മരണാന്തര അവയവദാനം; കേരളത്തിൽ അഭിമാനകരമായ മുന്നേറ്റം.

കോഴിക്കോട്: സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻപ്ലാന്റേഷൻ ഓർഗനൈസേഷൻ്റെ (കെ-സോട്ടോ) നേതൃത്വത്തിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിലെ സങ്കീർണ്ണതകളും പ്രായോഗിക വശങ്ങളും ഉപ്പെടുത്തിക്കൊണ്ട് ഡോക്ടർമാരുടെയും ട്രാൻസ്പ്ലാൻറ് കോർഡനേറ്റർമാരുടെയും ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്ന മലബാർ മേഖലയിലെ മെഡിക്കൽ പ്രൊഫഷണലുകളുടെ പരിശീലനം സിഒഒ ലുഖ്മാൻ പൊന്മാടത്ത് ഉദ്ഘാടനം നിർവഹിച്ചു. ഈ വർഷം ജനുവരി മുതൽ ഫെബ്രുവരി വരെ ആറ് പേർ മരണാന്തര അവയധാനത്തിലൂടെ മറ്റുള്ളവരുടെ ജീവതത്തിന് വെളിച്ചം നൽകിയിട്ടുണ്ടെന്നും അതിൽ തന്നെ മൂന്ന് കുടുംബങ്ങൾക്ക് അവയവം മാറ്റിവെച്ചുകൊണ്ട് ആശ്വാസം പകരാൻ ആസ്റ്റർ മിംസിന് കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം മസ്തിഷ്കമരണം സ്ഥിരീകരിച്ച ഒൻപത് മാസം പ്രായമുള്ള ഐറിൻ ഷെറിൻ്റെ അവയവദാനം കൂടുതൽ പേരിലേക്ക് അവയവദാനത്തിൻ്റെ മഹത്യമെത്തിക്കുന്നതിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണാന്തര അവയവദാനത്തിൽ കേരളത്തിൽ അഭിമാനകരമായ മുന്നേറ്റം വരുന്നതായിയും, 2023 മുതൽ 2025 വരെ കേരളത്തിൽ 10,436 പേരും ഈവർഷം ഇതുവരെ ആയിരത്തോളം പേരും മരണാനന്തര അവയവദാനത്തിന് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കെ – സോട്ടോ ജോയിൻ്റ് ഡയറക്ടർ ഡോ. ബേസിൽ സാജു പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 42 പേർ വൃക്കയും 45 പേർ കോർണിയ നൽകി. കൂടാതെ 21 പേർ കരളും,ഏഴുപേർ ഹൃദയം നൽകിയപ്പോൾ രണ്ടുപേർ കൈ ദാനം ചെയ്തതായി അദ്ദേഹം കൂട്ടി ചേർത്തു. മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും അവയവദാന പ്രക്രിയയിൽ ഡോക്ടർമാരുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ഇത്തരം പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ മിംസ് സിഎംഎസ് ഡോ. എബ്രാഹം മാമൻ പറഞ്ഞു. ഡോ.നൗഫൽ ബഷീർ (സീനിയർ കൺസൾട്ടന്റ്, ന്യൂറോ സർജറി, കോഴിക്കോട്ആസ്റ്റർ മിംസ്),ഡോ. ശ്രുതി എസ്. ജയരാജ് (കൺസൾട്ടന്റ് ക്രിട്ടിക്കൽ കെയർ, കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റൽ),ഡോ. അജിത് കെ. ഗോപാൽ (ചീഫ് & സീനിയർ കൺസൾട്ടന്റ് ക്രിട്ടിക്കൽ കെയർ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ),ഡോ. എ.എസ് അനൂപ് കുമാർ (ഡയറക്ടർ, ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ – ക്രിട്ടിക്കൽ കെയർ),കെ-സോട്ടോ ലീഗൽ അഡ്വൈസർ അഡ്വ. അജിത് ജോയ്,ഡോ. കെ. പ്രസന്നൻ (പ്രൊഫസർ & ഹെഡ്, ഫോറൻസിക് മെഡിസിൻ, എം.ഇ.എസ് മെഡിക്കൽ കോളേജ്) തുടങ്ങിയവർ മസ്തിഷ്കമരണവുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിലെ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.എസ് നോബിൾ ഗ്രേഷ്യസ്, നോർത്ത് സോൺ നോഡൽ ഓഫീസർ ഡോ.വി.പി അനീബ് രാജ് തുടങ്ങിയവർ സംബന്ധിച്ചു. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ട്രാൻസ്പ്ലാൻറ് മാനേജർ ധന്യ ഡറ്റസ് പരിപാടിക്ക് നേതൃത്വം നൽകി.