ആദ്യത്തെത് സിസേറിയനായിരുന്നു അല്ലേ, എന്നാൽ ഇനി അടുത്തതും സിസേറിയൻ തന്നെയായിരിക്കും.’ സിസേറിയൻ ചെയ്തവർ പതിവായി കേൾക്കാറുള്ള പല്ലവിയാണിത്. ഒരു സ്ത്രീയുടെ ആദ്യ പ്രസവം സിസേറിയൻ ആണെങ്കിൽ അടുത്ത പ്രസവം ഉറപ്പായും സിസേറിയൻ ആയിരിക്കും എന്നാണ് പൊതുവേ എല്ലാവരുടെയും ധാരണ. എന്നാൽ അതല്ല യാഥാർഥ്യം.
ആദ്യത്തെ കുഞ്ഞിനായി സിസേറിയൻ നടത്തിയവർക്ക് രണ്ടാമത്തെ കുഞ്ഞിനെ നോർമൽ രീതിയിൽ പ്രസവിക്കാം. അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും ശാരീരിക സ്ഥിതികൾ അതിന് അനുകൂലമാണെങ്കിൽ നോർമൽ പ്രസവം സാധ്യമാണ്. Vaginal Berth after Cesarean (VBAC) എന്നാണ് വൈദ്യശാസ്ത്രത്തിൽ ഇതിനെ വിശേഷിപ്പിക്കുക. വജൈനൽ ബർത്ത് ആഫ്റ്റർ സിസേറിയന് 75 ശതമാനം വരെ സക്സസ് റെയ്റ്റ് ഉണ്ട്. അതായത്, ആദ്യത്തെ പ്രസവം സിസേറിയൻ ആയിരുന്നവരിൽ രണ്ടാമത്തേത് നോർമൽ ആകാനുള്ള സാധ്യത 75 ശതമാനം വരെയാണ്.
സിസേറിയൻ ആവശ്യമായി വരുന്ന സാഹചര്യങ്ങൾ സാധാരണയായി ഒരു പ്രസവം സിസേറിയൻ ആകുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. നോർമൽ പ്രസവത്തിനായി കാത്തിരിക്കുന്ന സമയത്ത് കുഞ്ഞിന് ഏതെങ്കിലും വിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അതായത് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞുവരിക, കുഞ്ഞ് ഗർഭപാത്രത്തിൽ മെക്കോണിയം വിസർജിക്കുക (മഷി ഇറക്കുക) തുടങ്ങിയ സാഹചര്യത്തിൽ പെട്ടെന്ന് സിസേറിയൻ ചെയ്യേണ്ടതായി വരും. മെക്കോണിയം വിസർജിച്ചാൽ അത് അംനിയോട്ടിക് ഫ്ളൂയിഡുമായി ചേരും, അത് കുഞ്ഞിന്റെ ശ്വാസകോശത്തിൽ എത്തിയാൽ അപകടമാണ്. ഇത്തരത്തിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലായേക്കാവുന്ന ഏതെങ്കിലും സാഹചര്യം അപ്രതീക്ഷിതമായി ഉണ്ടായാൽ പെട്ടെന്ന് തന്നെ സിസേറിയൻ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കും.
പ്രസവ സമയത്ത് കുഞ്ഞിന് പുറത്തേക്കു വരാൻ തടസമുണ്ടാക്കുന്ന ചില സാഹചര്യങ്ങളിൽ പെട്ടെന്ന് സിസേറിയൻ ചെയ്യേണ്ടിവരുന്നു. അതായത് കുഞ്ഞിന്റെ കഴുത്തിൽ പുക്കിൾക്കൊടി ചുറ്റുക, അമ്മയുടെ ഇടുപ്പെല്ലിന് വിസ്താരം കുറവായതുകൊണ്ട് കുഞ്ഞിന് കടന്നു വരാനുള്ള പാസേജ് ചെറുതാണെങ്കിൽ, ഗർഭപാത്രത്തിനകത്തുള്ള ഫൈബ്രോയ്ഡുകൾ, ഓവേറിയൻ സിസ്റ്റുകൾ പോലുള്ള മുഴകൾ എന്നിവ സാധാരണ പ്രസവത്തിന് തടസമാകുമെങ്കിൽ സിസേറിയൻ ചെയ്യും. ഗർഭകാലത്തിന്റെ അവസാന ആഴ്ചകളിൽ തന്നെ സിസേറിയൻ നിശ്ചയിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. ഗർഭപാത്രത്തിൽ കുഞ്ഞിന്റെ കിടപ്പ് ശരിയല്ലെങ്കിൽ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുക്കുക. പ്രസവം അടുക്കാറാകുമ്പോൾ കുഞ്ഞിന്റെ തല താഴേക്കായി വരുന്ന രീതിയിലുള്ളതാണ് ശരിയായ കിടപ്പ്. അതിനു പകരം, ഇടുപ്പ്ഭാഗം താഴേക്കു വരുന്ന വിധത്തിൽ കുഞ്ഞ് കിടക്കുക, കുഞ്ഞ് വിലങ്ങനെ കിടക്കുക തുടങ്ങിയ സാഹചര്യത്തിൽ സിസേറിയൻ മാത്രമേ വഴിയുള്ളു.
ഗർഭകാലത്ത് അമ്മയ്ക്കുണ്ടായ രക്തസ്രാവം ഏതെങ്കിലും വിധത്തിൽ അമ്മയ്ക്കോ കുഞ്ഞിനോ ഹാനികരമാകുമെങ്കിൽ, പ്ലാസന്റ കുഞ്ഞിന്റെ താഴെയായി ഗർഭപാത്രത്തിൽ ഒട്ടിപ്പിടിച്ചിരിക്കുക, പ്രസവം നടക്കുന്നതിന് മുമ്പായോ ഗർഭകാലത്തോ പ്ലാസന്റ (മറുപിള്ള) വിട്ടുവരിക എന്നീ സന്ദർഭങ്ങളിലും സിസേറിയൻ വേണ്ടിവരുന്നു.ദീർഘകാലം വന്ധ്യതാ ചികിത്സ നടത്തി ഗർഭം ധരിച്ചവരിലും ഐവിഎഫ് ചികിത്സയിലൂടെയും മറ്റും ഗർഭം ധരിച്ചവരിലും അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന സങ്കീർണതകൾ പരമാവധി ഒഴിവാക്കിക്കൊണ്ട് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാനായി സിസേറിയൻ ചെയ്യുന്നു.
ഗർഭകാലത്ത് അമ്മയ്ക്ക് ഉണ്ടാകുന്നതും അതിനുമുമ്പേ ഉള്ളതുമായ ചില രോഗങ്ങൾ സ്വാഭാവിക പ്രസവം സുരക്ഷിതമല്ലാതാക്കും. ഗർഭിണിക്ക് നേരത്തെതന്നെ ഉള്ള ഹൃദ്രോഗങ്ങൾ, ഗർഭകാലത്ത് ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ചില രോഗങ്ങൾ ഉണ്ടെങ്കിൽ സിസേറിയനാണ് ചെയ്യാറ്. ഇവയൊക്കെയാണ് സാധാരണയായി സിസേസിറിയൻ ആവശ്യമായി വരുന്ന സാഹചര്യങ്ങൾ.
വിബിഎസി സാധ്യമാകാത്ത സാഹചര്യങ്ങൾ ഏതെല്ലാം? രണ്ടാമത്തെ പ്രസവവും സിസേറിയൻ ആകുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണെന്ന് വിശദീകരിക്കാം. പ്രസവത്തിന് മുമ്പായി നടുത്തുന്ന പരിശോധനകളിൽ നോർമൽ പ്രസവം നടക്കാൻ ചാൻസ് കുറവാണ് എന്ന് മനസിലായാൽ സിസേറിയൻ ചെയ്യും.ആദ്യ പ്രസവത്തിൽ നോർമൽ പ്രസവത്തിനായി ശ്രമിച്ചപ്പോൾ കുട്ടി പുറത്തേക്ക് വരാൻ കൂടുതൽ സമയം എടുത്തവരിൽ രണ്ടാമത്തെ തവണയും കൂടുതൻ സമയം വേണ്ടിവന്നേക്കാം. അത്തരക്കാരിൽ സിസേറിയനാണ് കൂടുതൽ സുരക്ഷിതം.
ആദ്യത്തെ സിസേറിയനും രണ്ടാമത്തെ പ്രസവവും തമ്മിൽ 18 മാസത്തെ വ്യത്യാസം ഇല്ലെങ്കിലും, രണ്ടിൽ കൂടുതൽ പ്രാവശ്യം സിസേറിയൻ ചെയ്തവരിലും, ഗർഭപാത്രത്തിലെ മുഴകൾ നീക്കാനുള്ള ശസ്ത്രക്രിയ ചെയ്തിട്ട് അധിക കാലം ആകുംമുമ്പ് ഗർഭിണികൾ ആയവരിലും നോർമൽ പ്രസവത്തിന് ശ്രമിച്ചാൽ സിസേറിയന്റെ തുന്നൽ പൊട്ടാനുള്ള ചാൻസ് ഉണ്ട്. അത്തരക്കാരിലും രണ്ടാമത്തേത് നോർമൽ പ്രസവം ആക്കാറില്ല.
കഴിഞ്ഞ പ്രാവശ്യം സിസേറിയൻ ചെയ്യേണ്ടിവന്ന സാഹചര്യം രണ്ടാമത്തെ തവണ ഇല്ലാത്ത ഗർഭിണികൾക്ക് നോർമൽ പ്രസവം സാധ്യമാണ്. കുട്ടിയുടെ കിടപ്പ് തെറ്റായതുകൊണ്ടോ പ്രസവ സമയത്ത് കുഞ്ഞ് മെക്കോണിയം വിസർജിച്ചതു കൊണ്ടോ, പുക്കിൾക്കൊടി കഴുത്തിൽ ചുറ്റിയതുകൊണ്ടോ, കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞുപോയതുകൊണ്ടോ ഒക്കെയാണ് ആദ്യ തവണ സിസേറിയൻ ചെയ്തത് എന്നു കരുതുക. രണ്ടാമത്തെ തവണ ഇതേ അവസ്ഥ ഉണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല. അതിനാൽ ഇത്തരക്കാർക്ക് രണ്ടാമത്തെ തവണ നോർമൽ പ്രസവത്തിന് ശ്രമിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആദ്യത്തെ പ്രസവം സിസേറിയൻ ആയിരിക്കുകയും രണ്ടാമത് നോർമൽ പ്രസവം പ്രതീക്ഷിക്കുകയും ചെയ്യുന്നവർക്ക് ഗർഭകാലത്ത് കൂടുതലായി പ്രത്യക പരിചരണോ റെസ്റ്റോ മരുന്നോ ഒന്നും ആവശ്യമില്ല. സാധാരണ പോലെ പോഷകാഹാരം കഴിക്കുക, കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകൾ നടത്തുക.ആദ്യത്തെ പ്രസവം മറ്റൊരു ആശുപത്രിയിൽ ആയിരുന്നെങ്കിൽ ലഭ്യമായ മെഡിക്കൽ റെക്കോർഡുകളെല്ലാം ഇപ്പോഴത്തെ ഡോക്ടറെ കാണിക്കുവാൻ ശ്രദ്ധിക്കുക.ഗർഭത്തിന്റെ 34 ആഴ്ചയ്ക്കു ശേഷം ഡോക്ടർ കുട്ടിയുടെ വളർച്ച നോക്കും. 38 ആഴ്ച ആകുമ്പോൾ സ്കാനിംഗിലൂടെ നേരത്തത്തെ സിസേറിയന്റെ സ്കാർ തിക്ക്നെസ് പരിശോധിക്കും. അത് നിശ്ചിത അളവിലും കൂടുതൽ ആണെങ്കിലേ നോർമൽ പ്രസവത്തിന് ശ്രമിക്കുകയുളളു. അതുപോലെ പ്രസവത്തിന് മുമ്പുള്ള ഇന്റേണൽ എക്സാമിനേഷനിലൂടെയും നോർമൽ പ്രസവം സാധ്യമാണോ എന്ന് ഡോക്ടർമാർക്ക് കൃത്യമായി മനസിലാക്കാൻ കഴിയും.
ഒരു സിസേറിയനു ശേഷം നോർമൽ പ്രസവത്തിന് ശ്രമിക്കുന്ന ഗർഭിണികൾക്ക് ലേബർ റൂമിൽ ഡോക്ടറുടെയും നഴ്സിന്റെയും സാന്നിധ്യത്തിൽ നിരന്തരമായ മോനിറ്ററിംഗ് നൽകുന്നതാണ്. നോർമൽ പ്രസവത്തിന് തടസമാകുന്ന എന്ത്
സാഹചര്യം ഉണ്ടായാലും ഉടൻ സിസേറിയൻ ചെയ്യുന്നതാണ്. അതിനാൽ, പെട്ടെന്ന് സിസേറിയൻ ചെയ്യുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും സംവിധാനങ്ങളുമുള്ളതും, വൈദഗ്ധ്യമുള്ള ഡോക്ടർമാരുമുള്ളതുമായ മികച്ച ആശുപത്രികൾ പ്രസവത്തിനായി തെരഞ്ഞെടുക്കാനും ശ്രദ്ധിക്കേണ്ടതാണ്. പ്രസവത്തിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രസവത്തിന് ശേഷം നാല് മണിക്കൂർ ഈ അമ്മാരെ പ്രസവമുറിയിൽ ഒബ്സർവേഷനിൽ വയ്ക്കാറുണ്ട്. ഇവർ ഒരു കുഞ്ഞിനെക്കൂടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അടുത്ത പ്രസവത്തിന് മൂന്ന് വർഷമെങ്കിലും ഗ്യാപ് ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം.
ഡോ. ജലജ രാധാകൃഷ്ണൻ, (MBBS, DGO) കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്
സ്റ്റാർകെയർ ഹോസ്പിറ്റൽ, കോഴിക്കോട് ഫോൺ: 8606945517, 0495 2489000