അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപന ങ്ങളിൽ ജോലി ചെയ്യാൻ പാടില്ല മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.അധ്യാപക തസ്തികകള്‍ ഉണ്ടായാല്‍ നിയമിക്കാന്‍ പിഎസ്‌സി ലിസ്റ്റുകള്‍ തന്നെ നിലവില്‍ ഉണ്ട്. സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാന്‍ പിടിഎ അധികൃതരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ പൊതു വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെട്ടത് പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടെയാണ്. ആ പിന്തുണ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു