സ്ത്രീകൾക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർക്കും ആശ്വാസം
ഗുരുവായൂർ |
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ 1 മുതൽ പുതിയ സംവിധാനം നിലവിൽ വരും
ദർശനത്തിനായി ദീർഘനേരം പൊതുക്യൂവിൽ കാത്തുനിൽക്കേണ്ടിവരുന്ന സ്ത്രീകൾക്കും ചെറിയ കുട്ടികൾക്കും ആശ്വാസം നൽകുകയാണ് പുതിയ ക്രമീകരണത്തിന്റെ ലക്ഷ്യം.
ക്ഷേത്രത്തിന് പുറത്തുനിന്ന് ക്യൂ
ക്ഷേത്രമതിൽക്കെട്ടിന് പുറത്തുനിന്നായിരിക്കും വനിതകൾക്കുള്ള പ്രത്യേക ക്യൂ ആരംഭിക്കുക. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും സ്ത്രീകൾക്കൊപ്പം ഈ ക്യൂവിൽ പ്രവേശിക്കാം.
നിലവിലുള്ള ക്യൂ സംവിധാനങ്ങൾ ഘട്ടംഘട്ടമായി ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റുന്നതും ദേവസ്വം പരിഗണിക്കുന്നുണ്ട്. ഇതിനായി വിശദമായ പഠനം നടത്തും.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലുമാണ് പുതിയ ക്രമീകരണം സംബന്ധിച്ച വിവരം അറിയിച്ചത്.
