കോഴിക്കോട് |
റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനക്കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. നേരത്തെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ചിലരെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. മാമിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്ന സൂചനയും പുതിയ തെളിവുകളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം.
2023 ഓഗസ്റ്റ് 21നാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതായത്. വീട്ടിൽനിന്ന് പുറത്തുപോയ അദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആദ്യഘട്ടത്തിൽ നടക്കാവ് പൊലീസും പിന്നീട് പ്രത്യേക അന്വേഷണസംഘവും കേസ് അന്വേഷിച്ചെങ്കിലും മാമിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ കണ്ടെത്താനായില്ല. കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
അന്വേഷണത്തിൽ ലഭിച്ച ശാസ്ത്രീയവും ഡിജിറ്റലുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാമിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തി. ഇതേത്തുടർന്ന് തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഇപ്പോൾ കേസിൽ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും വിളിപ്പിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. മാമിയെ ആരാണ് തട്ടിക്കൊണ്ടുപോയത്, എവിടെയാണ് തടവിൽ പാർപ്പിച്ചത്, സംഭവത്തിന് പിന്നിലെ ലക്ഷ്യം എന്താണ് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
മൂന്നു വർഷത്തിലേറെയായി ദുരൂഹമായി തുടരുന്ന കേസിൽ പുതിയ നീക്കങ്ങൾ നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.
