2023 ഒക്ടോബർ 15 സമയം വൈകുന്നേരം 6 മണി, സായം സന്ധ്യ. മുംബൈയിലെ ജാഗ രൺ ഫിലിം ഫെസ്റ്റിവൽ പുരസ്കാര വേദി. നിറഞ്ഞസദസ്സ്. പ്രഗൽഭരാൽ സമ്പന്നം. പുരസ്കാര പട്ടികയിൽ റാണി മുഖർജി, സന്തോഷ് ശിവൻ ഉൾപ്പെടെ ലബ്ധപ്രതിഷ്ഠരായ പ്രതിഭകൾ. നിറഞ്ഞു കവിഞ്ഞ, ആഘോഷതിമിർപ്പിലാർന്ന, വേദിയും സദസ്സും ജാഗരൺ ഫെസ്റ്റിവലിന്റെയും, പുരസ്ക്കാരത്തിൻ്റെയും മഹത്വം എത്രമാത്രമുണ്ടെന്ന് വിളിച്ചോതുന്നുണ്ട്. ഏഴായിരത്തിലുമധികം തിരക്കഥകൾ സമർപ്പിക്കപ്പെടുന്ന, അതിൽ നിന്ന് മികച്ച അഞ്ഞുറോളം തിരക്കഥകൾ മാത്രം തിരഞ്ഞെടുത്ത്, ഏതൊരു വിഭാഗത്തിലും ഏറ്റവും മികച്ചവയ്ക്ക് മാത്രം അവാർഡ് നൽകുന്ന, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവലിംഗ് ഫെസ്റ്റിവൽ എന്ന് തന്നെ വിളിക്കാവുന്ന ചലച്ചിത്രോത്സവമാണ്, ജാഗരൺ.ആ അർത്ഥത്തിൽ പരിഗണിച്ചാൽ, പുരസ്കാര ജേതാക്കൾ ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ പ്രതിഭകളിൽ ഉൾപ്പെട്ടവരാണെന്ന് സമ്മതിക്കേണ്ടിവരും.
2023ലെ ജാഗരൺ ചലച്ചിത്രോത്സവവും, പുരസ്കാരങ്ങളും പുരസ്ക്കാര വേദിയും നമുക്കും പ്രിയപ്പെട്ടതാകുന്നത്, എഴുപത്തിരണ്ടുകാരനായ ഒരു കോഴിക്കോട്ടുകാരൻ്റെ സാന്നിധ്യം കൊണ്ടാണ്. അദ്ദേഹത്തിൻ്റെ അമ്പതു വർഷക്കാലത്തെ കലാജീവിതം സാർത്ഥകമായി തീരുന്ന അനർഘ നിമിഷങ്ങൾ അയാളുടെ കണ്ണുകളെ ഈറന ണിയിക്കുന്നതിൻ്റെ പൊരുൾ നമുക്കും തിരിച്ചറിയാനാവുന്നത് കൊണ്ടാണ്..ജയരാജൻ കോഴിക്കോട്,

ആത്മാർത്ഥമായ അധ്വാനവും പ്രാർത്ഥനകളും കാത്തിരിപ്പും വൃഥാവിലാവില്ലെന്ന സത്യത്തിനു അടിവര ചാർത്തുന്നതാണ്, ഈ കോഴിക്കോട്ടുകാരന്റെ ജീവിതം. തെളിഞ്ഞു കത്തുന്ന അലങ്കാര ദീപങ്ങൾക്ക് കീഴെ ഉയർന്ന ശിരസ്സും തെളിഞ്ഞ മനസ്സുമായി അയാൾ നിവർന്നു നിൽക്കുന്ന ഈ അനർഘ നിമിഷത്തിൽ ജയരാജൻ എന്ന ഈ പച്ച മനുഷ്യൻ ഓർത്തെടുക്കാൻ ഏറെയുണ്ട്…
പിറന്നു വീണ് ഒന്നരയാണ്ട് തികയും മുമ്പേ അച്ഛൻ കാലയവനികയ്ക്ക് അപ്പുറത്തേക്ക് മറഞ്ഞു പോയ, ദാരിദ്ര്യം കരിതേച്ചു തുടങ്ങിയ കുടുംബത്തിലെ ഒരു കുഞ്ഞിന്, സത്യത്തിൽ നാടകവും കലയുമെല്ലാം തീണ്ടാപ്പാടകലെ വേറിട്ട് നിൽക്കേണ്ടതാണ്. എന്നാൽ ജയരാജൻ്റെ കാര്യത്തിൽ മറിച്ചൊരു തിരക്കഥയാണ് വിധി കരുതിവെച്ചത്. പ്രായം നാലോ അഞ്ചോ ഉള്ളപ്പോൾ തന്നെ അയാൾ ആരംഭിച്ചു. കലയോടൊപ്പമുള്ള ഈ പ്രയാണം.
കോഴിക്കോട്ട്, പുതിയറ, പുളിക്കൽപറമ്പ് തറവാടിന്റെ പരിസരങ്ങളിൽ തിരുവാതിര നാളിൽ രാത്രികളെ നിദ്രാ വിഹീനങ്ങളാക്കാൻ വീടിൻ്റെ പരിസരത്തുള്ള സമപ്രായ ക്കാരായ കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം മുഖത്ത് കരിയും പൗഡറും വാരിതേച്ച്കാട്ടികൂട്ടിയ കളിയ്ക്ക് പേര് ശരിക്കും നാടകമാണോ എന്നറിയില്ല, പക്ഷെ അത് കളിക്കാതിരിക്കാൻ അന്ന് നിവൃത്തി ഇല്ലായിരുന്നു, കാരണം അന്നാണ് സ്വന്തമായി കയ്യിൽ നാണയ തുട്ടുകൾ ആയിട്ടെങ്കിലും കുറച്ചു പൈസ കിട്ടുന്നത്. അത് വേണ്ടെന്ന് വെക്കാൻ ആവില്ലായിരുന്നു. പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാവുന്നു, ആ നേരമ്പോക്കുകളിൽ നിന്നാണ് നാടകത്തിൻ്റെ മർമ്മം തേടിയുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചത്.
സ്കൂളിൽ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് ആദ്യമായി ശരിക്കും ഒരു നാടകത്തിൽ അഭിനയിക്കുന്നത്. ‘കണ്ണൻ ചിരട്ട’എന്ന നാടകത്തിലെ സ്ത്രീ വേഷം.
ഹൈസ്കൂൾ തലത്തിൽ എത്തിയപ്പോൾ കോഴിക്കോട് ദേശപോഷിണി, സെൻ ഗുപ്ത തുടങ്ങി തറവാട്ടു പരിസരത്തുള്ള സംഘടനകളുമായി ബന്ധപ്പെടാൻ തുടങ്ങിയതോടെ നാടകത്തിനോടും കലയോടുമുള്ള ആഭിമുഖ്യവും കാഴ്ചപ്പാടുകളും മാറി മറിഞ്ഞു. ഇത്തിരി കൂടി ഗൗര വതരമായി സമീപിക്കാൻ തുടങ്ങി. സെൻ ഗുപ്ത വായന ശാലയുടെ ബാല സംഘത്തിൽ അംഗമായതോടെ കലാ പ്രവർത്തനങ്ങളിലും മറ്റും കൂടുതൽ സജീവമായി. എല്ലാ വർഷവും വായനശാല വാർഷിക പരിപാടികൾ സംഘടി പ്പിക്കുകയും അവിടെ അവരുടെ ഒരു നാടകം അരങ്ങേ റുകയും പതിവായിരുന്നു. അതിലെല്ലാം സജീവമായി പ ങ്കെടുക്കുകയും അതേ ക്ലബ്ബിന് വേണ്ടി, കോഴിക്കോട് ടൗ ൺ ഹാളിൽ അരങ്ങേറിയ ‘എനിക്ക് ഗുസ്തി പഠിക്കേണ്ട’ എന്ന നാടകത്തിൽ അഭിനയിച്ചതാണ് ജീവിതത്തിൽ ആദ്യമായി ഒരു വലിയ സ്റ്റേജിൽ കയറിയത്.
കോഴിക്കോടിൻ്റെ നാടക പാരമ്പര്യത്തിന് മാറ്റേകിയ യു ഡി എ ( യുണൈറ്റഡ് ഡ്രാമറ്റിക് അക്കാദമി ) യുടെ പാളയത്തുള്ള ഓഫീസിനു മുന്നിൽ മക്കാട്ട് എന്ന കലാകാരൻ വരച്ച നാടക പരസ്യത്തിൻ്റെ ബോർഡുകൾ ഓടിച്ചു കൊണ്ടിരിക്കുന്ന ഓട്ടോ റോഡരികിൽ നിർത്തി വെച്ച് കണ്ണിമ വെട്ടാതെ നോക്കി നിൽക്കുമായിരുന്നു. ഓരോ തവണ അതിലെ പോകുമ്പോഴും വരച്ചു വെച്ച ചിത്രങ്ങളിൽ ഒന്നിന് തന്റെ മുഖഛായ വരുന്ന കാലം കിനാവ് കാണുമായിരുന്നു. യു ഡി എ യുടെ തട്ടകങ്ങളിൽ വേഷങ്ങൾ പകർന്നാടാൻ കിനാവ് കണ്ടവൻ ആദ്യം അരങ്ങൊരുങ്ങിയത് പക്ഷെ, അണിയറയിൽ ഗിറ്റാർ വായിക്കാനായിരുന്നു. എങ്ങിനെയെങ്കിലും അവിടെ കയറി പറ്റുക എന്നത് ത ന്നെയായിരുന്നു അന്നത്തെ ഏറ്റവും വലിയ ലക്ഷ്യം. കാരണം യു ഡി എ യുടെ തട്ടകങ്ങളിൽ അരങ്ങേറിയ നാടകങ്ങൾക്കും കഥാപാത്രങ്ങൾക്കും അക്ഷരങ്ങൾ കൊണ്ടും രൂപ-ഭാവങ്ങൾ കൊണ്ടും ആത്മാവേകിയത് കോഴിക്കോട്ടെ എന്നല്ല കേരളത്തിലെ തന്നെ പ്രഗത്ഭരായ എഴുത്തുകാരും നടീ നടന്മാരും ആയിരുന്നു. എ.കെ. പുതിയങ്ങാടി, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്ക്കരൻ തുടങ്ങി എണ്ണം പറഞ്ഞ പ്രതിഭകൾക്കൊപ്പം അരങ്ങിലെത്താൻ കൊതിക്കാത്തവർ ആരുണ്ട്..!
യു ഡി എ ഓർക്കസ്ട്രാ ട്രൂപ്പ് തുടങ്ങാൻ തയ്യാറെടുക്കുന്ന സമയമായിരുന്നു അത്. ആ ട്രൂപ്പിൽ ഗിറ്റാറിസ്റ്റ് ആയി അവരോടൊപ്പം യാത്ര ആരംഭിച്ച ജയരാജന് അഭി നേതാക്കൾക്ക് പ്രോംപ്റ്റ് ചെയ്യാനുള്ള അവസരമാണ് പിന്നീട് കിട്ടിയത്. പിന്നെയും രണ്ട് വർഷക്കാലം പിന്നിട്ട ശേഷമാണ് അരങ്ങത്തു വേഷമാടാനുള്ള അവസരം കൈവന്നത്. യു ഡി എയ്ക്ക് വേണ്ടി ജയശങ്കർ പൊതുവത്തിൻ്റെ ‘രക്ത സദ്യ’ എന്ന നാടകത്തിൽ അഭിനയിക്കുമ്പോൾ 28 വയസ്സ്.
നാടകം സിരകളിൽ പടർന്നു കയറിയ നാളുകളിലും, കുടുംബത്തിൽ അരി എത്തിക്കാനും കലയുടെ വഴിയേ ഉള്ള ഈ പരക്കം പാച്ചിലിനുള്ള ചിലവ് നടക്കാനും, ആകെയുള്ള വഴി, ജ്യേഷ്ടൻ വാങ്ങിയ ഓട്ടോ ഓടിച്ചു കിട്ടുന്നതിൽ നിന്ന് മിച്ചം പിടിക്കണമായിരുന്നു.
പിന്നീട് കോഴിക്കോട് ‘അണിയറ’യുമായി ബന്ധപ്പെടാൻ അവസരം കിട്ടിയതാണ് കലാ ജീവിതത്തിലെ ഏറ്റവും വലിയ വഴിതിരിവ് എന്ന് ജയരാജേട്ടൻ പറയുന്നു.
ജി.ശങ്കരപ്പിള്ള സാറിൻ്റെ നാടക കളരിയുടെ ഭാഗമായി കെ. ആർ. മോഹൻദാസ് എന്ന പ്രഗത്ഭനായ കലാകാരന്റെ മേൽനോട്ടത്തിൽ കോഴിക്കോട് പ്രവർത്തിച്ചിരു ന്ന ഒരു സംഘടനയാണ് അണിയറ, നാടകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെയും മാറി മറിഞ്ഞത് അണിയറയുമായി സഹകരിച്ചു തുടങ്ങിയതിനു ശേഷമാണ്.അതുവരെയും കണ്ടതിൽ നിന്നും അനുഭവിച്ചതിൽ നിന്നു മെല്ലാം തീർത്തും വ്യത്യസ്തമായിരുന്നു ‘അണിയറ’യുടെ നാടകങ്ങളും നാടക റിഹേഴ്സലും ക്യാമ്പുകളും.
കൃത്യനിഷ്ഠ, അച്ചടക്കം, ചിട്ടയായ ജീവിതരീതി, റിഹേ ഴ്സൽന്ന് മുമ്പുള്ള എക്സർസൈസ്, എന്തിനധികം ക്യാമ്പുകളിൽ നാടകം അല്ലാതെ മറ്റൊന്നും സംസാര വിഷയം പോലുമാകരുതെന്ന കണിശമാർന്ന നിർദേശം പാലിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരായിരുന്നു. നാടകം ഒരാളുടെ ജീവിതം തകർക്കുമെന്ന് വല്ലവരും പറഞ്ഞാൽ തൻ്റെ ജീവിതം പക്ഷെ ഇത്രയധികം അച്ചടക്കമുള്ളതാക്കി തീർത്തത് നാടകം തന്നെയാണെന്ന് അണിയറയെ ഉദാഹരിച്ചു കൊണ്ട് ജയരാജേട്ടൻ അഭിമാനത്തോടെ പറയുന്നു..ഓരോ മാസവും ക്യാമ്പംഗങ്ങൾ ഒരു മികച്ച സ്ക്രി പ്റ്റ് തിരഞ്ഞെടുത്ത് നാടകം അവതരിപ്പിക്കണം. പിന്നീട് ആ നാടകത്തിൻ മേലുള്ള ചർച്ചകൾ വാഗ്വാദങ്ങൾ, സംവാദങ്ങൾ.തന്റെ ഉള്ളിലുള്ള നാടകക്കാരനെ മറ്റൊരു തലത്തിലേക്ക് ആനയിച്ച സുവർണക്കാലം.!
1982 ലാണ്, ആദ്യമായി നാടകത്തിൻ്റെ പേരിലൊരു പുരസ്കാരം തന്നെ തേടിയെത്തുന്നത്. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ജില്ലാതല മത്സരത്തി ൽ അവതരിപ്പിച്ച ജയപ്രകാശ് കുളൂരിൻ്റെ ‘എന്നാ പിന്നെയിത് നേരത്തെ ആകാമായിരുന്നില്ലേ’ എന്ന നാടകത്തിലെ മൈക്ക് ഓപ്പറേറ്ററുടെ വേഷത്തിനാണ് അന്ന് പുരസ്കാരം ലഭിച്ചത്.
അക്കാലത്തു ഹോട്ടലുകളിൽ നിലവിലുണ്ടായിരുന്ന കാബേറയ്ക്ക് പിന്നണിയിൽ വായിച്ചു കൊണ്ട് പരിശീലിച്ചെടുത്ത ഡ്രംസ് / ജാസ് തുടങ്ങിയ വാദ്യോപകരണങ്ങൾ ശരിക്കും പ്രയോജനപ്പെട്ടത്, കോഴിക്കോട് പ്രശസ്ത
നായ മജീഷ്യൻ പ്രദീപ് ഹ്യൂഡിനോയുടെ ഒരു പരിപാടി നേരിൽ കണ്ടതിനു ശേഷമാണ്. അദ്ദേഹത്തിന്റെ പ്രോഗ്രാമിൽ ഒരു ഐറ്റം കഴിഞ്ഞു അടുത്ത ഐറ്റത്തിനുള്ള സ്റ്റേജ് സജ്ജീകരണത്തിന്നിടയിലുള്ള സമയങ്ങൾ തീരെ വിരസമായി കടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ആ കാര്യം പ്രദീപ് ഹ്യൂഡിനോയെ നേരിട്ട് അറിയിക്കുകയും പരിഹാരമായി ആ സമയം വാദ്യ വായന കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താൻ ശ്രമിക്കാമെന്ന നിർദേശം അദ്ദേഹത്തിനും സമ്മതമായി. അങ്ങനെ ആ മാജിക് ട്രൂപ്പ് ൻ്റെ ഭാഗമായി മാറുകയായിരുന്നു. ഇങ്ങനൊരു നിർദ്ദേശം അവതരിപ്പിച്ച് അവരോടൊപ്പം ചേർന്നത് അവരുടെ യാത്രകളിൽ ഭാഗമാവാൻ എളുപ്പമുണ്ടല്ലോ എന്ന ചിന്തയിലാണ്. ദേശ-ദേശാന്തരങ്ങളിലൂടെയുള്ള യാത്രകൾ, താമസം അതുവഴി എത്തിപ്പെടുന്ന നാട്ടിലെ കലാകാരന്മാരെ പ്രത്യേകിച്ച് സിനിമാക്കാരെ കാണുക, അവസരം ചോ ദിക്കുക ആ ഒരു ലക്ഷ്യത്തോടെയാണ് ആ ട്രൂപ്പിന്റെ ഭാഗമാവാൻ ശ്രമിച്ചത്. ജയരാജേട്ടൻ്റെ ആ ശ്രമങ്ങളും യാത്രകളും ലക്ഷ്യം കണ്ടു എന്ന് തന്നെ പറയാം. അങ്ങനെ ഒരു യാത്രയ്ക്കിടയിലാണ് മലയാളത്തിൻ്റെ മഹാപ്രതിഭ, അടൂർ ഗോപാലകൃഷ്ണനെ കാണുന്നതും പരിചയപ്പെടുന്നതും, പിന്നീട് ‘കഥാപുരുഷൻ’ എന്ന ചിത്രത്തിലേക്കുള്ള വഴി തുറന്നതും.
സിനിമയിൽ പക്ഷെ ആദ്യമായി അഭിനയിച്ചത്, അടൂരിൻ്റെ ‘കഥാപുരുഷനി’ൽ ആയിരുന്നില്ല. ഗൃഹലക്ഷ്മിപ്രൊഡക്ഷൻസിന് വേണ്ടി സത്യൻ അന്തിക്കാട്-ശ്രീനിവാസ ൻ ടീം ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമായ എന്നും നന്മകളിലെ കണ്ടക്ടറുടെ വേഷമാണ്. കോഴിക്കോട് വെച്ച് സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ അതേ സമയം തന്നെ കോഴിക്കോട് അരങ്ങേറിയ ജയപ്രകാശ് കുളൂരിൻ്റെ രചനയിൽ ജോസ് ചിറമൽ സംവിധാനം ചെയ്ത് സുധാകരേട്ടനോടൊപ്പം എട്ടു വേഷങ്ങൾ ചെയ്ത നാടകം ശ്രീനിവാസനും സത്യൻ അന്തിക്കാടും കാണാനിടയായതാണ് എന്നും നന്മകളിലേക്ക് നയിച്ചത്. നാടകം കഴിഞ്ഞു അണിയറയിൽ വന്നുതന്നെ കണ്ടു അഭിനന്ദിച്ച സത്യനും ശ്രീനിയും കോഴിക്കോട് അളകാപുരിയിൽ ഉണ്ടെന്നറിഞ്ഞ് തേടി ചെന്നതാണ്. ആ യാത്രയും കാഴ്ചയും ചെന്നവസാനിച്ചത് എന്നും നന്മകളിലാണ്.
അഭിനയിച്ചതും ചിത്രീകരിച്ചതുമെല്ലാം എന്നും നന്മകൾ ആയിരുന്നുവെങ്കിലും അഭിനയിച്ചതിൽ ആദ്യം റിലീസ് ചെയ്തത് കോഴിക്കോട് വെച്ച് തന്നെ ചിത്രീകരിച്ച മമ്മൂട്ടി കെ. മധു ടീമിൻ്റെ ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’ എന്ന സിനിമയാണ്. അതിൽ കള്ളസാക്ഷി പറയുന്ന തെങ്ങു കയറ്റക്കാരന്റെ വേഷം.
1991ൽ എന്നും നന്മകൾ മുതൽ, മുപ്പത്തിമൂന്ന് വർഷക്കാലം, എഴുപത്തിയഞ്ചോളം സിനിമകൾ.കളിപറഞ്ഞും കൂട്ടത്തിലൊരാളായും വഴിപ്പോക്കനായും വെള്ളിത്തിര യുടെ അരികുപറ്റി കടന്നു പോയ പേര് പോലുമില്ലാത്ത,ചെയ്തു വെച്ച വേഷങ്ങളിൽ പ്രേക്ഷകർക്ക് ഓർത്തുവെയ്ക്കാൻ തക്കതോ, തനിക്ക് തന്നെയും മറ്റുള്ളവരോട് എ ടുത്തു പറയത്തക്കതോ ആയ വേഷങ്ങളിൽ, ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാതെ കടന്നു പോയ കാലത്തിന്റെ പ്രായശ്ചിത്തമെന്നോണം മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറംതന്നെ തേടിയെത്തിയ ഒരു വേഷം, അത് ഇക്കഴിഞ്ഞ കാ ലമത്രയും താൻ ചെയ്ത കർമ്മങ്ങൾക്കുള്ള പ്രതിഫലമെന്നോണം പ്രേക്ഷക പ്രീതിയും ലഭിച്ചതിനുള്ള നേരനുഭവങ്ങൾ പങ്കുവെക്കുമ്പോൾ ഈ എഴുപത്തിരണ്ടുകാരൻ്റെ കണ്ഠമിടറുന്നുണ്ടായിരുന്നു..കണ്ണുകൾ സജലങ്ങളായിരുന്നു… മനോഹരത്തിൻ്റെ സെറ്റിൽ വെച്ച് പരിചയപ്പെട്ട വിനീത് ശ്രീനിവാസൻ വിളിച്ചു വരുത്തി കൊടുത്ത വേഷം, മാത്തുകുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ എന്ന ചിത്രത്തിലെ സെക്യൂരിറ്റി ഗാർഡിൻ്റെ വേഷമാണ്, ഈ മനുഷ്യനെ മറ്റൊരു തലത്തിൽ പ്രേക്ഷകർക്ക് മുന്നിൽ അ ടയാളപ്പെടുത്തിയത്. ഒരു പോലീസുകാരൻ്റെ വേഷം അ ഭിനയിക്കാനാണ് ക്ഷണിച്ചതെങ്കിലും യാദൃശ്ചികമായാണ് ഈ വേഷത്തിലേക്ക് എത്തിയത്. അതാവട്ടെ സ്ത്രീ പ്രേക്ഷകർക്ക് പോലും തിരിച്ചറിയാനാവും വിധം മനോഹരമായി തീരുകയും ചെയ്തു.
ആ വേഷവും പ്രകടനവും ഒരു വഴിത്തിരിവാകുമെന്ന്
തന്നെ കരുതാം, തുടർന്ന് വന്ന വി. കെ. പ്രകാശിന്റെ ‘ലൈവ്’, ജയരാജ് കോഴിക്കോട് എന്ന നടനിലെ പ്രതിഭ കൃത്യമായി അടയാളപ്പെടുത്താനുതാകുന്നതാണ്. അത്രമേൽ ആഴത്തിൽ കഥാപാത്രത്തിൻ്റെ ആത്മാവ് തൊട്ടറിഞ്ഞാണ് ജയരാജേട്ടൻ ‘കുറുവാച്ചൻ എന്ന വാപ്പിച്ചിക്ക് ജീവനേകിയത്.
കുറച്ചു മുമ്പേ ചിത്രീകരണം ആരംഭിച്ചതെങ്കിലും തീർത്തും നവാഗതരായ ഒരുപറ്റം ചെറുപ്പക്കാരുടെ സ്വപ്ന സംരംഭമായ ‘ജനനം 1947, പ്രണയം തുടരുന്നു..’ എന്ന ചിത്രം സാമ്പത്തിക പരാധീനതകളാലും മറ്റും ഈയിടെ മാത്രമാണ് പൂർത്തിയാക്കി റിലീസിങ്ങിന് തയ്യാറായത്. അഭിജിത് അശോകൻ കഥയെഴുതി സംവിധാനം ചെയ്യു ന്ന ചിത്രത്തിലേക്ക് ക്ഷണിക്കാൻ വരുമ്പോൾ നായക വേഷം എന്നതിലുപരി തന്നെ ആകർഷിച്ചത് ആ ടീമിന് സിനിമയോടുള്ള അഭിനിവേശമായിരുന്നു. അമ്പതു വർഷം നീണ്ട അഭിനയ ജീവിതത്തിൽ ഒരു നായക വേഷവുമായി ആദ്യമായി തന്നെ തേടിയെത്തിയ, തന്നിൽ പ്രതീക്ഷയർപ്പിച്ചു കടന്നു വന്ന യുവാക്കൾക്കു ജയരാജൻ കോഴിക്കോട് എന്ന മനുഷ്യൻ, നടൻ തിരിച്ചു നൽകിയത്, ആത്മാർപ്പണം നടത്തിയ വേഷപ്പകർച്ചയായിരുന്നു, അതിനു ദൃഷ്ടന്തമായി,ഇതാ ഈ പുരസ്കാരവും, സുഭാഷ് ഗെയ് മികച്ച സംവിധായകനും റാണി മുഖർജി മികച്ച നടിക്കുമു ള്ള പുരസ്കാരം ഏറ്റു വാങ്ങിയ വേദിയിൽ മികച്ച നടൻ എന്ന പുരസ്കാരം കൈകളിലുയർത്തി മലയാളത്തിന്റെ അഭിമാനമായി ഈ മനുഷ്യൻ എഴുന്നേറ്റ് നിൽക്കുമ്പോൾ, അത് കാലത്തിൻ്റെ കാവ്യ നീതിയാണ്..കാലം, കാത്തിരുന്നവന്റെ കൈകളിൽ കൊണ്ടു കൊടുക്കും എന്നത് കേവലമൊരു വെറും വാക്കല്ല.!
ഈയടുത്തിടെ കോഴിക്കോട്പാളയം അങ്ങാടിയിലൂ ടെനടന്നു പോകുമ്പോൾ പെട്ടെന്നാണ് ഒരമ്മയും മകളും മുന്നിലേക്ക് കയറി വന്നതും ഹെലൻ എന്ന സിനിമയെ കുറിച്ച് പറഞ്ഞു കൊണ്ട് പരിചയപ്പെട്ടതും. കുശലാന്വേഷണങ്ങൾക്ക് ശേഷം ആ അമ്മ മകളെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു, ഞാനിവളോട് എപ്പഴും പറയും..ആരെ കണ്ടാലും ഒന്ന് ചിരിക്കണമെന്ന്.. ഒരു നഷ്ടവും ഇല്ലാത്ത കാര്യല്ലേ. ഇപ്പൊ തന്നെ ആ കുട്ടി രക്ഷപ്പെട്ടത്, അങ്ങനെ ചെയ്തത് കൊണ്ടല്ലേ..അല്ലെ..!
അതേ,
ഹെലൻ എന്ന ചിത്രത്തിന് തിരശീല വീഴാൻ നിമിഷങ്ങ ൾ മാത്രം ബാക്കി നിൽക്കെ ആ സെക്യൂരിറ്റി ജീവനക്കാരൻ ഒരിക്കൽ കൂടി പ്രത്യക്ഷപ്പെട്ടു കൊണ്ട് പറയുന്ന മനോഹരമായ വാചകങ്ങൾ, ഈ കാഴ്ചയുടെ ഒടുവിൽ ജയരാജേട്ടനും ആവർത്തിക്കുന്നു, എന്തിനെന്നറിയില്ല, ആ കഥാപാത്രത്തെ അദ്ദേഹം അത്രയധികം സ്നേഹിച്ചു പോയത് കൊണ്ടാവാം…
“ആരും ശ്രദ്ധിക്കാത്തവരെ, ആരെങ്കിലുമൊക്കെ ശ്ര ദ്ധിക്കുമ്പോൾ, അവരുടെ മുഖം നമ്മളൊരിക്കലും മറക്കി ല്ലല്ലോ, സർ..!”
The News Time
Text : Ragesh sankar ,puthalath