സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു 

തിരുവനന്തപുരം: സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ളവര്‍ക്കും ഡിഎ, ഡിആര്‍ വര്‍ധനവിന്‍റെ ആനുകൂല്യം ലഭിക്കും. സെപ്തംബര്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തിനും പെന്‍ഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടിത്തുടങ്ങും. ഇതുവഴി സര്‍ക്കാരിന്‍റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും.

ജീവനക്കാരോടും പെന്‍ഷന്‍കാരോടും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഈവര്‍ഷം രണ്ടാമത്തെ ഗഡു ഡിഎ, ഡിആര്‍ ആണ് ഇപ്പോള്‍ അനുവദിച്ചത്. കഴിഞ്ഞവര്‍ഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു.

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയത് രണ്ടാം പിണറായി സര്‍ക്കാരാണ്. ഡിഎ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍തന്നെ പണമായും നല്‍കിയിരുന്നു.

അതേസമയം, സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്‍റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ഓഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്.

ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്.

ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്‍റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.

ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ് സെപ്റ്റംബര്‍ 10 വരെ നീട്ടി

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബര്‍ 10 വരെ നീട്ടിയതായും ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സമയപരിധിക്കുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്ങ് നടത്താനാകും.