കോഴിക്കോട് : ഗതാഗതനിയമലംഘനങ്ങളിൽ ജാഗ്രതയോടെ പൊതുജനങ്ങളും. പരിവാഹൻ ആപ്പിലെ ‘സിറ്റിസൺ സെന്റിനൽ’ സംവിധാനത്തിൽ ഒന്നര മാസത്തിനിടെ ലഭിച്ചത് 4098 പരാതികൾ. ഇതിൽ 1942 എണ്ണത്തിൽ പിഴയീടാക്കാനുള്ള നടപടികൾ മോട്ടോർ വാഹനവകുപ്പ് സ്വീകരിച്ചുകഴിഞ്ഞു.ബാക്കിയുള്ള 2156 പരാതികളിൽ ചിലതിൽ കഴമ്പില്ലെന്നും മറ്റു ചിലതിൽ നിയമലംഘനം വ്യക്തമല്ലെന്നും ചിലതിൽ വാഹനത്തിന്റെ നമ്പർ വ്യക്തമല്ലെന്നും കണ്ട് തള്ളി. ഇ-ചലാൻ നൽകിയാണ് പിഴയീടാക്കുന്നത്. ചിത്രങ്ങളായും വീഡിയോകളായുമാണ് പരാതി ലഭിച്ചിട്ടുള്ളത്.
അനധികൃത പാർക്കിങ്, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, അശ്രദ്ധമായ ഡ്രൈവിങ്, അനുവദനീയമായതിൽ കൂടുതൽ ആളുകളെ വാഹനത്തിൽ കയറ്റൽ, ഫോൺ ഉപയോഗം തുടങ്ങിയ പരാതികളാണ് സിറ്റിസൺ സെന്റിനലിൽ എത്തിയിട്ടുള്ളത്. 75 ശതമാനം പരാതികളും വഴിതടഞ്ഞുള്ളതും അപകടസാധ്യതയുള്ളതുമായ പാർക്കിങ്ങിനെച്ചൊല്ലിയാണ്.ഒക്ടോബർ പകുതിയോടെയാണ് സിറ്റിസൺ സെന്റിനൽ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയത്. എറണാകുളത്തുനിന്നാണ് ഏറ്റവും കൂടുതൽ പരാതികളെത്തിയിട്ടുള്ളത്- 842. തിരുവനന്തപുരം-724, പാലക്കാട്-486, തൃശ്ശൂർ-360, മലപ്പുറം-332, കൊല്ലം-309 എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം. കാസർകോടാണ് ഏറ്റവും കുറവ്-67. വയനാട്ടിൽ നിന്ന് 81 പരാതികളും ലഭിച്ചു.
പരാതി നൽകേണ്ടത് ഇങ്ങനെ എംപരിവാഹൻ ആപ്പ് തുറക്കുക. അതിൽ സിറ്റിസൺ സെന്റിനൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ റിപ്പോർട്ട് ട്രാഫിക് വയലേഷൻ എന്നത് തിരഞ്ഞെടുത്ത് പരാതി നൽകാം. ചിത്രമായും വിഡിയോയായും അയയ്ക്കാനാകും. വാഹനത്തിന്റെ നമ്പർ നൽകാനായാൽ നടപടി വേഗത്തിലാക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. പരാതിയുടെ നിലവിലെ സ്ഥിതിയറിയാനും ഇതിൽ സംവിധാനമുണ്ട്.