‘ആലിൻ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ ജീവിക്കും’- മോഹന്‍ലാല്‍

ന്തരിച്ച മലയാളത്തിലെ പ്രമുഖ സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്‌ത ട്രാഫിക് എന്ന സിനിമ ഇന്നും മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. റോഡപകടത്തില്‍ മസ്‌തിഷ്ക മരണം സംഭവിച്ച ഒരു യുവാവിന്‍റെ അവയവം മറ്റൊരാള്‍ക്ക് പുതുജീവനേകാനായി കൊണ്ടുപോകുന്ന ദൗത്യം നേരില്‍ കണ്ട് അനുഭവിച്ചതാണ് മലയാളി പ്രേക്ഷകര്‍. പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ആ സിനിമ അവതരിപ്പിച്ചത്.

അവയവം കൊണ്ടുപോകാനായി റോഡില്‍ വഴിയൊരുക്കിയതും കൃത്യസമയത്ത് ആംബുലന്‍സ് ആശുപത്രിയില്‍ എത്തുന്നതുമൊക്കെ ഓരോ പ്രേക്ഷകനും ശ്വാസമടക്കി പിടിച്ചുകൊണ്ടായിരിക്കും കണ്ടിട്ടുണ്ടാവുക. അതായിരുന്നു ട്രാഫിക് സിനിമ. എന്നാല്‍ ഇന്നലെ അതുപോലെ ഒരു സംഭവത്തിന് കേരളം നേരില്‍ സാക്ഷ്യം വഹിച്ചു.

കേരളത്തില്‍ ആദ്യമായാണ് പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞ് അവയവദാനം നല്‍കി ലോകത്തോട് വിട പറഞ്ഞത്. ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കുഞ്ഞാണ് നാലുപേര്‍ക്ക് പുതുജീവിതമേകി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി വിട പറഞ്ഞത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിന് മസ്‌തിഷ്കാമരണം സംഭവിച്ചതോടെയാണ് മാതാപിതാക്കള്‍ അവയവദാനം നടത്താന്‍ തീരുമാനിച്ചത്. ഇതേക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ലോകം ഇത്ര മനോഹരമായി നിലനില്‍ക്കുന്നത് തന്നെ ഇങ്ങനെയുള്ള നിസ്വാര്‍ഥ സ്നേഹങ്ങളുടെ വെളിച്ചം കൊണ്ടാണ്ടെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം

‘തന്‍റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്‍റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ’ മോഹന്‍ലാലിന്‍റെ കുറിപ്പ്.

ആലിൻ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും ഇനിയും ജീവിക്കും എന്നും മോഹന്‍ലാല്‍ കുറിച്ചു.

ഇന്നലെ രാത്രിയാണ് (ഫെബ്രുവരി 13) ആണ് ആലിന്‍റെ കരളും വൃക്കയും കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് വഴി എത്തിച്ചത്. ഇതിനായി ഒരു നാടാകെ വഴിയൊരുക്കുകയും ചെയ്‌തിരുന്നു. ആലിന്‍റെ വിയോഗത്തിന്‍റെ നൊമ്പരത്തിലും മറ്റു കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകാനുള്ള ശസ്‌ത്രക്രിയ ഇന്നലെ രാത്രി തന്നെ ആരംഭിച്ചിരുന്നു.ആലിന്‍റെ ജീവനെടുത്ത കാറപകടത്തില്‍ അമ്മ ഷെറിനും മാതാപിതാക്കളായ ജെസ്സി ജോണിനും രാജന്‍ ജോണിനും പരുക്കേറ്റിരുന്നു. അരുണ്‍ എബ്രഹാമിന്‍റെയും ഷെറിന്‍ ആന്‍ ജോണിന്‍റെയും ഏകമകളായിരുന്നു ആലിന്‍ ഷെറിന്‍ എബ്രഹാം. കുഞ്ഞിന് മസ്‌തിഷ്‌ക മരണം സംഭവിച്ചതോടെ അവയവ ദാനത്തിനുള്ള സന്നദ്ധത മാതാപിതാക്കള്‍ അറിയിക്കുകയായിരുന്നു.