പത്മരാജന്റെ പെണ്ണുങ്ങൾ

സായാഹ്നത്തിന്റെ തുടക്കം. പ്രത്യേകതകളുള്ള വിജനമായ കടപ്പുറം. ഏതോ വിമൻസ് കോളേജിൽ നിന്നുള്ള പത്തുപന്ത്രണ്ടു പെൺകുട്ടികളുടെ ഒരു സംഘം. കൂട്ടത്തിൽ ഒരു പെൺകുട്ടി…..
അവൾ കടപ്പുറത്ത് ഓടി നടക്കുന്ന ഞണ്ടുകളെ ഓടിപ്പിടിക്കാൻ ശ്രമിക്കുന്നു. മരത്തിലുള്ള അരയടിയോളം നീളം വരുന്ന ഒരു പ്രതിമ തിരകളിൽ ഇളകിയാടുന്നു .പ്രതിമ അവളുടെ കണങ്കാലിൽ തൊട്ടു. അവൾ പ്രതിമയെ കൈയിലെടുത്തു. അവൾ അതു വൃത്തിയാക്കി. ടവലിന്റെ തുമ്പുകൊണ്ട് അമർത്തിത്തുടച്ചു.

മലയാളികൾക്ക് നിത്യവിസ്മയമായ ഒരു ചലച്ചിത്രത്തിന്റെ ആദ്യ സീനുകളാണ് മുകളിൽ പറഞ്ഞത്. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും പ്രണയിനിയുടെ ചുണ്ടിലെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരിയെ നമ്മുടെ മുന്നിലേക്ക് ഇറക്കിവിട്ട ‘ഞാൻ ഗന്ധർവ്വൻ’ എന്ന ക്ളാസിക് ചിത്രം. ഏറ്റവുമൊടുവിൽ ഒരു കടൽത്തീരത്ത് ഒരു കൊടുങ്കാറ്റിന്റെ ഒടുവിൽ, അയാൾ മേഘമാലകൾക്കിടയിൽ മറയുമ്പോൾ അവശേഷിക്കുന്ന ഒരു പെണ്ണുണ്ട്, ഭാമ. അവൾ നമ്മുടെയുള്ളിൽ തീർക്കുന്നത് ഒരു വിങ്ങലാണ്. നിത്യവേദനയുടെ കനൽ കോരിയിട്ടുകൊണ്ടുള്ള ക്ലാസിക് ക്ളൈമാക്സ്!

എന്താവും ഒരു മിത്തിലൂടെ പത്മരാജൻ നമ്മളോട് പറയാൻ ശ്രമിച്ചിട്ടുള്ളത്? നമ്മൾ ഓരോരുത്തരും പറയുന്നത് ഓരോ ഉത്തരങ്ങളാവും. അതുതന്നെയാണ് പത്മരാജൻ ബ്രില്യൻസിന്റെ പ്രത്യേകത. വെറും നാല്പത്തിയാറു വർഷങ്ങൾ മാത്രം ഈ ഭൂമിയിൽ ജീവിച്ചശേഷം തന്റെ ഗന്ധർവ്വലോകത്തേയ്ക്ക് മടങ്ങിയ പ്രതിഭ. സംവിധാനം ചെയ്തത് പതിനെട്ടു ചിത്രങ്ങൾ. മുപ്പത്തിയാറു തിരക്കഥകൾ. കൂടാതെ നിരവധി ചെറുകഥകൾ, നോവലെറ്റുകൾ, നോവലുകൾ. 1991 ജനുവരി മാസം അദ്ദേഹം മടങ്ങിയെങ്കിലും ഇന്നും ആ മനുഷ്യൻ നമുക്കിടയിലുണ്ട്. പത്മരാജൻ ചിത്രങ്ങൾ തിയേറ്ററിൽ കാണാൻ ഭാഗ്യം കിട്ടാത്ത പുതുതലമുറയുടെ പോലും സ്റ്റാറ്റസ് ആയും ഇൻസ്റ്റാഗ്രാം റീൽസായും ക്ലാരയും ലോലയും ഭാമയും രതിയും രാധയുമൊക്കെ നിറയുമ്പോൾ പത്മരാജന് മരണമുണ്ടാകുന്നതെങ്ങനെ?

പത്മരാജൻ ; ദുരന്ത കാമനകളും മിസ്റ്റിക് ലോകവും
———————————————————————————
പത്മരാജന്റെ രചനകളിൽ ഒട്ടുമിക്കതിലും കാണുന്ന, എടുത്തു പറയേണ്ട ചില ഘടകങ്ങളുണ്ട്. അതിലൊന്നാണ് മരണം. ദുരന്തകാമനകളുടെ ഗന്ധർവ്വനാണ് പത്മരാജനെന്നു പറഞ്ഞാലും തെറ്റില്ല. തിങ്കളാഴ്ച നല്ല ദിവസം എന്ന ചിത്രത്തിലും മൂന്നാം പക്കത്തിലുമെല്ലാം മരണം ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുവരുന്നുണ്ട്. ദേശാടനക്കിളി കരയാറില്ല, കൂടെവിടെ, രതിനിർവേദം, തകര തുടങ്ങി മിക്ക ചിത്രങ്ങളിലും മരണമെത്തുന്നു. നമ്മെ വേദനകളുടെ ലോകത്തേയ്ക്ക് തള്ളിവിട്ടുകൊണ്ടാവും ഓരോ കഥയും കടന്നുപോകുന്നത്. ദുരന്തമെത്തുന്നത് മരണത്തിന്റെ രൂപത്തിൽ മാത്രമല്ല, വിരഹവും നഷ്ടപ്രണയവും പകയും പ്രതികരവുമൊക്കെയായി നമുക്കുമുന്നിൽ അവതരിക്കും. ജീവിതം ദുഃഖമയമാണെന്ന ബുദ്ധവചനം അടിവരയിടുന്നതാണ് പത്മരാജന്റെ രചനകളെന്നു തോന്നിയിട്ടുണ്ട്. എന്നാൽ വെറും ദുഃഖം മാത്രമല്ല, രതിയും കാമവും ഇറോട്ടിക് പ്രണയവുമൊക്കെ നമ്മിൽ നിറയ്ക്കാൻ ആ മഹാപ്രതിഭയ്ക്കു കഴിഞ്ഞിട്ടുണ്ട്.

മറ്റൊന്ന് മിസ്റ്റിക് ലോകം തീർക്കലാണ്. രതിയും സ്ത്രീയും പത്മരാജന് മിസ്റ്റിക്ക് ആയിരുന്നു. കഥാപാത്രങ്ങളുടെ പേര് പോലും അങ്ങനെയായിരുന്നു. ‘ഇന്നലെ’യിലെ മായ തന്നെ ഉദാഹരണം. രതിനിർവേദത്തിലെ നായികയുടെ പേരുതന്നെ രതിയെന്നാണ്. പത്മരാജന്റെ ‘പെണ്ണുങ്ങൾ’ സുന്ദരിമാരായിരുന്നു , ഒപ്പം ശക്തരും.

പത്മരാജന്റെ ‘പെണ്ണുങ്ങളിൽ’ ചിലർ
————————————————————
തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ഒരു സീൻ നോക്കാം. മലമുകളിൽ ഒരു ഭ്രാന്തൻ നിലവിളിക്കുന്നു. ആ ഭ്രാന്തന്റെ ചങ്ങലയിട്ട കാലുകളിലെ വ്രണമാകാന് ആഗ്രഹിച്ച ക്ലാര. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന ക്ലാര ഒരു മിസ്റ്റിക് കഥാപാത്രമല്ലാതെ മറ്റെന്താണ്? , അതുകൊണ്ടുതന്നെയാണ് ക്ലാര ഇന്നും യുവാക്കളുടെ ഹരമായി നില്ക്കുന്നതും. എന്നാൽ രാധ യാഥാർഥ്യമാണ്. ഭ്രാന്തന്റെ നിലവിളി ഒരു സൂചനയായി കണ്ടതുകൊണ്ടാവുമോ ജയകൃഷ്ണൻ രാധയെ സ്വീകരിച്ചത്? യാഥാർഥ്യത്തിലേക്കും പ്രയോഗികതയിലേക്കുമുള്ള തിരിച്ചുവരവായി ആ ചുവടുമാറ്റത്തെ കാണാം.

സത്യത്തിൽ ആരോടായിരുന്നു ജയക്യഷ്ണനു പ്രണയം. സംശയത്തിനുവകയില്ല ക്ലാരയോടു തന്നെ, അപ്പോൾ രാധയോടുള്ളതോ?. രാധ ഒരിക്കലും അയാളുടെ പ്രണയിനിയല്ല; അയാളുടെ ജീവിത സഖിയാണ്. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യമനസ്സിന്റെ രണ്ടുഭാവങ്ങളാണ് ക്ലാരയും രാധയും. മോഹൻലാലിന്റെ ജയകൃഷ്ണനും സുമലതയുടെ ക്ലാരയും പാർവ്വതിയുടെ രാധയും ജോൺസന്റെ സംഗീതവും മഴയുടെ കുളിരും ചേരുന്ന മനോഹരചലച്ചിത്രകാവ്യമാണ് തൂവാനത്തുമ്പികൾ.

രതിനിർവ്വേദം അനുഭൂതികളുടെ ഒഴുക്കാണ്. ‘അത് ഒളിഞ്ഞും മറഞ്ഞും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് എത്തുന്നു. അത് കേവലം രണ്ട് ഉടലുകളുടെ ബന്ധം മാത്രമല്ല. നമ്മൾ നേരത്തെ പറഞ്ഞ കാമനകളുടെ ആഘോഷം കൂടിയാണ്. സർപ്പക്കാവും സർപ്പദംശനവുമൊക്കെ രതികമാനകളുടെ വൈകാരിക ബിംബങ്ങളായി ചിത്രത്തിൽ കടന്നുവരുന്നുണ്ട്. 1978 – ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം പത്മരാജന്റെ തന്നെ രതിനിർവ്വേദം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. ജയഭാരതി, കൃഷ്ണചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സ്കൂൾ പഠനകാലത്ത് ബോർഡിങ്ങിന്റെ കെട്ടുപാടുകൾക്കുള്ളിൽ തളച്ചിടാൻ വിധിക്കപ്പെട്ട സാലിയുടേയും നിമ്മിയുടേയും കഥയായിരുന്നു ദേശാടനക്കിളി കരയാറില്ല. സാലിയായി ശാരിയും, നിമ്മിയായി കാർത്തികയും വേഷമിട്ട ഈ ചിത്രത്തിൽ മോഹൻലാൽ, ഉർവശി, ജലജ,തുടങ്ങിയവർ അഭിനയിച്ചു.ആണിന്റെ തന്റേടമുള്ള സാലിയും, പെണ്ണിന്റെ സ്വത്വബോധത്തിൽ ഉറച്ചുനിന്നുകൊണ്ട് സാലിയെ അനുസരിക്കുന്ന നിമ്മിയും സ്ത്രീയുടെ രണ്ടുമുഖങ്ങളാണ്. തന്റെ നീളൻ മുടി മുറിച്ച് ആണിനെപ്പോലെ സാലി നടക്കുമ്പോൾ അവളെ അനുസരിച്ച് ഒരു നിഴലായി ഒപ്പം ചേരുന്നവളാണ് നിമ്മി. ലെസ്ബിയൻ പ്രണയമെന്ന കള്ളിയിൽ ഈ ചിത്രത്തെ ഒതുക്കാൻ പലരും ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. എന്നാൽ ശുദ്ധസൗഹൃദത്തിന്റെ ഉത്തമ മാതൃകയാണ് ഈ ചിത്രം. കൃത്യമായ, വ്യക്തമായ നിലപാടുകൾ ഉള്ളവരാണ് പത്മരാജന്റെ സാലിയും നിമ്മിയും.

സ്ത്രീയുടെ കാമനകളിലൂടെയും സ്വാതന്ത്ര്യപ്രഖ്യാപനങ്ങളിലൂടെയും മാത്രമായിരുന്നില്ല പത്മരാജന്റെ തൂലികയുടെ സഞ്ചാരം. തിങ്കളാഴ്ച്ച നല്ല ദിവസം ഏറ്റവും നല്ല ഉദാഹരണമാണ്. മലയാള സിനിമാ ചരിത്രത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളിലൊന്നാണ് ജാനകിയമ്മ. അവർ കരുതലുള്ള കരുണയുള്ള സ്ത്രീയാണ്. എന്നാൽ വളരെ കാർക്കശ്യക്കാരിയുമാണ്. തകർന്ന വീട് വിൽക്കാനുള്ള മക്കളുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോഴുള്ള അവരുടെ മൗനം ആഴത്തിലുള്ളതാണ്. പറമ്പിലെ മരങ്ങൾക്ക് മക്കളുടെ പേരിട്ട അമ്മ. പശുക്കളും ആടുകളും നിറയെ മരങ്ങളുമുള്ള അവരുടെ ലോകം എത്ര വിശാലമാണ്. ഒറ്റ ദിവസം കൊണ്ട് അവരെ വൃദ്ധസദനത്തിലേക്ക് പറിച്ചുമാറ്റുമ്പോൾ അവർ പ്രതിഷേധിക്കുന്നില്ല, പകരം പിൻവാങ്ങുകയാണ് ചെയ്യുന്നത്. നിശബ്ദമായ മരണത്തിലൂടെ! ജാനകിയമ്മ ശക്തയാണെന്ന് കാണിക്കാൻ ഇതിനേക്കാൾ വലിയ ഉദാഹരണമില്ലല്ലോ.

പത്മരാജന്റെ സ്ത്രീകഥാപാത്രങ്ങൾ. അവർ ഒരിക്കലും ആണിന്റെ ചിറകുകൾക്കുള്ളിൽ ഒതുങ്ങുന്നില്ല. തന്റെതായ വ്യക്തിത്വം ഉള്ളവരാണ്. ആത്മാഭിമാനത്തേക്കാൾ വലിയ നഷ്ടമല്ല ശരീരത്തിനേൽക്കുന്നത് എന്ന് ഉത്തമ ബോധ്യമുള്ളവർ. നമുക്ക് പാർക്കാൻ മുത്തിരിത്തോപ്പുകൾ എത്ര സുന്ദരമായ ചിത്രമാണ്. ഉത്തമഗീതങ്ങളിലൂടെ പ്രണയം പറഞ്ഞുപോയ ചിത്രം അതിന്റെ ക്ലൈമാക്സിലെത്തുമ്പോൾ പറയുന്നത് എത്ര വിപ്ലവാത്മകമായ ചിന്തയാണ്. കല കാലാതിർത്തിയാവുന്നതും മാറ്റത്തിന്റെ നന്ദി കുറിക്കുന്നതും അവിടെയാണ്.

ഉദാഹരണങ്ങൾ ഇനിയും അനേകമുണ്ട്. ഇന്നലെയിലെ ഓർമ്മകൾ നഷ്ടപ്പെട്ട മായ, കൂടെവിടെയിലെ ആലീസ് ടീച്ചർ, അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ മാളുവമ്മ, തകരയിലെ സുഭാഷിണി, ശാലിനി എന്റെ കൂട്ടുകാരിയിലെ ശാലിനി, ഞാൻ ഗന്ധർവ്വനിലെ ഭാമ ഇങ്ങനെ എത്രയെത്ര സ്ത്രി കഥാപാത്രങ്ങളാണ് പത്മരാജൻ നമുക്ക് സമ്മാനിച്ചത്. പത്മരാജന്റെ പെണ്ണുങ്ങൾ കരുത്തുള്ളവരായിരുന്നു. ഉള്ളിൽ കലഹം കാത്തപ്പോഴും, കരുതലുള്ളവരായിരുന്നു. അതുകൊണ്ടുതന്നെയാണ് അവർ കാലാതിവർത്തികളാവുന്നതും.

അനീഷ് തകടിയിൽ