ഉല്ലസിക്കാം, തിമിംഗലങ്ങൾക്കൊപ്പം

മെക്സിക്കോയിലേക്കു വിമാനം കയറിക്കോളൂ. തിമിംഗലത്തെ തൊടാം, വേണമെങ്കിൽ ആനയോളം വലുപ്പമുള്ള കടൽ ജീവിയെ ഉമ്മ വയ്ക്കാംകരയിലെ ഏറ്റവും വലിയ ജീവിയെ നമുക്ക് ഉത്സവപ്പറമ്പിൽ പോയാൽ കാണാനാകും. അല്ലെങ്കിൽ മൃഗശാലയിലോ കാട്ടരുവിയുടെ തീരത്തോ പോയാൽ ആനയെ കാണാം. എന്നാൽ കടലിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തെ കാണാൻ എന്തു ചെയ്യും? അതിനെ ഒന്ന് തൊടുക കൂടി ചെയ്യണമെങ്കിലോ? കടലിൽ ചാടിയാൽ വേണമെങ്കിൽ ഒന്നും കാണാം, തൊടാം. പിന്നെ തിരിച്ചുവരാൻ പറ്റില്ലെന്ന് മാത്രം. തിമിംഗലത്തെ കാണാനും തൊടാനും അത്ര വലിയ ആഗ്രഹമുള്ളവർ ഇനിയും കാത്തിരിക്കേണ്ട. ഉടനെ മെക്സിക്കോയിലേക്കു വിമാനം കയറിക്കോളൂ. പടുകൂറ്റൻ തിമിംഗലങ്ങൾ മക്കളും കൊച്ചുമക്കളുമായി നീന്തിക്കളിക്കുന്നതു ബോട്ടിൽ കയറി ചുറ്റിക്കാണാം. തിമിംഗലത്തെ തൊടാം. വേണമെങ്കിൽ ആനയേക്കാൾ വലുപ്പമുള്ള കടൽ ജീവിയെ ഉമ്മ വയ്ക്കാം. മെക്സിക്കോയുടെ വടക്കുപടിഞ്ഞാറൻ ഉപദ്വീപായ ബാജയിലാണ് ഈ സൗകര്യം. കാലിഫോർണിയ, കാനഡ, അലാസ്ക എന്നിവിടങ്ങളിലെ ഉൾക്കടലുകളിൽനിന്ന് മൈലുകൾ താണ്ടി തിമിംഗലങ്ങൾ വർഷത്തിൽ മൂന്നു മാസം ബാജയിലെത്തും. കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്താൻ പറ്റിയ തീരമായി തിമിംഗലങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള സ്ഥലമാണിത്. പസഫിക് ഗ്രേ വെയ്ൽസ് ആണ് ഇവിടെയെത്തുന്ന തിമിംഗലങ്ങൾ. ചാര നിറത്തിലുള്ള തിമിംഗലം. നാൽപ്പതു മെട്രിക് ടൺ ഭാരവും പതിനാല് മീറ്ററോളം നീളവുമുള്ള തിമിംഗലങ്ങൾ ആർത്തുല്ലസിക്കുന്ന ബാജയുടെ തീരങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. വർഷാദ്യം മുന്നു മാസങ്ങളിൽ മൂവായിരത്തോളം സഞ്ചാരികളാണ് തിമിംഗലങ്ങളെ കാണാൻ എത്താറുള്ളത്. ഇപ്രാവശ്യത്തെ സീസൺ കഴിയാറായപ്പോൾ സഞ്ചാരികളുടെ തിരക്കേറി.

പഷിക്കോ മയോരൽ എന്ന മെക്സിക്കോകാരൻ നാൽപ്പതു വർഷത്തിലേറെയായി ബാജയിൽ ബോട്ട് ഓടിക്കുന്നയാളാണ്. തിമിംഗലങ്ങളെ കണ്ടും അവയുടെ സഞ്ചാരപാതകൾ മനസിലാക്കിയും ബോട്ട് ഓടിക്കാൻ പഷിക്കോയ്ക്ക് അറിയാം. തിമിംഗലങ്ങളെ കാണാൻ സഞ്ചാരികളുമായി ഇത്തവണയും പഷിക്കോ ബാജയിലൂടെ ബോട്ട് ഓടിച്ചു. മരംകൊണ്ടു നിർമിച്ച ബോട്ടുമായി വലിയ തിമിംഗലങ്ങൾക്കു ചുറ്റും പഷിക്കോ വലംവയ്ക്കും. വെള്ളത്തിനടിയിൽ നിന്നു പുളച്ചുകൊണ്ടു പുറത്തേയ്ക്കു വരുന്ന തിമിംഗലത്തെ തൊടും. കടൽത്തിരകൾക്കു മീതെ ശാന്തമായി കിടക്കുന്ന തിമിംഗലത്തെ പഷിക്കോ ചുംബിക്കും. സഞ്ചാരികൾക്ക് അത്ഭുതം നിറയാൻ വേറെ എന്തെങ്കിലും വേണോ?

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ തിമിംഗല വേട്ട ശക്തമായപ്പോൾ സെക്യൂരിറ്റി കർശനമാക്കി. ഇപ്പോൾ വെറും ഇരുപത്താറായിരം തിമിംഗലങ്ങളാണ് ആകെയുള്ളത്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഹിമപാളികൾ ഒഴുകിപ്പോകുന്നത് ഇപ്പോഴുള്ള തിമിംഗലങ്ങളുടെയും ജീവനു ഭീഷണി ഉയർത്തുന്നു. ഹിമപാളികളുടെ തണുപ്പിൽ പിറക്കുന്ന ചെറുമീനുകളാണ് തിമിംഗലത്തിന്റെ ഭക്ഷണം. തിമിംഗലങ്ങൾക്കു ശല്യമുണ്ടാക്കാതെയുള്ള ബോട്ട് യാത്രയാണ് ബാജയിൽ അനുവദിച്ചിട്ടുള്ളത്. സയന്റിസ്റ്റുകളും പരിസ്ഥിതി പ്രവർത്തകരുമുള്ള സംഘത്തിനാണ് ഇവിടെ മേൽനോട്ടം. ബാജയുടെ സമീപത്തുള്ള പലപ്രദേശങ്ങളും സ്വകാര്യ വ്യക്തികളുടേതാണ്. ജപ്പാൻ കമ്പനിയായ മിത്സുബിഷിയുമായി ചേർന്ന് ഇവിടെ ചില നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രമം നടത്തിയെങ്കിലും പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പുമൂലം നടപ്പായില്ല. നാഷണൽ പാർക്ക് സർവീസിന്റെ കീഴിൽ ബാജയെയും ഉൾപ്പെടുത്തണമെന്നു പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. പഷിക്കോയെപ്പോലുള്ള നിരവധി ബോട്ട് ഉടമകളുടെ ഒരു വർഷക്കാലത്തേയ്ക്കുള്ള ജീവിതമാർഗമാണ് വെയ്ൽ ടൂറിസം. തിമിംഗലങ്ങൾ പിറക്കുന്ന ഈ കടൽത്തീരം സംരക്ഷിക്കപ്പെടുമെന്നാണ് അവരുടെയൊക്കെ വിശ്വാസം.