കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി, വിദ്യാര്‍ഥികള്‍ ആശങ്കയില്‍,

എറണാകുളം: കീം പരീക്ഷാഫലം ഹൈക്കോടതി  റദ്ദാക്കി, സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായി . ദിവസങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ച കേരള എൻജിനിയറിങ്‌ പ്രവേശന യോഗ്യതാ പരീക്ഷ (കീം) ഫലമാണ്ഹൈക്കോടതി റദ്ദാക്കിയത് മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യംമൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് കാട്ടി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ഡി കെ സിങ്ങിന്‍റെതാണ് ഉത്തരവ്.

കീം റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടിയും ഹൈക്കോടി റദ്ദാക്കി. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റെന്ന് ഹൈക്കോടതി നിരീക്ഷണം .സിബിഎസ്ഇയിൽ നിന്നും വിജയിച്ച വിദ്യാർഥിനിയാണ് കോടതിയെ സമീപിച്ചത്.

കീം ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. എല്ലാ വിദ്യാര്‍ഥികള്‍ക്കും നീതിയുക്തമായ പ്രവേശനം ഒരുക്കുക എന്നതു മാത്രമായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് മാര്‍ക്ക് ഏകീകരണം നടപ്പാക്കിയത്. വിഷയത്തില്‍ സര്‍ക്കാരിന് നിക്ഷിപ്ത താത്പര്യങ്ങളൊന്നുമില്ല. പ്രോസ്പെക്റ്റസില്‍ അടക്കം കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. മുഴുവൻ മാർക്ക് ലഭിച്ചാലും കേരളത്തിലെ വിദ്യാർത്ഥിക്ക് 35 മാർക്ക് കുറയുന്ന സാഹചര്യമുണ്ടായിരുന്നു. ഇതൊഴുവാക്കാനാണ് പുതിയ രീതി അവലമ്പിച്ചത്. കോടതി വിധിയുടെ വാർത്തകൾ മാത്രമാണ് ഇപ്പോൾ അറിഞ്ഞത്. വിധി പകർപ്പ് ലഭിച്ചു വിശദാംശങ്ങൾ വായിച്ചു ശേഷം വിശദമായി പ്രതികരിക്കാം. സര്‍ക്കാര്‍ നിയമനടപടിയിലേക്ക് നീങ്ങുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്നും മന്ത്രി.