സംസ്ഥാനത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപദ്ധതികൾ നടപ്പിലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്ത്, സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രോജക്ടിനുള്ള പുരസ്കാരം കരസ്ഥമാക്കി. 2023-24 കാലഘട്ടത്തിൽ, എച്ച്. ഐ. വി. നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് ‘സുരക്ഷ പദ്ധതി’ രാജ്യത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പിലാക്കിയ ടാർഗെറ്റഡ് ഇന്റർവെൻഷൻ പദ്ധതിയാണ്. ഈ പദ്ധതിയുടെ പ്രവർത്തന മേഖല, എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ള പ്രത്യേക വിഭാഗങ്ങളിലേക്കാണ്. അണുബാധ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു.
സുരക്ഷാ പദ്ധതി, സ്ത്രീ ലൈംഗിക തൊഴിലാളികൾക്കിടയിലും മറ്റ് അപകടസാധ്യത കൂടിയ വിഭാഗങ്ങൾക്കിടയിലും സേവനം എത്തിക്കുന്നു. ഹൈ റിസ്ക് വിഭാഗങ്ങളെ നേരത്തെ കണ്ടെത്തുകയും, HIV, VDRL, Hepatitis C, TB എന്നിവയ്ക്കുള്ള ടെസ്റ്റുകൾ, ചികിത്സ, കൗൺസിലിങ് എന്നിവ നൽകുന്നു.
സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി, സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി നടത്തിയ വാൻ ബോധവത്കരണ ക്യാമ്പയിൻ, തീരദേശ ക്യാമ്പയിൻ എന്നിവയിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് എച്ച്. ഐ. വി. സ്റ്റാറ്റസ് അറിയുന്നതിനായും, ഫോക് കലാപരിപാടികൾ ഉൾപ്പെടെ എച്ച്. ഐ. വി. അവബോധം സൃഷ്ടിക്കുന്ന പരിപാടികളും സംഘടിപ്പിച്ചു.
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് ത്രിശൂർ ടൗൺ ഹാളിൽ നടന്ന സംസ്ഥാന തല എയ്ഡ്‌സ് ദിനാചരണ പരിപാടിയിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖാ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺനസീബ അസീസ്,സുരക്ഷാ പ്രോജക്ട് കോഡിനേറ്റർ ഹമീദ്എന്നിവർ സന്നിഹിതരായിരുന്നു.
ഈ പുരസ്കാരം, മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ടിന്റെ പ്രവർത്തനങ്ങളുടെ ഗുണമേന്മയെ അംഗീകരിക്കുന്നതും, സമൂഹത്തിലെ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സമഗ്രമായ സമീപനത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു.