ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള മയൂര നർത്തകി

ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവിത താളങ്ങളിൽ തട്ടി മറന്നു പോയവരും പ്രാരാബ്ധങ്ങൾക്കിടയിൽ മറച്ചുവെയ്ക്കുന്നവരുമായി എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ അതിൽ നിന്നും വ്യത്യസ്തമാകുന്നവരും ഉണ്ട്. ജീവിതഭാരത്തോടൊപ്പം തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടെ കൊണ്ടുപോകുന്നവർ. പരിശ്രമത്തിനൊടുവിൽ കുടുംബത്തേയും ഒപ്പം കൂട്ടുന്നവർ. അങ്ങനെയുള്ളർ നൽകുന്ന സന്തോഷമാണ് മറ്റുള്ളവർക്ക് പ്രചോദനമാകേണ്ടത്. അത്തരമൊരു അതിജീവനത്തിന്റെ കഥയാണ് നൃത്താധ്യാപികയായ ആലുവക്കാരി കവിത സുനിലിന് പറയാനുള്ളത്.

സാധാരണ ഒരു സ്ത്രീയെ പോലെ തുടങ്ങിയ ജീവിതം. ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചിരുന്നു. നൃത്തത്തെ വളരെയധികം പ്രണയിച്ചിരുന്ന കവിതയ്ക്ക് വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ സർക്കാർ ജോലി ലഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ Cath Technician ജോലിയും കുടുംബവുമായി മുന്നോട്ട് പോയിരുന്ന കവിത നൃത്തം പൂർണമായും ഉപേക്ഷിച്ചിരുന്നില്ല. ഭർത്താവ് സുനിലിനും നൃത്തം താൽപര്യമുള്ളതിനാൽ പരിപാടികളും മറ്റും ഇടയ്ക്ക് ചെയ്തിരുന്നു. എങ്കിലും മുഴുവൻ സമയവും നൃത്തത്തെ ജീവിതത്തോട് ചേർത്ത് വെയ്ക്കാൻ സാധിച്ചിരുന്നില്ല.

അങ്ങിനെയിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ വീഴ്ച കവിതയുടെ ശരീരത്തേയും മനസിനേയും ഒന്നാകെ തളർത്തി. വീഴ്ചയിൽ ആദ്യം കാര്യമായി ഒന്നും തോന്നിയില്ല. ദിവസങ്ങൾ കഴിയും തോറും സ്ഥിതിഗതികൾ മാറി വരാൻ തുടങ്ങി. വേദന അഹനീയമായി വന്നപ്പോൾ ഡോക്ടറെ സമീപിച്ചു. അപ്പോഴാണ് നട്ടെല്ല് തകരാറിലായ കാര്യം അറിയുന്നത്. ഉടനെ തന്നെ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞെങ്കിലും കവിത തയ്യാറായില്ല. എട്ട് മാസം വരെ പിടിച്ചു നിന്നു. പ്രസവ സമയമായപ്പോഴേക്കും സിസേറിയൻ സാധ്യമല്ലെന്നും ഡോക്ടർ അറിയിച്ചു. ഭാഗ്യവശാൽ കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ സുഖപ്രസവം സാധ്യമായി. പക്ഷേ പ്രസവ ശേഷം അരയ്ക്ക് താഴെ തളർന്നു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൽ നീങ്ങി. അതിന് ശേഷം കിടപ്പിലായ കവിതയ്ക്ക് ജീവിതത്തിൽ താൻ ഒറ്റയ്ക്കാകുമോ എന്ന ഭയമായിരുന്നു. പ്രാഥമിക കാര്യങ്ങൾ നിറവേറ്റാൻ പോലും മറ്റൊരാളുടെ സഹായം ആവശ്യമായി വന്നതോടെ ഏറെ ആശങ്കയിലായി. എങ്ങനെയെങ്കിലും എഴുന്നേറ്റ് നടക്കണം, നൃത്തം ചെയ്യണം എന്ന തോന്നലായി. പക്ഷേ അതത്രെ എളുപ്പമായിരുന്നില്ല. ഡിസ്കിന് പറ്റിയ അപകടം കാൽ തറയിൽ വെയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയിലാക്കിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്റെ ജീവിതത്തിലുണ്ടായതെന്ന് കവിത പറയുന്നു. ദൈവവിശ്വാസി ആയിരുന്നെങ്കിലും പ്രാർത്ഥനയും ക്ഷേത്ര ദർശനവുമൊക്കെ കുറവായിരുന്നു. വയ്യാതെ ഇരുന്ന സമയത്ത് ഭർത്താവിന്റെ അമ്മ നേർന്നതായിരുന്നു ഗുരുവായൂർ സന്ദർശനം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷൻ തിയ്യതി നിശ്ചയിച്ചതിന് ശേഷമാണ് ഗുരുവായൂർ പോകാൻ തീരുമാനിച്ചത്. തിരിച്ച് വന്നിട്ട് ഓപ്പറേഷൻ നടത്താം എന്നതായിരുന്നു ഉദ്ദേശ്യം. പക്ഷേ, സന്ദർശനം മാത്രം ഉദ്ദേശിച്ച യാത്ര കവിതയ്ക്ക് തിരിച്ച് നൽകിയത് തന്റെ ജീവിത സാക്ഷാത്കാരമാണ്.

ഗുരുവായൂരിലെത്തിയപ്പോൾ വല്ലാതെ ക്ഷീണിച്ചിരുന്ന കവിത തനിക്ക് ഒറ്റക്കിരിക്കണമെന്ന് കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു. ഈ സമയം മുന്നിലൂടെ പ്രദക്ഷിണം ചെയ്യുന്നവരെ കണ്ടപ്പോൾ ഒറ്റയ്ക്കെഴുന്നേറ്റു നടക്കാൻ വല്ലാതെ ആഗ്രഹം തോന്നി. വീട്ടുക്കാരുടെ സഹായത്തോടെ എഴുന്നേറ്റ് നിന്ന് സമയമെടുത്താണെങ്കിലും പ്രദക്ഷിണം പൂർത്തിയാക്കി. അപ്പോൾ വല്ലാത്തൊരവ സ്ഥയിലായിരുന്നു. തന്നെ നടത്തിച്ച ഗുരുവായൂരപ്പന് മുന്നിൽ നൃത്തം ചവിട്ടണമെന്നതാണ് പിന്നീട് മനസിൽ തോന്നിയത്. ഇനി നൃത്തമായിട്ടേ ഗുരുവായൂരപ്പനെ കാണാൻ വരുമെന്നും അവിടെ വെച്ച് ഉറപ്പിച്ചു.

തിരിച്ച് വീട്ടിൽ എത്തിയ കവിത നൃത്ത അരങ്ങേറ്റത്തിന് ഒരുങ്ങുന്ന മകളുടെ കൂടെ കൂടി ചെറിയ രീതിയിലെല്ലാം ശരീരത്തെ വഴക്കിയെടുത്തു. അതിന് ശേഷം മകളുടെ അരങ്ങേറ്റത്തിനായി ഗുരുവായൂർ പോയപ്പേൾ തന്റെ നിശ്ചയദാർഢ്യവും ഗുരുവായൂരപ്പന്റെ അനുഗ്രഹവും കൂടെ ആയപ്പോൾ കവിത നൃത്തം ചവിട്ടി. ഭാഗ്യവശാൽ ആ ദിവസം അരങ്ങേറ്റത്തിന്റെ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ആവശ്യം അറിയിച്ചപ്പോൾ ക്ഷേത്ര ഭാരവാഹികൾ അനുവാദം തരികയുമായിരുന്നു. അങ്ങനെ ദൈവാനുഗ്രഹത്താൽ എഴുന്നേറ്റ് നിൽക്കാൻ പോലും പ്രയാസപ്പെട്ടിരുന്ന ഞാൻ ഗുരുവായൂരപ്പന് മുന്നിൽ നൃത്തം ചെയ്തു. അന്ന് തീരുമാനിച്ചതാണ് നൃത്തം എന്റെ ജീവനൊപ്പമുണ്ടാകുമെന്ന്

ജീവിതത്തിൽ ഇനിയൊരിക്കലും നടക്കില്ലെന്ന് കരുതിയ തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം കവിതയുടെ കണ്ണിലും വാക്കുകളിലും കാണാമായിരുന്നു. എങ്കിലും നൃത്തം കഴിഞ്ഞ ഉടനെ വീണു പോയ കവിതയെ ആശുപത്രിയിലേക്കാണ് കൊണ്ടു വന്നത്. കവിതയെ ചികിത്സിച്ചിരുന്ന ഡോക്ടർമാരും അമ്പരന്ന് പോയ നിമിഷമായിരുന്നു അത്. എന്നിരുന്നായും തിയ്യതി നിശ്ചയിച്ചിരുന്ന ഓപ്പറേഷൻ വേണ്ടെന്ന് വെച്ചു. ഒരു പക്ഷേ ഓപ്പറേഷൻ നടത്തിയാൽ പൂർണ വിശ്രമം ആവശ്യമായി വരും. അപ്പോൾ പഴയ അവസ്ഥ തന്നെയായും. ജീവിതം മടുത്തു പോകും എന്ന തോന്നലായിരുന്നു. ഇപ്പോൾ ആയൂർവേദ ചികിത്സ തുടരുന്നുണ്ട്. പോകുന്നിടത്തോളം പോകട്ടെ എന്ന മട്ടിൽ. ആലുവയിൽ റെയ്ൻബോ നൃത്തവിദ്യാലയം നടത്തുന്നുണ്ട് കവിത. കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ടെങ്കിലും ആരോഗ്യം ശ്രദ്ധിക്കാത്തതിന്റെ പരിഭവം അവരും പറയുന്നുണ്ടെന്ന് കവിത ചെറുപുഞ്ചിരിയോടെ പറയുന്നു.

അറിഞ്ഞ് വേണം നൃത്തം

മത്സരങ്ങൾക്കും സമ്മാനങ്ങൾക്കും വേണ്ടി മാത്രമാകരുത് നൃത്തം അഭ്യസിക്കുന്നത് എന്ന പിടിവാശി എനിക്കുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് വരുന്നവരെ മടക്കി അയക്കലാണ് ഞാൻ ചെയ്യാറ്. ചെറിയ പ്രായം മുതൽ കുട്ടികൾ നൃത്തത്തെ അറിഞ്ഞ് പഠിക്കണമെന്ന ചിന്തയാണ് മയൂര നൃത്തോത്സവം എന്ന പദ്ധതിയ്ക്ക് പ്രേരണയായത്. റിയാലിറ്റി ഷോ മാത്രമാകാതെ നൃത്തത്തിൽ കൂടുതൽ പഠിക്കാനൊരവസരം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. റിയാലിറ്റി ഷോ നടത്തുന്നതിനൊപ്പം നൃത്തത്തിൽ കൂടുതൽ ഗ്രാഹിണ്യം നൽകുന്നതായിരുന്നു മയൂര നൃത്തോത്സവത്തെ ശ്രദ്ധേയമാക്കിയത്. ഇതിലൂടെ നൃത്തം അഭ്യസിക്കുന്നവർക്ക് തങ്ങളുടേതായ സംഭാവന നൽകാൻ സാധിക്കും. ഇതിനായി പ്രഗത്ഭരായ അദ്ധ്യാപകരെയാണ് നിയോഗിച്ചിരുന്നത്.

ഓഡിഷനിലൂടെ തിരഞ്ഞെടുത്ത മത്സരാർത്ഥികൾക്ക് ചോദ്യോത്തര വേള (വൈവെ ) ഉൾപ്പെടുത്തിയിരുന്നു. നൃത്തത്തെ കൂടുതൽ മനസിലാക്കാൻ തിയററ്റിക്കൽ ക്ലാസുകളാണ് ഇതിലൂടെ മത്സരാർത്ഥികൾക്ക് ലഭിച്ചത്. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ വെച്ച് നടത്തിയ ഓഡിഷനുകളിൽ 150 ഓളം പേർ പങ്കെടുത്തിരുന്നു. ഈയൊരു മത്സരം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും അതിന്റെ രീതിയും മറ്റും പരിചയപ്പെട്ടു ത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾക്ക് പ്രത്യേകം വർക്ക് ഷോപ്പുകളും സംഘടിപ്പിച്ചു. കൂടാതെ പ്രത്യേകം സിലബസും ഇതിനായി ചിട്ടപ്പെടുത്തി. മത്സരത്തിൽ എല്ലാ വിഭാഗം കുട്ടികളും പങ്കെടുത്തു. സെമി ഫൈനൽ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമായിരുന്നു ഫൈനൽ നിശ്ചയിച്ചിരുന്നത്. പക്ഷേ ഇതിനിടയിൽ പ്രളയം കേരള വിഴുങ്ങിയപ്പോൾ പരിപാടി കുറച്ചു നാളത്തേക്ക് നിർത്തി വെക്കേണ്ടി വന്നു എന്നതാണ് വിഷമത്തിലാക്കിയത്. പരിപാടിയുടെ ഫൈനൽ നടത്തായി കിട്ടിയ സ്പോൺസർഷിപ്പ് പിൻവലിച്ചതോടെ സാമ്പത്തികമായും പ്രയാസപ്പെട്ടു. എന്നിരുന്നാലും തന്റെ സമ്പാദ്യത്തിൽ നിന്നുമെടുത്ത് പ്രളയത്തിന് ശേഷം പരിപാടി നടത്തുകയായിരുന്നു. 2018ൽ ആലുവ പ്രിയദർശിനി ഹാളിൽ വെച്ചാണ് ഫൈനൽ നടത്തിയത്. 49 മത്സരാർത്ഥികൾ പങ്കെടുത്തു. സമ്മാന തുകയേക്കാളും പുതിയൊരു അനുഭവമായിരുന്നു എനിക്കും കുട്ടികൾക്കും ലഭിച്ചത്. പിന്നീട് അതിഥിയായി കൊറോണയും എത്തിയതോടെ നൃത്തോത്സവം പൂർണ്ണമായും നിർത്തി വെക്കേണ്ടി വന്നു. എങ്കിലും വരും നാളുകളിൽ നൃത്തോത്സവം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ കവിത.

കേരളത്തിൽ കൊറിയോഗ്രഫി പ്രൊഫഷൻ ആക്കിയവർ കുറവാണ്. കൊറിയോഗ്രഫിയിലേക്ക് കുട്ടികളെ കൊണ്ടുവരാൻ മയൂര നൃത്തോത്സവം പോലെ സ്കൂൾ കലോത്സവങ്ങൾ മാറണം. ശാസ്ത്രീയ കലാരൂപങ്ങൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാവണം. സിനിമാ ഗാനങ്ങൾ വെച്ച് ഇപ്പോഴത്തെ തലമുറയ്ക്ക് പെട്ടെന്ന് തന്നെ കോറിയോഗ്രഫി ചെയ്യാൻ സാധിക്കും. എന്നാൽ ശാസ്ത്രീയ നൃത്തം പഠിച്ച ഒരു കുട്ടിയ്ക്ക് ഒരുപക്ഷേ ശാസ്ത്രീയ നൃത്ത ഗാനമിട്ടു കൊടുത്താൽ കൊറിയോഗ്രഫി എളുപ്പമാവില്ല. അവിടെയാണ് മാറ്റം വരേണ്ടത്. പാരമ്പര്യ രീതികളോടൊപ്പം തന്നെ ശാസ്ത്രീയ കലാരൂപങ്ങൾ ഒരു പ്രൊഫഷൻ ആക്കണം. പുതുതായി എന്തെങ്കിലും ചിട്ടപ്പെടുത്താനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കണം. എങ്കിൽ മാത്രമേ ഇത്തരം കലാരൂപങ്ങൾ അന്യം നിന്ന് പോവാതിരിക്കുള്ളൂവെന്നാണ് കവിത പറയുന്നത്.

കുഞ്ഞുങ്ങൾക്ക് ബാല്യകാലം നൽകി

താനെടുത്ത തീരുമാനം തനിക്ക് നൽകിയത് നൃത്തം മാത്രമല്ല, തന്റെ കുഞ്ഞുങ്ങൾക്ക് അവരുടെ ബാല്യകാലമാണ് നൽകിയെന്നാണ് കവിത പറയുന്നത്. നൃത്തത്തിലൂടെ ജീവിതം ഓരോ നിമിഷവും ആസ്വദിക്കുമ്പോൾ എന്റെ രണ്ട് കുഞ്ഞുങ്ങളും സന്തോഷവതികളാണ്. ബാല്യകാലം എന്നത് ജീവിതത്തിലെ മനോഹര കാലമാണ്. തന്റെ ഔദ്യോഗിക ജോലി തുടർന്ന് പോയിരുന്നെങ്കിൽ ജോലി തിരക്കുകൾക്കിടയിൽ മക്കളെ മാറ്റി നിർത്തുമായിരുന്നു. അവരുടെ കാര്യങ്ങൾ ഞാൻ വേറെ ആരെയെങ്കിലും ഏൽപ്പിക്കുമായിരുന്നു. ജോലി ഒഴിവാക്കിയതിൽ ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല. വേദനകൾ പിന്തുടരുന്നുണ്ടെങ്കിലും ജീവിതത്തിലെ ഓരോ നിമിഷവും കുടുംബത്തോടെപ്പം ആസ്വദിക്കുന്നുണ്ട്.

ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ മാനസികമായി തളർന്നു പോയാലാണ് പ്രശ്നം. തളർന്ന ശരീരവുമായി കിടന്നാൽ ഞാൻ കിടന്നു പോകും. പകരം ശരീരത്തെ എന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയെടുക്കുകയാണ് താൻ ചെയ്തെന്ന് കവിത പറയുന്നു. ഇപ്പോൾ പത്ത് വർഷമായി ആലുവയിൽ ഡാൻസ് സ്കൂൾ നടത്തുന്നു. ഇടയ്ക്ക് പരിപാടികളും അവതരിപ്പിക്കാറുണ്ട്.

ഭർത്താവ് സുനിൽ ഇന്റീരിയൽ ഡിസൈനറാണ്. മക്കളായ അനാമിക ബി.ടെക് വിദ്യാർത്ഥിനിയും അനന്യ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

Rincy Madathil