കോഴിക്കോട്: അത്തം പത്തിന് പൊന്നോണം എന്നാണ് പൊതുവേ ചൊല്ല്. എന്നാൽ ഈ തവണ പതിനൊന്നിനാണ് പൊന്നോണം. അത്തം പിറന്ന് തൊട്ടടുത്ത ചിത്തിര നക്ഷത്രം ഇരട്ടിക്കുന്നതാണ് കാരണം. ബുധനാഴ്‌ച അറുപത് നാഴിക പിന്നിട്ടിട്ടും അടുത്ത ദിവസം അഞ്ചേമുക്കാൽ നാഴിക തുടരുന്നതു കൊണ്ടാണ് ഒരു കുടപ്പൂ കൂടി അധികമായി വരുന്നത്.
ഇത് മുൻ വർഷങ്ങളിലും സംഭവിച്ചിട്ടുണ്ട്. ഇതിൻ്റെ കണക്കും പ്രതിഭാസവും എന്താണെന്ന് വിശദീകരിക്കുകയാണ് പ്രശസ്‌ത ജ്യോതിഷിയും പഞ്ചാംഗ വിദഗ്‌ദനുമായ സുധീർ കുമാർ ബി. നമ്പ്യാർ. നക്ഷത്രങ്ങൾക്ക് അനുസരിച്ച് ആചരണങ്ങൾ നടത്തുക എന്നതാണ് പണ്ട് തൊട്ടേ ഉള്ള രീതി. ചന്ദ്രൻ്റെ നീക്കമാണ് നക്ഷത്രങ്ങളുടെ സ്ഥാനത്തിൻ്റെയും ആധാരം.അതായത് ഒരു പോയിൻ്റിൽ നിന്ന് മറ്റൊരു പോയിൻ്റിലേക്ക് ഒരു വാഹനം അതിവേഗത്തിൽ എത്തിയാൽ അത് ഓടുന്ന സമയം കുറവായിരിക്കും. എന്നാൽ വേഗത കുറച്ചു വന്നാൽ അവിടെ എത്തിച്ചേരുന്ന സമയം വർധിക്കും. ഇതുപോലെ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിൻ്റെ സമയക്രമത്തിലെ വ്യത്യാസങ്ങൾക്ക് അനുസരിച്ചാണ് നക്ഷത്രങ്ങളുടെ സ്ഥാനവും സമയവും രേഖപ്പെടുത്തുന്നത്.
എല്ലാ വർഷവും ഇത് പല സമയങ്ങളിലും മാറി മറയുന്നുണ്ട്. എന്നാൽ ഓണം, നവരാത്രി പോലുള്ള ആഘോഷ വേളകളിലാണ് ഇത് പ്രത്യക്ഷത്തിൽ അറിയുന്നത്. അത്തം മുതൽ പത്ത് ദിവസമാണ് ഓണക്കാലം. എന്നാൽ അതിനിടയിൽ ചന്ദ്രൻ്റെ ഭ്രമണ വേഗതയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വന്നാൽ നക്ഷത്രം അഥവാ നാൾ ഇരട്ടിക്കും. അപൂർവമായി ഇത് കുറഞ്ഞ് ഒമ്പത് ദിവസമായ ചരിത്രവുമുണ്ട്.ഘടികാരങ്ങളും വാച്ചും ഇല്ലാത്ത കാലത്ത് സൂര്യോദയത്തെ കണക്കാക്കിയാണ് സമയം തിട്ടപ്പെടുത്തിയിരുന്നത്. അതായത് ഒരു സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെ ഒരു ദിവസം എന്നതായിരുന്നു കണക്ക്. അതാണ് 60 നാഴിക. ഗ്രീൻവിച്ച് ടൈം പിന്നീടാണ് വന്നത്. അത് പ്രകാരം 24 മണിക്കൂറാണ് ഒരു ദിനരാത്രം.
രാത്രി 12 മണി മുതൽ അടുത്ത രാത്രി 12 മണി വരെ. നാഴികയുടെ കണക്കുമായി യോജിപ്പിച്ചു നോക്കുമ്പോൾ രണ്ടര മണിക്കൂറാണ് ഒരു നാഴിക. അതായത് 60 ഹരിക്കണം 24. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ജോത്സ്യ വിധി പ്രകാരം സമയം നിശ്ചയിക്കുന്നത് ഭാഷയുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ട കലണ്ടറുകൾ അനുസരിച്ചാണ്.
കേരളത്തിൽ അത് മലയാള മാസമാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ അത് വിവിധ പേരുകളിൽ അറിയപ്പെടുന്നു. മരണാന്തര ചടങ്ങുകൾക്ക് പോലും പുലർച്ചെ രണ്ടര മണിക്ക് ശേഷമാണ് പുതിയ ദിവസമായി കണക്കാക്കുക. അതായത് രണ്ടര മണിക്ക് മുമ്പ് ഒരാൾ മരണപ്പെട്ടാൽ അത് തലേദിവസത്തിലാണ് രേഖപ്പെടുത്തുക. വ്രതാനുഷ്‌ഠാനങ്ങൾക്കും ഇതേപോലെ സമയക്രമം ഉണ്ട്.