിറവിയെടുത്തു.എൽ. എൽ. ബി.
പിന്നീടങ്ങോട്ട്,എൽ എൽ ബി പേരെടുത്ത സംവിധായകനിലൂടെ സിനിമയായി കാണണമെന്ന മോഹത്തിന്ന് അർത്ഥങ്ങൾ തേടിയുള്ള യാത്രകൾ തുടങ്ങുകയായിരുന്നു.
ഇതിനിടയിൽ, സാജൻ ജോണിയുടെയും അനിൽ ചിത്രുവിന്റെയും നേതൃത്വത്തിലുള്ള ഡിജിറ്റൽ കാർവിംഗ് (DIGITAL CARVING)എന്ന സ്ഥാപനത്തിൽ നിന്ന് സംവിധാനക്കലയുടെ ബാലപാഠങ്ങൾ പഠിച്ചെടുക്കാൻ ശ്രമിച്ചതും, അവിടുത്തെ മുന്നൂറ്റിയമ്പതോളം വരുന്ന വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത മൂന്ന് സ്ക്രിപ്റ്റുകൾ ‘ത്രീ നൈറ്റ്സ്’എന്ന പേരിൽ ഒരു ആന്തോളജി തയ്യാറാക്കാൻ സ്ഥാപനം തയ്യാറായപ്പോൾ അതിലൊന്ന് തന്റെ തിരക്കഥ ആയിരുന്നു എന്നതും തന്നിലുയർത്തിയ ആത്മവിശ്വാസത്തിന്റെ അതിരുകൾ അനന്തമായിരുന്നു.
‘സദാശിവന്റെ നൈറ്റ്ഡ്യൂട്ടി’എന്ന മുപ്പത്തിയഞ്ചു മിനിട്ടുള്ള ആ ഹ്രസ്വച്ചിത്രം സംവിധാനം ചെയ്തവതരിപ്പിക്കാൻ അവസരം കിട്ടിയില്ലായിരുന്നുവെങ്കിൽ, ഒരുപക്ഷെ എൽ എൽ ബി എന്ന ഈ സിനിമയുടെ സംവിധായകന്റെ പേര് മറ്റൊന്നാകുമായിരുന്നു.
പിന്നെയും,കടലാസ്സിൽ കുറിച്ചിട്ട മൂന്നു കൂട്ടുകാർ വെള്ളിത്തിരയിൽ ജന്മമെടുക്കുന്ന നാളുകൾക്കായി കാത്തിരിപ്പും യാത്രകളും തുടരുകയായിരുന്നു. കഥ കേട്ട് ഇഷ്ട്ടപ്പെട്ട ചിലർ സിനിമ ചെയ്യാൻ തയ്യാറായി മുന്നോട്ടു വന്നുവെങ്കിലും തീർത്തും അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ വന്നു ഭവിച്ച സംഭവങ്ങൾ കാരണം പ്രൊജക്റ്റ് മാറ്റി വെയ്ക്കപ്പെട്ടു.ഓരോ തവണയും ഊഴം തേടിയുള്ള യാത്രയിൽ താങ്ങായും തണലായും പ്രാർത്ഥനാ നിർഭരമായ മനസ്സുമായി ഭാര്യ സിനുമോൾ കൂട്ടായി നിന്നു.ഇരുട്ടി വെളുക്കുവോളം അക്ഷരങ്ങൾക്കും കൂട്ടായി അവരുണ്ടായിരുന്നവന്നത് സ്വപ്നയാത്രയെ എത്രയോ എളുപ്പമാക്കി തീർത്തു.
അജ്ഞാതമായ കാലങ്ങളിലേക്ക് പ്രൊജക്റ്റ് നീണ്ട് പോകുന്നതിൽ മനം നൊന്ത നിമിഷങ്ങളിലെപ്പഴോ ഏറ്റവും അടുത്തറിയുന്ന പ്രിയപ്പെട്ടവർക്ക് മുന്നിൽ കഥയും തിരക്കഥയും അതിലുമേറെ വിശാലമായ സ്വപ്നവും ഒരിക്കൽ കൂടി അവതരിപ്പിക്കപ്പെട്ടു.രണ്ടായിരത്തി ഏഴുമുതൽ കോട്ടക്കൽ എസ്.ഐ ആയിരുന്ന കാലം തൊട്ടേ കൂട്ടുക്കാരനായും കൂടപ്പിറപ്പായും കൂടെയുണ്ടായിരുന്ന, തന്നെ പോലെ സിനിമയെ നെഞ്ചിലേറ്റിയ മുജീബ് രണ്ടത്താണി എന്ന കച്ചവടക്കാരൻ എ. എം സിദ്ധിഖ് എന്ന പോലീസ് ഓഫീസർക്ക് നേരെ തന്റെ വലതു കൈ നീട്ടി കൊണ്ട് പറഞ്ഞു,”നമ്മളിത് സിനിമയാക്കുന്നു, സാറിത് സംവിധാനം ചെയ്യുന്നു…!”
അജ്ഞാതമായ കാലങ്ങളിലേക്ക് പ്രൊജക്റ്റ് നീണ്ടു പോകുന്നതിൽ മനം നൊന്ത നിമിഷങ്ങളിലെപ്പഴോ ഒരിക്കൽ, എ. എം. സിദ്ധിഖ് എന്ന പോലീസ് ഓഫീസർ താൻ കണ്ട സ്വപ്നത്തെ കുറിച്ച് ഉള്ളു തുറന്നത്,എന്നു തൊട്ടോ കൂട്ടുകാരനും കൂടപ്പിറപ്പുമായി കൂടെയുള്ള രണ്ടത്താണിക്കാരനായ മുജീബ് എന്ന തന്റെ നല്ല ചങ്ങാതിയോടാണ്.എല്ലാം പറയുന്ന നല്ല ചങ്ങാതിയോട് ‘എൽ. എൽ. ബി’എന്ന സിനിമയും ആ സിനിമാ സ്വപ്നവും സ്വപ്ന സാക്ഷാൽക്കാരത്തിനായുള്ള നോവും വേവും അലച്ചിലും ഒന്നൊഴിയാതെ പറയുമ്പോൾ സ്വപ്നേപി കരുതിയ ഒരു മറുപടിയല്ല, അയാൾ പറഞ്ഞത്, മുജീബ് രണ്ടത്താണി,എ. എം സിദ്ധിഖ് എന്ന പോലീസ് ഓഫീസർക്ക് നേരെ തന്റെ വലതു കൈ നീട്ടി കൊണ്ട് പറഞ്ഞു.’നമ്മളിത് സിനിമയാക്കുന്നു, സാറിത് സംവിധാനം ചെയ്യുന്നു.’
ഏറെ പ്രിയമുള്ള ഒരു സ്വപ്നത്തിന്ന് കൂട്ടാവാൻ, തീർത്തും സ്വകാര്യമെന്നോർത്ത സ്വപ്നത്തിന്ന് ചിന്തേരിടാൻ, കണ്ടു തീർത്ത കിനാക്കളുടെ സാക്ഷാൽക്കാരത്തിന്നായി നിറഞ്ഞ മനസ്സോടെ അവസാന നിമിഷം വരെ കൂടെയോടാൻ ചങ്ങാതിക്കൂട്ടങ്ങളിൽ ഒരാളെയെങ്കിലും കൂടെ കിട്ടുന്നുവെങ്കിൽ…
അങ്ങനെയുള്ള ഒരു സൗഹൃദത്തിന്റെ, ഉദാഹരണങ്ങൾ അന്വേഷിക്കേണ്ടി വന്നാൽ അറിയുന്നവർക്ക് പരസ്പരം ഏറ്റു പറയാൻ ഇനിയൊരു കഥ ബാക്കിയുണ്ടാവും. ഒരു സിനിമ പിറവിയെടുത്ത, സിനിമാക്കഥയല്ലാത്ത, രണ്ടു ചങ്ങാതിമാരുടെ ആ കഥ ഒറ്റവാക്കിൽ പറഞ്ഞാൽ, ‘രണ്ടത്താണി ഫിലിംസും എൽ. എൽ. ബി’യും എന്ന ശീർഷകത്തിൽ
അവസാനിപ്പിക്കാം.
രണ്ടത്താണി ഫിലിംസ് ന്റെ ബാനറിൽ നിർമിക്കുന്ന, ശ്രീനാഥ് ഭാസി നായകനാവുന്ന, മുഖ്യ വേഷങ്ങളിലൊന്ന് അനൂപ് മേനോൻ അവതരിപ്പിക്കുന്ന എ. എം സിദ്ധിഖ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന എൽ. എൽ. ബി എന്ന ചിത്രത്തെ കുറിച്ച് അറിയാനാണ് മുജീബ് രണ്ടത്താണി എന്ന ചിത്രത്തിന്റെ നിർമാതാവിനെ അന്വേഷിച്ചു ചെന്നത്.
അനിശ്ചിതത്തിന്റെ കൂത്തരങ്ങായ സിനിമാ മേഖലയിൽ ആദ്യമായി ഒരു സംരംഭത്തിനൊരുങ്ങുമ്പോൾ ആ സിനിമ സംവിധാനം ചെയ്യാൻ പുതിയ ഒരാളെ, അതും ഒരു പോലീസ് ഓഫീസറെ ഏൽപ്പിച്ചതിന്റെ ‘ചേതോവികാരം’അറിയാനുള്ള കൗതുകം ഉള്ളിൽ ഏറെയായിരുന്നു.
സംവിധായകന്റെയും നിർമാതാവിന്റെയും പ്രഥമ സംരംഭത്തിന്റെ നാൾവഴികൾ എഴുതാനാണ്, മുജീബ് രണ്ടത്താണി എന്ന പ്രൊഡ്യൂസറെ തേടി ചെന്നത്. പക്ഷെ പറഞ്ഞതത്രയും കളങ്കമറ്റ ഒരു നിറസൗഹൃദത്തിന്റെ നാൾവഴികൾ.
മുന്നിൽ ഒരക്ഷയ പാത്രത്തിലെന്നോണം നിറഞ്ഞ സ്നേഹത്തോടെ തുറന്നു വെച്ചത്, പരസ്പരം പകുതെടുത്ത വിശ്വാസത്തിന്റെയും ഇഷ്ടത്തിന്റെയും പാഥേയം.
ചോദ്യങ്ങൾ അന്യം നിന്ന നിമിഷങ്ങൾ,പറഞ്ഞു തന്നത് കടലാസ് താളുകൾക്കുമപ്പുറം കരളിൽ കുറിച്ച് വെക്കേണ്ട സൗഹൃദത്തിന്റെ കാവ്യനീതികൾ.മുജീബ് രണ്ടത്താണി മനസ്സ് തുറന്നു പറഞ്ഞതെല്ലാം ആ സൗഹൃദത്തെ കുറിച്ച് ആയിരുന്നു.
കോട്ടക്കൽ എസ്. ഐ ആയി ജോയിൻ ചെയ്ത കാലത്താണ് സിദ്ധിഖ് എന്ന പോലീസ് ഓഫീസറെ മുജീബ് പരിചയപ്പെടുന്നത്. തീർത്തും ഔപചാരികമായ ആ പരിചയപ്പെടൽ പരസ്പരം തിരിച്ചറിയുന്ന സൗഹൃദത്തിലേക്കും പിന്നീടങ്ങോട്ട് തമ്മിലെല്ലാം പങ്കു വെയ്ക്കുന്ന വൈകാരികമായ ഒരടുപ്പത്തിലേക്കും മാറാൻ ഏറെ കാലമൊന്നും വേണ്ടി വന്നില്ല. കുട്ടിക്കാലം തൊട്ടേ സിനിമയെ ഒരുപാട് സ്നേഹിച്ചിരുന്ന രണ്ടുപേർ കണ്ടുമുട്ടിയപ്പോൾ സിനിമ കേവലമൊരു സംസാര വിഷയം എന്നതിലുമപ്പുറം ഒരു മോഹമായി മാറുകയായിരുന്നു.
കോട്ടക്കലിൽ നിന്ന് പിന്നീട് പലയിടങ്ങളിലേക്കും ഉയർന്ന തസ്തികകളിലേക്കും സിദ്ധിഖ് മാറ്റം കിട്ടി പോകുമ്പോഴും വിശേഷങ്ങൾ പറയാൻ മാത്രമല്ലാതെയും അവർ തമ്മിൽ കണ്ടു കൊണ്ടിരുന്നു.ഇടയ്ക്കിടെയും ഇടതടവില്ലാതെയും എന്നോണം അവർ ഇഷ്ടങ്ങളും സ്വപ്നങ്ങളും പങ്കു വെയ്ക്കാറുണ്ടായിരുന്നു.
രണ്ടു ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുമായിരുന്ന ബന്ധം, പക്ഷെ ഒരേ ഇഷ്ടങ്ങളെ താലോലിച്ചു രണ്ടു വഴികളിലൂടെ രണ്ടു ലക്ഷ്യങ്ങളിലേക്ക് കുതിച്ചു. അപ്പോഴും അവർ ഉള്ളിലെവിടെയോ സിനിമ എന്നതൊരു സ്വപ്നമായി ഒരേ കരുത്തോടെ താലോലിച്ചു എന്ന് വേണം കരുതാൻ.
അതുകൊണ്ടാവണം,പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമായിരുന്നുവെന്ന് മനസ്സിൽ ഉറപ്പിച്ച ഒരു സ്വപ്നത്തിന്റെ അർത്ഥങ്ങൾ തേടിയുള്ള യാത്രയെ കുറിച്ച് മനസ്സ് തുറക്കാൻ അവർ പരസ്പരം നിശ്ചയിച്ചത്.
ഒരേ സ്വപ്നത്തിന്റെ സഞ്ചാരപഥങ്ങളിൽ വെച്ചാണ് തങ്ങൾ കണ്ടുമുട്ടിയതെന്ന തിരിച്ചറിവ് കൊണ്ടാകണം.ഒരു മികച്ച സൗഹൃദത്തിന്റെ കഥ പറയുന്ന തിരക്കഥ അവർക്ക് എളുപ്പം ഇഷ്ടപ്പെടാനായത്.
തീർത്തും യാദൃശ്ചികമായി ഒരു ക്യാമ്പസിന്റെ അകത്തളങ്ങളിൽ വെച്ച് കണ്ടു മുട്ടിയ,കളങ്കമറ്റ സൗഹൃദം ഉള്ളിൽ പേറുന്ന മൂന്നു കൂട്ടുക്കാർ,അവർ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ, അവരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന വ്യക്തികളും സംഭവങ്ങളും… ഒരു മികച്ച സൗഹൃദത്തിന്റെ കഥയാണ് എന്നത് പോലെ തന്നെ കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളും ആർദ്രതയും, ഒരല്പം സസ്പെൻസും അതി മനോഹരമായി കൂട്ടി ചേർത്ത സുഭദ്രമായ ഒരു തിരക്കഥയാണ് എൽ. എൽ. ബിയുടേത്.
ഇത്രമേൽ ആഴത്തിൽ തമ്മിൽ തിരിച്ചറിയാൻ സാധിച്ച രണ്ടു പേർ തങ്ങളുടെ ചിരക്കാല സ്വപ്നമായ സിനിമാ സംരംഭത്തിനായി ഒരുങ്ങുമ്പോൾ, കറയറ്റ ഒരു സൗഹൃദത്തിന്റെ കഥയല്ലാതെ അവർ മറ്റെന്താണ് പറയുക..!!
എൽ. എൽ. ബി എന്ന ചിത്രം തീയ്യറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകലക്ഷങ്ങളുടെ മനം കവരാൻ സാധ്യതയുള്ള രണ്ടു പുതുമുഖങ്ങൾ കൂടി ആ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കും. രണ്ടു ബാലതാരങ്ങൾ.
ആദ്യമായി മൂവി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നതിന്റെ യാതൊരു വിധ സഭാകമ്പവുമില്ലാതെ, കളിയും ചിരിയും ബഹളവുമായി എത്തുന്ന ആ രണ്ടു പേർ ഇവരാണ്. അയാഷ് എന്ന അച്ചുവും മാസിൻ മുഹമ്മദും.
സ്കൂളിൽ അധ്യാപകരുടെയും കൂട്ടുക്കാരുടെയും വീട്ടിൽ രക്ഷകർത്താക്കളുടെയും ആത്മാർത്ഥമായ പ്രോത്സാഹനം ഇവർക്കുണ്ട്.
പന്തീരാങ്കാവ് ഗ്യാലക്സി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. കലാ രംഗത്ത് തല്പരനായ അയാഷ് ചിത്രത്തിൽ പ്രദീപ് ബാലൻ അവതരിപ്പിക്കുന്ന താജുക്ക എന്ന കഥാപാത്രത്തിന്റെ മകനായിട്ടാണ് വേഷമിടുന്നത്.
എടരിക്കോട് പുതുപ്പറമ്പ് സാക്രെഡ് ഹാർട്ട് സീനിയർ സെക്കന്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ മാസിൻ എൽ എൽ ബിയിൽ ശ്രീജിത്ത് രവിയുടെ മകനായിട്ടാണ് അഭിനയിക്കുന്നത്. മാപ്പിള പാട്ട് മത്സരങ്ങളിലും നാടകങ്ങളിലുമെല്ലാം പങ്കെടുക്കുന്ന മാസിൻ നല്ലൊരു ഫുട്ബാൾ കമ്പക്കാരനും കളിക്കാരനുമാണ്.
രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമിക്കുന്ന LLB കഥയും തിരക്കഥയും സംഭാഷണവും എഴുതി എ. എം സിദ്ധിഖ് സംവിധാനം ചെയ്യുന്നു.
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, അശ്വത് ലാൽ, വിശാഖ് പി നായർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖം കാർത്തിക സുരേഷ് നായികയായെത്തുന്നു. ഛായഗ്രഹണം ഫൈസൽ അലി, കലാ സംവിധാനം സുജിത് രാഘവൻ, മേക്കപ്പ് സജി കാട്ടാക്കട, സംഘട്ടനം മാഫിയ ശശി, പ്രഭു, അഷ്റഫ് ഗുരുക്കൾ എന്നിവർ നിർവഹിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ.
സുധീഷ്, ശ്രീജിത്ത് രവി, രമേശ് കോട്ടയം, മനോജ് പയ്യന്നൂർ(തിങ്കളാഴ്ച നിശ്ചയം ഫെയിം ),സിബി തോമസ്, പ്രദീപ് ബാലൻ, സീമ ജി നായർ, നാദിറാ മെഹ്റിൻ, കവിത ബൈജു എന്നിവരും അഭിനയിക്കുന്നു. ചിത്രം 2024 ജനുവരി 19 തീയറ്ററുകളിലെത്തും.
MUJEEB R AHMED