അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടില്‍ അനാവശ്യസാധനങ്ങള്‍ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രിയും ദേവസ്വം ബോര്‍ഡും. ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ സാധനങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്തുനല്‍കി. ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയില്‍ ഉപയോഗിക്കുന്നില്ല. പ്ലാസ്റ്റിക്കും വിലക്കി. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലും കെട്ടുനിറയ്ക്കുമ്പോള്‍ തന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ ഗുരുസ്വാമിമാരോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഇതൊടൊപ്പം കേരളത്തിലെ മറ്റുദേവസ്വംബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍, കമ്മിഷണര്‍മാര്‍, എ.ഒ.മാര്‍ തുടങ്ങിയവരെയും തന്ത്രിയുടെ നിര്‍ദേശം അറിയിക്കും.
ഇരുമുടിക്കെട്ടില്‍ രണ്ടുഭാഗങ്ങളാണുള്ളത്. മുന്‍കെട്ട്: ശബരിമലയില്‍ സമര്‍പ്പിക്കാനുള്ള സാധനങ്ങള്‍. പിന്‍കെട്ട്: ഭക്ഷണപദാര്‍ഥങ്ങള്‍. പണ്ടൊക്കെ ഭക്തര്‍ കാല്‍നടയായി വന്നിരുന്നപ്പോഴാണ് ഇടയ്ക്ക് താവളമടിച്ച് ഭക്ഷണമൊരുക്കാന്‍ അരി, നാളികേരം തുടങ്ങിയവ പിന്‍കെട്ടില്‍ കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ എല്ലായിടവും ഭക്ഷണസൗകര്യമുള്ളതിനാല്‍ അതിന്റെ ആവശ്യമില്ല. പിന്‍കെട്ടില്‍ കുറച്ച് അരി കരുതിയാല്‍മതി. ഇത് ശബരിമലയില്‍ സമര്‍പ്പിച്ച് വെള്ളനിവേദ്യം വാങ്ങാം. മുന്‍കെട്ടില്‍ വേണ്ടത്: ഉണക്കലരി, നെയ്‌ത്തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെററില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവമാത്രം.