കുടിച്ചു തീര്ത്തതിന്റെ നേട്ടങ്ങളില് അഭിരമിക്കേണ്ടവരാണോ മലയാളികള്? എപ്പോഴെങ്കിലും ഇത്തരത്തിലൊരു ചിന്ത നമുക്കിടയില് ഉണ്ടായിട്ടുണ്ടോ. അതോ, വിശേഷ ദിവസങ്ങള് കഴിഞ്ഞുള്ള വാര്ത്താ തലക്കെട്ടുകളില് നിറയുന്ന കോടികളുടെ കണക്കുകളില് തന്റെ പങ്കാളിത്തത്തെയോര്ത്ത് അഭിമാനിക്കുന്നവരായി മാറിപ്പോയോ? വര്ഷം കൂടുന്തോറും ഉയരുന്ന ബീവറേജസ് കോര്പറേഷന്റെ വളര്ച്ചാ സൂചിക അര്ത്ഥമാക്കുന്നത് സാക്ഷര കേരളത്തിലെ അവബോധമുള്ള ജനങ്ങളെ കുറിച്ച് തന്നെയല്ലേ. ഒട്ടനവധി മദ്യലഹരി വിമുക്ത സമരങ്ങള്ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്തെ ബീവറേജസ് കോര്പറേഷന്റെ ഈ റെക്കോര്ഡ് വളര്ച്ച സത്യത്തില് ആരുടെ മുഖത്തുനോക്കിയാണ് ഇളിച്ചുകാട്ടുന്നത്. മലയാളികള് ഇനിയും പാഠം പഠിക്കാനുണ്ടോ അല്ലെങ്കില് റെക്കോര്ഡുകളുടെ മേമ്പൊടി തൂകി മുതലെടുപ്പ് നടത്തുനിന്നതിന്റെ ഇരകളാവുകയാണോ.
മദ്യത്തിന്റെ ഉപഭോഗത്തില് കേരളം മുമ്പെങ്ങുമില്ലാത്ത കുതിപ്പാണ് നടത്തുന്നത്. സംസ്ഥാന സര്ക്കാര് കൂടുതല് ബാറുകള് അനുവദിക്കുകയും ഐ.ടി, വ്യവസായ പാര്ക്കുകളില് പോലും ബിയര്, വൈന് പാര്ലറുകള് അനുവദിക്കുകയും ചെയ്തതോടെയാണ് മദ്യത്തിന്റെ ഉല്പാദനത്തിലും വിപണനത്തിലും വലിയതോതില് വര്ധനവുണ്ടായത്. മദ്യവില്പനയുടെ ഭാഗമായി ലഭിക്കുന്ന നികുതിയാണ് സര്ക്കാറിന് പിടിച്ചുനില്ക്കാന് സഹായിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ് എന്ന വസ്തുതയും മറച്ചുവെക്കാന് കഴിയില്ല. അതുകൊണ്ടുതന്നെ മദ്യവില്പന വഴിയുള്ള വരുമാനം നഷ്ടപ്പെടാന് സര്ക്കാര് ഒരിക്കലും തയാറാവുകയില്ല. അതേസമയം, പല വിധത്തില് പരോക്ഷമായി മദ്യവില്പനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്ക്കാറിന്റെ കാലത്ത് മദ്യഷോപ്പുകളുടെയും ഔട്ട്ലെറ്റുകളുടെയും എണ്ണം പാടെ കുറച്ചിരുന്നു. എന്നാല് രണ്ടാം എല്.ഡി.എഫ് സര്ക്കാര് അടച്ചുപൂട്ടിയ ബാറുകളില് പലതും തുറക്കുകയും പുതിയവ തുടങ്ങുകയും ചെയ്തു. ഇതോടെയാണ് ഫലത്തില് കേരളം മദ്യത്തിന്റെ പറുദീസയായി മാറിയത്. ഇത് വാസ്തവത്തില് സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷത്തില് സമാധാനം ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നാണ് പഠനങ്ങള് പറയുന്നത്. കുടുംബാന്തരീക്ഷത്തിലും പൊതുവിടങ്ങളിലും അക്രമങ്ങളും കലഹങ്ങളും പതിവായതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് മദ്യപാനം തന്നെയാണ്.
മദ്യനിരോധനവും മദ്യവര്ജ്ജനവും
മദ്യനിരോധനം നടപ്പാക്കണമെന്ന ആവശ്യം കേരളത്തില് പതിറ്റാണ്ടുകളായി ഉയര്ന്നു കേള്ക്കുന്ന ഒന്നാണ്. പ്രൊഫ. എം.പി മന്മഥന്, ജി. കുമാരപ്പിള്ള തുടങ്ങിയവര് ജീവിതാവസാനം വരെ സംസ്ഥാനത്ത് മദ്യനിരോധനത്തിനായി പോരാട്ടം നടത്തി. എന്നാല് മദ്യമുക്ത കേരളം എന്ന ആശയം യാഥാര്ത്ഥ്യമായില്ല. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള് നടപ്പാക്കിയ ചാരായനിരോധനം ഫലം ചെയ്തിരുന്നുവെന്നാണ് കേരളീയ സമൂഹത്തിന്റെ വിലയിരുത്തല്. കുടുംബങ്ങളില് സമാധാനം ഉണ്ടാക്കാന് അത് ഉപകരിച്ചു. എന്നാല് വിദേശമദ്യത്തിന്റെ ഉപയോഗം തടയാന് ഒരു നടപടിയും ഉണ്ടായില്ല എന്നതും വസ്തുതയാണ്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ഒരുപാട് മദ്യനിരോധനസമിതികള് പ്രവര്ത്തിച്ചുവരുന്നു. ആരാധനാലയങ്ങള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളും അരികെ ദൂരപരിധി ലംഘിച്ച് പ്രവര്ത്തിക്കുന്ന മദ്യശാലകള് അടച്ചുപൂട്ടുന്നതിന് അവര് രംഗത്തിറങ്ങുക പതിവാണ്. എന്നാല് സര്ക്കാറിന്റെ മദ്യനയം നേര്പ്പിക്കുന്നതിനായി സമ്മര്ദ്ദം ചെലുത്താന് സംഘടനകള്ക്ക് സാധിക്കുന്നില്ല എന്നതാണ് പരമാര്ത്ഥം.
മദ്യനിരോധനത്തിന് പകരം മദ്യവര്ജ്ജനമാണ് ഇടതുമുന്നണി മുന്നോട്ടുവെക്കുന്നത്. അതായത് ആളുകള് സ്വയം മദ്യത്തെ വര്ജ്ജിക്കുക. ഇത് ആളുകള് സ്വയം തയാറാവേണ്ട ഒന്നാണ്. അതേസമയം നിയമത്തിനുള്ളില് പെടാത്തതുമാണ്. അതുകൊണ്ടുതന്നെ ഈ നയം നടപ്പാക്കപെടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. മദ്യത്തെ സമൂഹത്തില് നിന്ന് ഒഴിവാക്കാന് മദ്യവര്ജ്ജനം എന്ന നയം കൊണ്ട് സാധിക്കുകയില്ല. മദ്യനിരോധനം നിയമം മൂലം നടപ്പാക്കുകയാണ് വേണ്ടത്. മദ്യത്തിന്റെ ദൂഷ്യവശങ്ങള് സമൂഹത്തില് പ്രചരിപ്പിക്കാന് എക്സൈസ് വിഭാഗം നടത്തുന്ന ശ്രമങ്ങള് നാം കാണുന്നതാണ്. എന്നാല് പൊതുജനം അവ എത്രത്തോളം ഗൗരവത്തിലെടുക്കുന്നു എന്നത് ചിന്തിക്കേണ്ടതാണ്. നിലവില് മദ്യത്തിന്റെ ഉപയോഗം വര്ധിപ്പിക്കാനും അതുവഴി ഖജനാവ് നിറയ്ക്കാനും ബാധ്യതപ്പെട്ട എക്സൈസ് വകുപ്പ് മദ്യവര്ജ്ജനത്തിന്റെ പാഠങ്ങള് ജനങ്ങളില് ബോധവല്ക്കരിക്കുമ്പോള് അതിന്റെ ഉദ്ദേശ്യശുദ്ധിയും ആത്മാര്ത്ഥതയും സംശയത്തിന്റെ നിഴലിലാവുന്നത് സ്വാഭാവികം മാത്രം. ഏതായാലും മദ്യനിരോധനം മരീചികയായി തുടരുകയും മദ്യവര്ജ്ജനം കാര്യക്ഷമമാകാതെ ഇരിക്കുകയും ചെയ്യുമ്പോള് കേരളത്തില് മദ്യം സുലഭമാകും എന്ന കാര്യത്തില് ആര്ക്കും സംശയമില്ല. സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളില് പലതിന്റെയും പിന്നില് മദ്യത്തിന്റെ ഉപയോഗം ഒരു ഘടകമാണ്. പെണ്കുട്ടികളും സ്ത്രീകളും ഉപദ്രവിക്കപ്പെടുന്ന പല കേസുകള്ക്ക് പിന്നിലും പ്രതികള് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായിരുന്നു എന്ന് കാണാന് കഴിയും. വീട്ടമ്മമാര് ക്രൂരമായി ആക്രമിക്കപ്പെടുന്ന കേസുകളില് പ്രധാനമായും മദ്യത്തിന്റെ സാന്നിധ്യം കാണാവുന്നതുമാണ്.
കോടികളുടെ വരുമാനം
ബീവറേജസ് വഴി കോടികളുടെ വരുമാനമാണ് സര്ക്കാറിന് ലഭിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഐ.ടി, വ്യവസായ പാര്ക്കുകളിലും മറ്റും മദ്യം വിളമ്പാനുള്ള അവസരം നല്കിയതോടെ കൈവിട്ട കളിക്കാണ് സര്ക്കാര് ശ്രമിക്കുന്നത്. ഇന്ത്യന് നിര്മ്മിത വിദേശമദ്യവും ബിയറും പഴങ്ങളില് നിന്ന് നിര്മിക്കുന്ന വീര്യം കുറഞ്ഞ മദ്യവും പ്രോത്സാഹിപ്പിക്കാനാണ് നീക്കം. ഇന്ത്യന് നിര്മിത വിദേശമദ്യത്തിന്റെ കയറ്റുമതിയും സര്ക്കാര് ലക്ഷ്യമിടുന്നുണ്ട്. മദ്യവര്ജ്ജനം ലക്ഷ്യമിടുന്ന സന്ദര്ഭത്തില് തന്നെയാണ് ഇതും നടക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം ആറ് ലക്ഷം ലിറ്റര് മദ്യം വിറ്റഴിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇതുവഴി ഓരോ ദിവസവും 50 കോടി രൂപ സര്ക്കാറിലേക്ക് എത്തുന്നു. മദ്യം വിറ്റുവരവിലൂടെ പ്രതിദിനം 75 കോടി ലഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
മദ്യത്തിന്റെ ഉപയോഗം സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില് അപചയം സൃഷ്ടിക്കുന്നു എന്നതാണ് യാഥാര്ത്ഥ്യം. കുടുംബങ്ങളിലെ അസ്വാരസ്യത്തിന് പുറമെ തൊഴില്മേഖലയിലും ഇത് പ്രശ്നങ്ങള് സൃഷ്ടിക്കുന്നു. സാമൂഹികതലത്തില് അരാജകത്വം ഉണ്ടാക്കാന് മാത്രമെ മദ്യം ഉപകരിക്കുകയുള്ളു. ഐ.ടി പാര്ക്കുകളിലും വ്യവസായ പാര്ക്കുകളിലും മദ്യം അനുവദനീയമാകുന്നതോടെ യുവ പ്രഫഷണലുകളുടെ ജോലിയിലുള്ള നൈപുണ്യത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. ജോലിയില് നിന്ന് വിട്ടുനില്ക്കാനും അലസരാവാനും അത് കാരണമാകുന്നു. പഴങ്ങളില് നിന്ന് മദ്യം ഉണ്ടാക്കുമ്പോള് അവയില് നിന്നുള്ള മൂല്യവര്ധിത ഉല്പന്നങ്ങള് നിര്മിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് വാസ്തവത്തില് കര്ഷകര്ക്ക് തിരിച്ചടിയാണ്. മൂല്യവര്ധിത ഉല്പന്നങ്ങള്ക്ക് പകരം മദ്യം ഉല്പാദിപ്പിക്കുന്നത് കര്ഷകര്ക്ക് ഗുണം ചെയ്യില്ല എന്നാണ് അനുഭവം.
അടച്ചപൂട്ടിയ ബാറുകള് തുറന്നപ്പോള്.
ഉമ്മന്ചാണ്ടി സര്ക്കാറിന്റെ കാലത്ത് 813 ബാറുകള് അടച്ചുപൂട്ടിയിരുന്നു. മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. എന്നാല് പിന്നീട് വന്ന സര്ക്കാര് സ്റ്റാര് പദവിയുള്ള ബാറുകളുടെ എണ്ണം വീണ്ടും കൂട്ടുകയായിരുന്നു. നേരത്തെ 29 എണ്ണമായിരുന്നത് ഇപ്പോള് 49 ആയി വര്ധിച്ചു. മുന് സര്ക്കാര് അടച്ചുപൂട്ടിയ ബാറുകളില് 438 എണ്ണത്തിന് എല്.ഡി.എഫ് സര്ക്കാര് വീണ്ടും അനുമതി നല്കി. പുതിയത് ഉള്പ്പെടെ 684 ബാറുകള്ക്കാണ് അനുമതി നല്കിയത്. ഫലത്തില് അടച്ചുപൂട്ടല് കേവലം കബളിപ്പിക്കലായി. കള്ളുഷാപ്പുകള് ഹൈടെക് ആക്കാനുള്ള നീക്കവും തുടങ്ങി. കേരള ടോഡി എന്ന പേരില് കള്ളിനെ ബ്രാന്ഡ് ചെയ്യാനും നടപടിയായി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഇതെല്ലാം നടന്നത്. ബാറുകളുടെ പ്രവൃത്തിസമയം 12 മണിക്കൂറായി നിജപ്പെടുത്തി. രാവിലെ പതിനൊന്ന് മുതല് രാത്രി 11 വരെയാണ് സമയം.
ആഘോഷവേളകളില് നുരഞ്ഞുപൊന്തുന്ന ആഹ്ലാദം.
എല്ലാ ആഘോഷവേളകളിലും മദ്യം നുരഞ്ഞുപൊന്തുന്നത് മലയാളികളുടെ ജീവിത സംസ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞിട്ട് ഏറെയായി. ഓണം, വിഷു തുടങ്ങിയ ആഘോഷദിനങ്ങളില് മദ്യം ഇല്ലാതെ കഴിയില്ല എന്ന നിലയിലാണ് കാര്യങ്ങള് പോകുന്നത്. വിവാഹത്തിനും വീടുകള് കേന്ദ്രീകരിച്ചുള്ള ജന്മദിനാഘോഷം തുടങ്ങിയ ചടങ്ങുകള്ക്കും മദ്യം അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞു. ഇതിനെ നിരുത്സാഹപ്പെടുത്താന് പല പ്രസ്ഥാനങ്ങളും സംഘടനകളും രംഗത്തുണ്ടെങ്കിലും ശക്തമായ വിധത്തില് കടിഞ്ഞാണിടാന് സാധിക്കുന്നില്ല. ഇക്കഴിഞ്ഞ ഓണക്കാലത്ത് 759 കോടിയുടെ മദ്യം കേരളം കുടിച്ചുതീര്ത്തു എന്നാണ് കണക്ക്. കഴിഞ്ഞവര്ഷം ഇത് 730 കോടിയായിരുന്നു. ഉത്രാടദിനം വരെ മാത്രം 670 കോടിയുടെ മദ്യമാണ് കേരളം കുടിച്ചു വറ്റിച്ചത്. മദ്യം ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വകയില് വലിയ വരുമാനമാണ് കേരള സര്ക്കാറിന് ലഭിക്കുന്നത് എന്ന് വ്യക്തം. ഇതുകൊണ്ടുതന്നെ മദ്യവര്ജ്ജനത്തിന്റെ സന്ദേശം ജനങ്ങളില് എത്തിക്കുന്നതില് ബന്ധപ്പെട്ടവര്ക്ക് വലിയ ഉത്സാഹം ഒന്നും കാണില്ല എന്നത് മറ്റൊരു സത്യം.
മദ്യം അളവില് കഴിക്കുന്നത് ഗുണമോ ദോഷമോ ?
‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ ഇതറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല് മദ്യം കുറഞ്ഞ അളവില് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്ന വലിയൊരു വിഭാഗം സമൂഹത്തിലുണ്ട്. ഈ ഒരു കാരണം കൊണ്ട് തന്നെ മദ്യം ദിവസവും അല്പ്പം അകത്താക്കുന്നവര് ധാരാളമുണ്ട്. എന്നാല് ഇത് തെറ്റാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള് തെളിയിക്കുന്നത്. ദിവസവും കുറഞ്ഞ അളവില് മദ്യം അകത്താക്കുന്നവര്ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാകുമെന്നാണ് പഠനങ്ങള് സൂചിപ്പിക്കുന്നത്. യു കെയിലാണ് പുതിയ പഠനം നടന്നിരിക്കുന്നത്. ഇതുപ്രകാരം പ്രതിദിനം ഒരു പെഗ് മദ്യം കഴിക്കുന്നതുപോലും തലച്ചോറില് വലിയ മാറ്റങ്ങള് കൊണ്ടുവരുന്നുണ്ട്. ഒരു പെഗ്ഗില് നിന്ന് ഇത് ക്രമേണ രണ്ടും മൂന്നും പെഗ്ഗായി മദ്യപാനം വര്ധിക്കും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള് തലച്ചോറില് ഉണ്ടാക്കും. ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റിയുടെ മറ്റൊരു പഠനത്തില് മദ്യപാനം തലച്ചോറില് ഇരുമ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മിതമായ മദ്യപാനം പോലും ബുദ്ധിപരമായ നമ്മുടെ ശേഷികളെ മന്ദീഭവിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മദ്യപാനം തലച്ചോറിനും കരളിനും കേടുവരുത്തുകയും ദീര്ഘകാല നാശത്തിന് കാരണമാകുകയും ചെയ്യും. മദ്യം മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. അമിത മദ്യപാനികളില് പോഷകാഹാരക്കുറവുകള് വര്ധിച്ചു കാണുകയും അവ തലച്ചോറിന്റെ പ്രവര്ത്തനത്തെ കൂടുതല് മോശമാക്കുകയും ചെയ്യുന്നു. എന്നാല് സ്ത്രീകളില് മദ്യത്തിന്റെ പ്രവര്ത്തനം കൂടുതല് ഗുരുതരമാണ്. മദ്യപിക്കുന്ന സ്ത്രീകള് മദ്യപിക്കുന്ന പുരുഷന്മാരേക്കാള് വേഗത്തില് സിറോസിസ് ആല്ക്കഹോള് മൂലമുണ്ടാകുന്ന ഹൃദയപേശികളുടെ കേടുപാടുകള് (അതായത്, കാര്ഡിയോമിയോപ്പതി), നാഡിക്ഷതം (പെരിഫറല് ന്യൂറോപ്പതി) എന്നിവക്ക് അടിപ്പെടുന്നതായി പഠനങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. മദ്യപാനത്തിന്റെ ഫലമായി പുരുഷന്മാര്ക്കും സ്ത്രീകള്ക്കും ഒരുപോലെ പഠന വൈകല്യങ്ങളും ഓര്മക്കുറവും സംഭവിക്കുന്നുണ്ടെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്.
വ്യാജമദ്യം എന്ന വിപത്ത്.
മദ്യം സുലഭമാകുമ്പോഴും വ്യാജമദ്യം എന്ന വിപത്ത് സാമൂഹ്യാന്തരീക്ഷത്തില് നിന്ന് ഒഴിവാകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. വന് മദ്യദുരന്തങ്ങള് ഉണ്ടായില്ലെങ്കിലും ചെറിയ തരത്തിലുള്ള മദ്യദുരന്തങ്ങള് സംസ്ഥാനത്ത് ഇടക്ക് സംഭവിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില് ഇപ്പോഴും വ്യാജവാറ്റ് നടക്കുന്നുണ്ട്. അത് ഫലപ്രദമായി തടയാന് എക്സൈസ് വകുപ്പിന് കഴിയുന്നില്ല. എക്സൈസിന്റെ നീക്കങ്ങള് നേരത്തെ അറിയാന് വ്യാജമദ്യലോബികള്ക്ക് സാധിക്കുന്നതാണ് കാരണം. വ്യാജമദ്യം പിടികൂടിയാലും പിഴയടച്ച് രക്ഷപ്പെടാന് കഴിയും. ജയില്ശിക്ഷയാണെങ്കിലും നാമമാത്രമായിരിക്കും. കൂടുതല് ആളുകള് മരിക്കുകയും ചികിത്സ തേടുകയും ചെയ്യുന്ന കേസുകളില് മാത്രമാണ് കടുത്ത ശിക്ഷ ലഭിക്കുന്നത്. ഇവിടെയും നിയമത്തിന്റെ പഴുതുകള് ഉപയോഗിച്ച് പലരും രക്ഷപ്പെടുകയാണ് പതിവ്.
മദ്യത്തിന്റെ പിടിയില് നിന്ന് സമൂഹത്തെ രക്ഷിക്കാന് മദ്യവര്ജ്ജന നയം കാര്യക്ഷമമായി നടപ്പാക്കാന് സാധിക്കണം. സര്ക്കാര് ഇക്കാര്യത്തില് ആര്ജ്ജവം കാണിക്കണം. മദ്യം സമൂഹത്തെ കാര്ന്നുതിന്നുന്ന തിന്മയാണെന്ന തിരിച്ചറിവ് എല്ലാവര്ക്കും ഉണ്ടാവണം. മദ്യനിരോധനത്തിനുവേണ്ടി മുന്നോട്ടുവരുന്ന പ്രസ്ഥാനങ്ങള് നിസ്വാര്ത്ഥമായി പ്രവര്ത്തിക്കേണ്ടതുണ്ട്. ഇത്തരം സംഘടനകള്ക്ക് മുമ്പ് ഉണ്ടായിരുന്ന പ്രവര്ത്തനവീര്യം ഇപ്പോഴില്ല എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. വിദ്യാലയങ്ങള് കേന്ദ്രീകരിച്ചും സാമൂഹ്യസംഘടകളുടെ സഹായത്തോടെയും മദ്യത്തിനെതിരെയുള്ള ബോധവല്ക്കരണം ശക്തിപ്പെടുത്തേണ്ടതുണ്ട്. രാഷ്ട്രീയകക്ഷികളും ഇക്കാര്യത്തില് അവരുടെ പങ്ക് നിറവേറ്റണം..
മിനു ലിജിത്ത്
minuligi@gmail.com