അപകടമരണം നടപടി കർശനമാക്കാൻ സർക്കാർ സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കേണ്ടത് ആർ.ടി.എ

തിരുവനന്തപുരം: മത്സരയോട്ടത്തിൽ അപകടമുണ്ടാക്കുന്ന സ്വകാര്യബസ്സുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യേണ്ടത് ജില്ലാ കളക്ടർ അധ്യക്ഷനായ റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). സ്വകാര്യബസ്സുകളുടെ മത്സരയോട്ടം ഒട്ടേറെപ്പേരുടെ മരണത്തിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് അപൂർവമായി സ്വീകരിച്ചിരുന്ന കടുത്ത നടപടി വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചത്.ആർ.ടി.എ. അർധ ജുഡീഷ്യൽ സമിതിയാണെങ്കിലും നിർദേശം നൽകാൻ സർക്കാരിന് അധികാരമുണ്ട്. സ്റ്റേജ് കാരേജുകൾക്ക് (റൂട്ട് ബസുകൾ) പെർമിറ്റ് നൽകുക, പുതിയ റൂട്ട് നിർണയിക്കുക, സ്റ്റാൻഡുകളും സ്റ്റോപ്പുകളും അനുവദിക്കുക തുടങ്ങിയ ചുമതലകളാണ് ആർ.ടി. അതോറിറ്റികൾക്കുള്ളത്.

ജില്ലാ കളക്ടർ ചെയർമാനായ സമിതിയിൽ സെക്രട്ടറിയായി ആർ.ടി.ഒ., പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ, അനൗദ്യോഗിക അംഗം എന്നിവരാണുള്ളത്. റൂട്ട് ബസുകളുടെ നിയമലംഘനങ്ങൾ മോട്ടോർവാഹനവകുപ്പിനും പോലീസിനും ആർ.ടി.എ.യിൽ അറിയിക്കാം. എന്നാൽ, ഭൂരിഭാഗം കേസുകളിലും വിശദറിപ്പോർട്ട് നൽകാറില്ല. പിഴ ഈടാക്കി കേസൊതുക്കും. ഇത് അവസാനിപ്പിക്കാനാണ് ഉന്നതതലയോഗത്തിലെ തീരുമാനംഅതേസമയം, സ്വകാര്യബസ്സുകൾക്ക് ഊഴംവെച്ച് രാത്രി സർവീസ് നടത്താൻ അനുമതി നൽകിയത് നിയമവിരുദ്ധമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പെർമിറ്റ് അപേക്ഷയോടൊപ്പം ഉടമ നൽകുന്ന റൂട്ടാണ് ആർ.ടി.എ. അംഗീകരിക്കുന്നത്. നിയമപ്രകാരം പെർമിറ്റിലുള്ള സമയത്ത് ബസ് ഓടിക്കേണ്ടതുണ്ട്.

ഇതിൽ ആർ.ടി.ഒ.മാർ തന്നെ സമവായം കണ്ടെത്തി രാത്രികാലങ്ങളിൽ ഒരു ബസ് വീതം ഊഴംവെച്ച് ഓടിക്കാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ആക്ഷേപം.