കാവിന്റെ വാതിലുകൾ തുറന്ന് വാളും ചിലമ്പും പുറത്തേക്കെഴുന്നള്ളുകയായി. സന്ധ്യമയക്കങ്ങളെ ചെണ്ടപ്പുറത്തെ കോൽത്താളങ്ങളാൽ ഉണർത്തുന്നതിനും കുരുത്തോല മണക്കുന്ന കാവുകളിൽ എണ്ണത്തിരി നിറഞ്ഞു കത്തുന്ന രാപ്പകലുകൾക്കും
വടക്കേ മലബാർ സാക്ഷിയാവുകയാണ്.
സാധാരണക്കാരന്റെ ദൈവക്കരുവിലേക്കുള്ള പരകായ പ്രവേശത്തിന്റെ കഥകളാൽ ഓരോ തെയ്യപ്പറമ്പുകളും നിറഞ് നിൽക്കും.
വെളിച്ചത്തിന്റെ കൈപിടിച്ച് ഗുളികനും,ഘണ്ഡകര്ണ്ണനും, വീരനും, വീരാളിയും വിഷ്ണുമൂര്ത്തിയും, പുതിയഭഗവതിയും,കതിവനൂര് വീരനും കണ്ടനാര് കേളനും ചാമുണ്ഡിയുമെല്ലാം ഇളം തണുപ്പുള്ള രാത്രികളിലും പുലര്കാലങ്ങളും ചുവടുവെക്കും….ഭക്തിയുടെ പരിവേഷത്തിനുമപ്പുറം ത്രസിപ്പിക്കുന്ന കുറെ കഥകളും തെയ്യങ്ങളിലൂടെ പുനരാവിഷ്കരിക്കപ്പെടും. മണ്ണോട് ചേര്ന്ന് ജീവിച്ച,കാടറിഞ്ഞു വളര്ന്ന,പൊരുതി ജയിച്ച,ചതികളില് മരിച്ചുവീണ തെയ്യങ്ങള് മഞ്ഞള്കുറിയെറിഞ്ഞ് അനുഗ്രഹവുമായി വരുമ്പോള് വടക്കന് മലബാറിന്റെ സംസ്കാരം കൂടിയാണ് നിറമണിയുന്നത്…. ഉത്തരമലബാറില് ഇപ്പോൾ തെയ്യക്കാലമാണ്. കൊളച്ചേരി ചാത്തമ്പള്ളിക്കാവില് തുലാം പത്തിന് നടക്കുന്ന ചടങ്ങുകളോടെയാണ് തെയ്യക്കാലങ്ങളുടെ തുടക്കം കുറിക്കുന്നത്. വിവിധ ഐതിഹ്യങ്ങളുമായി വ്യത്യസ്തമായ തെയ്യക്കോലങ്ങള് ഉറഞ്ഞാടുംമ്പോൾ കേവലം ഭക്തിക്കുമപ്പുറം കലാസ്വാദനത്തിന്റെ തലങ്ങളും നിറഞ്ഞുനിൽക്കും.
തന്നോളം പൊക്കത്തില് എരിഞ്ഞു കത്തുന്ന മേലേരികള്, പുകഞ്ഞു തീരാത്ത ചൂട്ടുവിളക്കുകൾ .മെയ് വഴക്കത്തിന്റെയും കളരിച്ചുവടിന്റെയും പിഴക്കാത്ത ചുവടുകൾ ഇങ്ങനെ ഉദ്വേഗങ്ങൾ അനവധിയാണ് ഈ അനുഷ്ടാന കലാ രൂപത്തിന്.
പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമായാണ് തെയ്യം ഉയർന്നുവന്നത്..
വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശങ്ങളുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമായി മാറുന്നു..
വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ പ്രാർത്ഥിച്ച് ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്. പ്രത്യേകകാലങ്ങളിൽ സമൂഹജീവിതത്തെ സമർത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യ രൂപം കൂടിയാണ് തോറ്റം പാട്ടുകൾ. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും.
തോറ്റക്കാരന്റെയോ തെയ്യക്കാരന്റെയോ ശരീരത്തിൽ ദേവത ആവേശിച്ച് വെളിപാടുകൊള്ളുവാനാണ് ‘തോറ്റം’ പാടുന്നത്. ‘വരവിളി’ തോറ്റത്തിലൂടെ ദേവതയെ ക്ഷണിച്ചുവരുത്തുകയാണു ചെയ്യുന്നത്. ‘തോറ്റ’ത്തിന് ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്ന തരഭേദം ഉണ്ടാകും. മറ്റൊന്ന് വെള്ളാട്ടമാണ്.
തെയ്യം കെട്ടുന്നവർ ചില ചമയങ്ങൾ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ് വെള്ളാട്ടം നടത്തുന്നത്. തെയ്യത്തിന്റെ കൗമാരപ്രായമാണ് വെള്ളാട്ടത്തിലൂടെ അവതരിപ്പിക്കുന്നത്.തെയ്യത്തിന്റെ ചെറിയ രൂപമായ ‘തോറ്റം’ എല്ലാ തെയ്യങ്ങൾക്കും പതിവില്ല. അത്തരം തെയ്യങ്ങൾക്കും തിറകൾക്കും ‘വെള്ളാട്ട’മാണ് പതിവ്. ‘വെള്ളാട്ട’ത്തിന് ‘തോറ്റ’ വേഷത്തേക്കാൾ ഉടയാടകളും മെയ്യലങ്കാരങ്ങളും ഉണ്ടാകും. മുഖത്തുതേയ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. വെള്ളാട്ടമുള്ളവയ്ക്ക് ‘തോറ്റ’മോ, ‘തോറ്റ’മുള്ളവയ്ക്ക് ‘വെള്ളാട്ട’മോ സാധാരണ പതിവില്ലെങ്കിലും, കൂടുതൽ നാളുകളിൽ തെയ്യാട്ടം നടത്തപ്പെടുമ്പോൾ, ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളാട്ടവും തോറ്റവും മാറിമാറി കാണാറുണ്ട്.
തെയ്യാട്ടത്തിന് കോലധാരിയെ കുറേനാളുകൾക്കു മുമ്പേ തീരുമാനിക്കും. ആ ചടങ്ങിന് ‘അടയാളം കൊടുക്കൽ’ എന്നാണ് പറയുക. ദേവതാസ്ഥാനത്തിനു മുന്നിൽവച്ചാണ് ആ ചടങ്ങ് നടത്തേണ്ടത്. വെറ്റിലയും അടയ്ക്കയും പണവും കോലക്കാരന് നല്കി ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേരു പറഞ്ഞ് ഏല്പിക്കണം.വ്രതമെടുക്കേണ്ട കോലമാണെങ്കിൽ അതോടെ വ്രതാനുഷ്ഠാനവും ആരംഭിക്കണം.
തെയ്യം കെട്ടുന്ന കോലധാരികളും കോമരവും സ്ഥാനികരും വ്രതനിഷ്ഠയോടെയിരിക്കണം. കർമസന്നദ്ധതയ്ക്കു വേണ്ടി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി ശുദ്ധീകരിച്ചെടുക്കുവാൻ വ്രതാനുഷ്ഠാനങ്ങൾ സഹായിക്കുമത്രെ. കോലക്കാരൻ ദേവതാഭേദമനുസരിച്ച് മൂന്ന് ദിവസം, അഞ്ച് ദിവസം, ഏഴ് ദിവസം എന്നിങ്ങനെ നിശ്ചിതകാലം വ്രതമെടുക്കും. ‘ഒറ്റക്കോലം’ തുടങ്ങിയ തീക്കോലങ്ങൾക്കും ഭാരമേറിയ മുടി തലയിൽ വഹിക്കേണ്ട തെയ്യങ്ങൾക്കും മറ്റും കൂടുതൽ നാളുകൾ വ്രതമെടുത്തിരിക്കണം. വ്രതമെടുത്തിരിക്കുന്ന സമയത്ത് പ്രത്യേകം കെട്ടിയ കുടിലിൽ വസിച്ച് ശുദ്ധമായ ഭക്ഷണം കഴിക്കണമെന്നാണ് നിയമം. മത്സ്യമാംസാദികളെല്ലാം വർജ്ജിക്കണം. മദ്യം കഴിക്കുന്ന തെയ്യമാണെങ്കിൽപ്പോലും തെയ്യാട്ടത്തിന്റെ കർമാംശമായിട്ടേ മദ്യം കഴിക്കാവൂ.
തെയ്യാട്ടം ആരംഭിക്കുന്നതിന് തലേന്നാൾ തന്നെ കോലക്കാരനും വാദ്യക്കാരുമെല്ലാം തെയ്യസ്ഥലത്തെത്തിയിരിക്കും. സന്ധ്യക്കുമുന്നേ വാദ്യങ്ങൾ കൊട്ടിയറിയിക്കും. തെയ്യാട്ടത്തിന്റെ ചടങ്ങുകൾ ആരംഭിക്കുന്ന ഈ ചടങ്ങിന് തെയ്യം കൂടൽ എന്നാണ് പറയുക.. സന്ധ്യയോടു കൂടിയോ അതിനു മുന്നിലോ ഉച്ചത്തോറ്റം ആരംഭിക്കും. പിന്നീട് വെള്ളാട്ടം ഉണ്ടാകും.ആതിനു ശേഷം കൊടിയിലത്തോറ്റം കാണും. തെയ്യം കെട്ടുന്ന കോലക്കാരൻ ദേവതാസ്ഥാനത്തു മുന്നിൽ ചെന്ന് നിന്ന് അരിയും തിരിയും വെച്ച നാക്കില ഏറ്റുവാങ്ങുന്ന ചടങ്ങാണിത്.. ‘അന്തിത്തോറ്റം’ സന്ധ്യയ്ക്കുശേഷമാണു മിക്ക ദിക്കിലും കണ്ടുവരുന്നത്. ചില ദേവതകൾക്കു ‘വെള്ളാട്ട’മാണ്. അതും സന്ധ്യയ്ക്കു മുമ്പായോ രാത്രിയിലോ നടക്കും. ഉത്സവം തുടങ്ങുന്നതറിയിക്കാൻ ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളടങ്ങിയ ഒരു കൊടി ചെമ്പക മരത്തിലൊ കൊടിമരമുണ്ടെങ്കിൽ അതിലോ കയറ്റും. കാവ് അടിച്ചുവാരി ചാണകം തളിക്കും. പള്ളിയറയിൽ നിന്ന് ഒരു വിളക്കു കത്തിച്ച് അണിയറയിലെ അനുഷ്ഠാന കല്ലിൽ വെയ്ക്കുന്നതോടെ അണിയറ സജീവമാവും.
തെയ്യങ്ങൾക്ക് വേഷമണിയുവാൻ അണിയറയുണ്ടാകും. സ്ഥിരമായി പുര പണിതിട്ടില്ലാത്ത സ്ഥാനങ്ങളിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ മറകെട്ടി അണിയറയുണ്ടാക്കും. മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലുമൊക്കെ പ്രായേണ അണിയറയിൽ നിന്നുതന്നെയാണ് പതിവ്. ചെറിയ മുടിവയ്ക്കുന്ന തെയ്യങ്ങളെല്ലാം അണിയറയിൽനിന്നു കെട്ടിപ്പുറപ്പെട്ടുവരും. എന്നാൽ, വലിയ മുടി വയ്ക്കേണ്ട തെയ്യങ്ങൾ പള്ളിയറയ്ക്കു മുമ്പിൽ വന്ന ശേഷമാണ് മുടി വയ്ക്കുക. പള്ളിയറയ്ക്കു മുമ്പിൽ വന്ന് അരിയും തിരിയും വച്ച നാക്കില വാങ്ങിയശേഷം, വടക്കോട്ടു തിരിഞ്ഞ് നാക്കിലവച്ച്, ‘വരവിളിത്തോറ്റം’ പാടുവാൻ തുടങ്ങും. വച്ചുകെട്ടുവാൻ ശേഷിച്ച അണിയലങ്ങൾ അപ്പോൾ അലങ്കരിക്കും. മുടി അണിയിക്കുന്നതും ആ സന്ദർഭത്തിലത്രെ. ഒടുവിൽ മുകുരദർശനമാണ്. ദേവതാരൂപം കോലക്കാരൻ കണ്ണാടിയിൽ നോക്കിക്കാണുന്നു. താൻ ദേവതയായി മാറിയെന്ന ഭാവം കോലക്കാരനിൽ ജനിപ്പിക്കുവാൻ പ്രസ്തുത ചടങ്ങിനു കഴിയും. സ്ഥാനത്തു നിന്ന് കർമി അരിയെറിയുന്നതും ആ സന്ദർഭത്തിലായിരിക്കും. അതോടെ കോലക്കാരൻ തെയ്യമായി ഉറഞ്ഞുതുള്ളുവാൻ തുടങ്ങും.
വിശ്വാസികള്ക്ക് ദുരിതനിവാരണത്തിനുള്ള ഉപാധിയും കലാസ്വാദകര്ക്ക് ഉത്തമമായ കലയായും തട്ടകത്തില് ഉറഞ്ഞാടുന്ന തെയ്യാട്ടത്തിന്റെ ആദിമ രൂപം സംഘകാല കലാരൂപമായ വേലന് വെറിയാട്ടമാണെന്നാണ് പുതിയ തിരിച്ചറിവ്. സംഘകാല കൃതികളില് പ്രധാനമായ ഇളങ്കോവടികളുടെ ‘ചിലപ്പതികാരത്തി’ലാണ് കുമരിക്കോലം, വേലന് വെറിയാട്ട് തുടങ്ങിയ കലാരൂപങ്ങളെക്കുറിച്ചുള്ള പരാമര്ശമുള്ളത്. അശാസ്ത്രീയമായ രീതിയിലല് ദൃശ്യവത്കരിച്ചിരുന്ന നടപ്പുശീലങ്ങളിലല് നിന്നു മാറ്റി പുതിയ രൂപവും ഭാവവും നല്കി ചിട്ടപ്പെടുത്തിയത് ശ്രീ വല്ലഭന് കോലത്തിരിയും മണക്കാടന് ഗുരുക്കളുമാണെന്നു വിശ്വസിക്കപ്പെടുന്നു.
കലകളില് പ്രാവീണ്യം നേടിയ മഹാമന്ത്രവാദിയായ കരിവെള്ളൂരിലെ വണ്ണാന് സമുദായത്തിലെ മണക്കാടന് ഗുരുക്കളെപ്പറ്റി കേട്ടറിഞ്ഞ വല്ലഭന് കോലത്തിരി അദ്ദേഹത്തെ ചിറക്കല് കോവിലകത്തേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹത്തിന്റെ കഴിവുകളില് സംശയം ഉണ്ടായിരുന്നു. ചില തന്ത്രങ്ങളിലൂടെ അദ്ദേഹത്തെ പരീക്ഷിക്കാന് തീരുമാനിച്ചു. വളപട്ടണം കടവില് നിന്നും തന്ത്രത്തില് തോണിയെ മാറ്റിയപ്പോള് മണക്കാടന് ഗുരുക്കള് മറക്കുട തോണിയാക്കി പുഴ കടന്നു. ഭക്ഷണം പാത്രത്തില് വിളമ്പിയപ്പോള് പാത്രം കഴുകുന്നതു അഭിമാനക്ഷതമായിക്കണ്ട ഗുരുക്കള് കൂവളത്തിലയില് ഭക്ഷണം വിളമ്പാന് ആവശ്യപ്പെട്ടു. ചൂടുള്ള ഭക്ഷണം ഇലയില് വിളമ്പിയപ്പോള് ഇല വേകുകയും ആ ഇല തന്നെ ഭക്ഷണമാക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്റെ കഴിവില് മതിപ്പു തോന്നിയ കോലത്തിരി തന്റെ ഇംഗിതം അറിയിക്കുകയും ഒറ്റ രാത്രികൊണ്ടു ‘ഒന്നു കുറെ നാല്പത്’ (മുപ്പത്തിഒന്പത്) തെയ്യക്കോലങ്ങള് ദൃശ്യവത്കരിച്ചു. അങ്ങനെ മണക്കാടന് ഗുരുക്കള് തെയ്യം കലയുടെ പിതാവായി എന്ന് പറയപ്പെടുന്നു..
അങ്ങനെ ഇടവപ്പാതിയിൽ (ഏകദേശം ജൂൺ പകുതിയോടെ ) വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ ആ കൊല്ലത്തിലെ കളിയാട്ടക്കാലം അവസാനിക്കും. വീണ്ടും അടുത്ത തുലാപ്പത്തിനായുള്ള കാത്തിരിപ്പ് തുടരും.
TNT KANNUR BUREAU PHOTOS SAYOOJ / VISHNU DAS NISHAD