നിസ്സാരമാക്കരുത് റാബീസ് /പേവിഷബാധ.

തയ്യാറാക്കിയത് :
Dr. Jabir M P
Consultant –
Internal Medicine

Aster MIMS Hospital Kozhikode

ഈ അടുത്തിടെയായി കേരളത്തിൽ തന്നെ തെരുവ് നായകളുടെ കടിയുമായി ബന്ധപ്പെട്ട കേസുകൾ ക്രമാതീതമായി ഉയരുന്നത് പത്രമാധ്യമങ്ങളിൽ നമ്മളെല്ലാവരും കാണുന്നതാണെല്ലോ.
മാലിന്യസംസ്കരണത്തിലെ വീഴ്ചകളും പരിസ്ഥിതി മലിനീകരണവും തെരുവ് നായകളുടെ എണ്ണത്തിൽ അനിയന്ത്രിത വർധനവിന് കാരണമാകുന്നു.
വൈറസ് ബാധയെറ്റ മുഗങ്ങളുമായുള്ള ഇടപെടലുകളിൽ നിന്നാണ് (കടിയേൽക്കുക, മാന്തുക,വൈറസ് ബാധയുള്ള മൃഗങ്ങളുടെ ഉമിനീർ ശരീരത്തിനുള്ളിൽ പ്രവേശിക്കുക) ഇത്തരം വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. കടിയേറ്റ ഉടനെ ആവശ്യമായ ചികിത്സകൾ തേടിയില്ലെങ്കിൽ ഒരുപക്ഷെ ജീവൻ തന്നെ അപകടത്തിലാവുന്നതുമാണ്. ഇതിനാൽ ജനങ്ങൾക്കിടയിൽ റാബീസ് വൈറസിൻ്റെ ബോധവൽക്കരണം ഏറെ പ്രധാനമാണ്.

എന്താണ് റാബീസ്/പേവിഷബാധ?

റാബീസ് (പേവിഷബാധ) ഒരു വൈറസ് രോഗമാണ്. പ്രധാനമായും രോഗബാധിതമായ മൃഗങ്ങളുടെ കടിയിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. ന്യൂറോ ട്രോപ്പിക് വൈറസായതിനാൽ രക്തത്തിൽ നിന്ന് നേരിട്ട് നാഡീസിസ്റ്റത്തിലേക്ക് പ്രവേശിക്കുന്ന ഈ വൈറസ്, രോഗലക്ഷണങ്ങൾ ആരംഭിച്ചാൽ വളരെ ഗുരുതരമാവുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്യും .എങ്കിലും ശരിയായ സമയത്ത് ജാഗ്രത പുലർത്തി വാക്സിൻ സ്വീകരിച്ചാൽ ഈ രോഗാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും. സൈഡിഫക്ട് ഇല്ലാത്തതിനാൽ ഗർഭിണികൾക്കുൾപ്പെടെ എല്ലാ പ്രായക്കാർക്കും റാബീസ് വാക്സിൻ എടുക്കാവുന്നതാണ് . 

കടിയേൽക്കുന്ന അവസരങ്ങളിൽ എന്ത് ചെയ്യണം?

നായയോ മറ്റേതെങ്കിലും മൃഗമോ കടിച്ചാൽ, മുറിവ് ഉടൻ തന്നെ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് 10 മുതൽ 15 മിനിറ്റ് വരെ നന്നായി കഴുകുക എന്നതാണ്. ഈ പ്രാഥമിക ശുചീകരണ പ്രവർത്തനം, വൈറസ് മുറിവിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സാധ്യതയെ കുറയ്ക്കുന്നതിന് സഹായകരമാകും.
 ഉടൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ സ്വീകരിക്കേണ്ടതും വളരെ പ്രധാനമാണ്. മുറിവിന്റെ തീവ്രത (wound category) അനുസരിച്ച് വാക്സിനേഷൻ എടുക്കുകയും മറ്റുചികിത്സാരീതികൾ തുടരുകയും വേണം.
ചില സന്ദർഭങ്ങളിൽ വാക്സിനേറ്റഡ് ആയ വളർത്തുമൃഗം കടിച്ചാൽ പോലും, അതിന്റെ കടിയിലുള്ള തീവ്രതയെ ആശ്രയിച്ച് ഡോക്ടറുടെ നിർദേശപ്രകാരം വാക്സിൻ അല്ലെങ്കിൽ താൽക്കാലിക പ്രതിരോധം നൽകുന്ന റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ (RIG) എടുക്കേണ്ടത് അനിവാര്യമാണ്.

റാബീസ് മരണങ്ങൾക്ക് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങൾ എന്തെല്ലാം?

  1. മുറിവ് ശരിയായി ശുചീകരിക്കാതിരിക്കുന്നത്.

 മുറിവ് / പോറൽ ഉണ്ടായ ഭാഗത്ത് സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. ഇങ്ങനെ ചെയ്യുന്നത് 90% വൈറസുകൾ നശിക്കാൻ സഹായിക്കും.

  1. ചികിത്സ വൈകിപ്പോകുന്നത്.

മൃഗങ്ങളുടെ കടി/നഖംകൊണ്ടുള്ള പരിക്ക് ഉണ്ടായതിനെത്തുടർന്ന് ഉടൻ ചികിത്സ തേടണം. ചികിത്സ വൈകുന്നത് വാക്സിനിന്റെ പ്രതിരോധശേഷിയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഗുരുതരമായ അപകടത്തിലേക്ക് നയിക്കാം.

3.വാക്‌സിൻ ശരിയായി എടുക്കാതിരിക്കുന്നത്.

വാക്‌സിൻ എടുക്കുന്നത് അവഗണിക്കുകയോ വൈകുകയോ ചെയ്താൽ, ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

 കുട്ടികളിൽ റാബീസ് കൂടുതൽ അപകടകരമാകുന്ന സാഹചര്യങ്ങൾ എന്തെല്ലാം?.

കുട്ടികളിൽ പലപ്പോഴും മുഖത്താണ് പ്രധാനമായും കടിയേൽക്കാറുള്ളത്.
മുഖത്തെ നാഡീവ്യവസ്ഥ നേരിട്ട് മസ്തിഷ്ക്കവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വൈറസ് അതിവേഗം മസ്തിഷ്ക്കത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ വാക്സിൻ നൽകിയാലും റാബീസ് വരുന്നതായി കാണപ്പെടുന്നു.
ഇതോടൊപ്പം പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് . കുട്ടികൾക്ക് മുറിവുകൾ എവിടെയൊക്കെയാണെന്ന് വ്യക്തമായി അറിയാൻ കഴിയാത്ത സാഹചര്യങ്ങളിൽ, എല്ലാ മുറിവുകളും കണ്ടെത്തി വിശദമായ പരിശോധന നടത്തേണ്ടത് നിർബന്ധമാണ്.

പ്രീ-എക്സ്പോഷർ വാക്സിൻ
 
പ്രീ-എക്സ്പോഷർ വാക്സിൻ എന്നത് റാബീസ് വൈറസിനെതിരെ മുൻകരുതലായി എടുക്കുന്ന പ്രതിരോധ കുത്തിവെയ്പ്പാണ്.

ആർക്കെല്ലാമാണ് പ്രീ-എക്സ്പോഷർ വാക്സിൻ എടുക്കുന്നത് ഉചിതം?

റാബീസ് കേസുകൾ കൈകാര്യം ചെയ്യുന്ന
ഡോക്ടർമാർ,നഴ്സുമാർ,വെറ്റിനറി ഡോക്ടർമാർ,മൃഗശാല ജീവനക്കാർ
ഡോഗ് ഹാൻഡ്ലേഴ്‌സ് തുടങ്ങിയവർ പ്രി-എക്സ്പോഷർ വാക്സിൻ എടുക്കണം. ഇത് Day 0, Day 7, Day 21/28 എന്ന ക്രമത്തിൽ 3 ഡോസുകൾ ആയി ആകുന്നു എടുക്കേണ്ടത് .

പ്രീ-എക്സ്പോഷർ വാക്സിൻ എടുക്കുന്നതിന്റെ ഗുണങ്ങൾ:

വാക്സിൻ എടുത്തതിന് 3 മാസത്തിനുള്ളിൽ വീണ്ടും മൃഗത്തിന്റെ കടിയുണ്ടാകുകയാണെങ്കിൽ, വീണ്ടും വാക്സിൻ എടുക്കേണ്ടതില്ല എന്നാൽ, ഈ കാലാവധി കഴിഞ്ഞാണ് അത്തരമൊരു ആക്രമണം ഉണ്ടാകുന്നത് എങ്കിൽ, താൽക്കാലിക പ്രതിരോധം നൽകുന്ന റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ (RIG) എടുക്കേണ്ടതില്ല. അതിനു പകരമായി രണ്ട് ഡോസ് റാബീസ് വാക്സിൻ മാത്രം എടുത്താൽ മതിയാകും.ഇതിലൂടെ ചെലവ് ലാഭിക്കാനും കഴിയും.
റാബീസ് വൈറസ് ഗുരുതരമാണ്. പക്ഷേ പൂര്‍ണമായി തടയാവുന്ന രോഗമാണ്. ശരിയായ സമയത്ത് ചികിത്സ സ്വീകരിച്ചാൽ രോഗഭീതിയിൽ നിന്നും രക്ഷനേടാവുന്നതുമാണ്.