തിരുവനന്തപുരം : പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‌മ കുറ്റക്കാരി. ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. അതേസമയം അമ്മാവനും കുറ്റക്കാരനെന്ന് കോടതി.
കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്‌ജി എംഎം ബഷീറാണ് വിധി പറഞ്ഞത്. ശിക്ഷാവിധി നാളെ. ഗ്രീഷ്‌മയ്‌ക്കെതിരെ കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ തെളിഞ്ഞു.
ക്രൂരകൃത്യം ഇങ്ങനെ: 2022 ഒക്‌ടോബർ 14നാണ് സംഭവം. ഷാരോണും ഗ്രീഷ്‌മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്‌മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും അത് ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ പദ്ധതിയിടുകയായിരുന്നു.
ആദ്യം ജ്യൂസ് ചലഞ്ച് നടത്തി. പാരസെറ്റാമോള്‍ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചായിരുന്നു ആദ്യ ശ്രമം. ദേഹാസ്വസ്ഥ്യമുണ്ടായെങ്കിലും അന്ന് ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീട് വീട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ക്രൂരത. കഷായത്തിൽ കീടനാശിനി കലർത്തി കൊടുക്കുകയാണ് ഗ്രീഷ്‌മ ചെയ്‌തത്.ഇത് കഴിച്ച് ദേഹാസ്വസ്ഥ്യമുണ്ടായ ഷാരോണിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 11 ദിവസം ചികിത്സയിലായിരുന്നു ഷാരോണ്‍. ആന്തരികാവയവങ്ങൾ തകർന്ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങി. മജിസ്‍ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ സുഹൃത്തിനോടും അച്‌ഛനോടും ഗ്രീഷ്‌മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
ഷാരോണിന്‍റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്‌ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്. ശേഷം പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തപ്പോള്‍ ഗ്രീഷ്‌മ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിനാണ് ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെയും നിർമ്മല കുമാരൻ നായരെയും കേസിൽ പ്രതി ചേർത്തത്.
പൊലീസ് കസ്‌റ്റഡിയിലിരിക്കെ ഗ്രീഷ്‌മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ഒരു വർഷം ജയിലിൽ കിടന്ന ശേഷമായിരുന്നു ഗ്രീഷ്‌മ ജാമ്യത്തിൽ ഇറങ്ങിയത്. 2023 ജനുവരി 25നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കേരളത്തിൽ വിചാരണ നടത്താൻ കഴിയില്ലെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് കുറ്റപത്രം നൽകിയത്. 2024 ഒക്‌ടോബർ 15ന് തുടങ്ങിയ വിചാരണ 2025 ജനുവരി മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസിൽ കോടതി വിസ്‌തരിച്ചത്.