മലപ്പുറം: ജില്ലയുടെ മലയോര മേഖലകളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും ശക്തമാക്കി. കാളികാവിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെവുന്തറ സ്വദേശി അബ്ദുൽ സത്താർ (45) മരിച്ചു. വണ്ടൂർ, കാളികാവ് ആരോഗ്യ ബ്ലോക്കുകളിലായി 66 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകൾ, കൂൾബാറുകൾ, രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് കർശന പരിശോധന ആരംഭിച്ചു. വണ്ടൂരിലും കാളികാവിലുമായി രണ്ട് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചതായും റിപ്പോർട്ടുണ്ട്.
രോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നതടക്കമുള്ള പ്രതിരോധ നടപടികൾ പുരോഗമിക്കുകയാണ്. രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
