ലോക രാഷ്ട്രീയത്തിൽ വലിയ ശക്തികൾ തമ്മിലുള്ള സംഘർഷങ്ങൾ ശക്തമാകുമ്പോൾ പോലും ഇന്ത്യ സമതുലിതമായ നയതന്ത്രത്തിലൂടെ സ്വന്തം ദേശീയ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഹോർമോസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഭവങ്ങൾ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഈ കടൽപാത വഴി ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി എണ്ണ കൊണ്ടുവരുന്നത് ഇന്ത്യയുടെ നയതന്ത്ര ശക്തിയുടെ തെളിവാണ്. ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് ഈ കടൽപാത ഉപയോഗിക്കാൻ അനുമതി നൽകിയതും, ഇന്ത്യയോടുള്ള വിശ്വാസം എത്ര ശക്തമാണെന്ന് വ്യക്തമാക്കുന്ന സംഭവമാണ്
ഇറാനുമായി ഇന്ത്യ പുലർത്തുന്ന ബന്ധം വെറും ഊർജ വ്യാപാരത്തിൽ ഒതുങ്ങുന്നതല്ല. ചാബഹാർ തുറമുഖത്തിന്റെ വികസനം അതിന്റെ മികച്ച ഉദാഹരണമാണ്. ഇന്ത്യയുടെ സഹായത്തോടെ വികസിപ്പിച്ച ഈ തുറമുഖം ദക്ഷിണേഷ്യയെയും മധ്യേഷ്യയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന വ്യാപാരകേന്ദ്രമായി മാറുകയാണ്. ഇത് ഇന്ത്യയ്ക്ക് സാമ്പത്തികമായി മാത്രമല്ല, തന്ത്രപ്രധാനമായും വലിയ നേട്ടമാണ്. ഇതിലൂടെ ഇന്ത്യയ്ക്ക് മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പുതിയ വ്യാപാരപാതകൾ തുറക്കാൻ സാധിച്ചു.
യുദ്ധസാഹചര്യങ്ങളിൽ സ്വന്തം പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളും ലോകത്ത് വലിയ ബഹുമാനം നേടി. വിവിധ രാജ്യങ്ങൾ ഇന്ത്യയുടെ വിമാനങ്ങൾക്ക് യുദ്ധഭൂമികളിൽ പോലും ഇറങ്ങാൻ അനുമതി നൽകിയതും ഇന്ത്യയോടുള്ള വിശ്വാസത്തിന്റെ തെളിവാണ്. ഇന്ന് ലോകം ഇന്ത്യയെ ഒരു സൈനിക ശക്തിയായി മാത്രം കാണുന്ന്നതിനൊപ്പം വിശ്വസിക്കാവുന്ന നയതന്ത്ര ശക്തിയായും കാണുന്നു.
