ഇന്ന് അയ്യങ്കാളി ജയന്തി,ജാതിമേൽകോയ്ക്കെതിരെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാവ്

തിരുവനന്തപുരം : ഇന്ന് അയ്യങ്കാളിയുടെ 162-ാം ജന്മദിനം. ജാതീയത കൊടികുത്തിവാണിരുന്ന കാലത്ത്പാർശ്വവത്കരിക്കപ്പെട്ടവൻ്റെ അവകാശ നിഷേധങ്ങൾക്കെതിരെ പോരാടിയ അയ്യങ്കാളി കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ പ്രതീകമാണ്.നിഷേധിക്കപ്പെട്ട അവകാശങ്ങള് പിടിച്ചുവാങ്ങാന് പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് കരുത്തു പകര്ന്ന അയ്യങ്കാളിയുടെ പോരാട്ടങ്ങൾ എല്ലാ അവകാശപ്പോരാട്ടങ്ങൾക്കും ഇന്നും ഊർജ്ജമാണ്.

അയിത്തം കൊടികുത്തിവാണ കാലത്ത്തൊട്ടുകൂടായ്മക്കും വിവേചനങ്ങള്‍ക്കുമെതിരെ പോര്‍മുഖം തുറന്ന ധീരനേതാവായിരുന്നു അയ്യങ്കാളി.എല്ലാജാതിക്കാര്‍ക്കും പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ളസ്വാതന്ത്ര്യം ലഭിക്കുന്നതിനായി നടത്തിയ നെടുമങ്ങാട് ചന്തലഹളയുംവില്ലുവണ്ടിയാത്രയുംദളിതരുടെവസ്ത്രധാരണത്തിനുള്ള സമരങ്ങളും നീതിക്കായുള്ളപോരാട്ടങ്ങളായി.

1914ലെ കല്ലുമാല സമരം കേരള ചരിത്രത്തിലെ സുപ്രധാന അധ്യായമായി. ജന്മി-കുടിയാന്‍ ബന്ധം നിലനിന്നിരുന്ന കാലത്ത് ഉച്ചനീചത്തങ്ങള്‍ക്കും ചൂഷണത്തിനുമെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1907ല്‍ സാധു ജന പരിപാലനസംഘംസ്ഥാപിച്ചു. അസമത്വം അനുഭവിച്ച എല്ലാ ജാതിമതസ്ഥരുടേയും ഉന്നമനമായിരുന്നു സംഘടനയുടെ ലക്ഷ്യം.

വിദ്യാഭ്യാസമെന്നത് ജാതി മത ചിന്തകള്‍ക്കപ്പുറം ആയിരിക്കണമെന്ന് ഒരു ജനതയോട് ആഹ്വനം ചെയ്തു അയ്യങ്കാളി. തുടര്‍ച്ചയായ പ്രക്ഷോഭങ്ങളിലൂടെഎല്ലാവര്‍ക്കും സ്‌കൂളുകളില്‍ പഠിക്കാനുള്ള അവകാശം നേടിയെടുത്തു. 1914 മേയ് മാസത്തില്‍ ‘സാധുജന പരിപാലിനി’ പത്രം തുടങ്ങി.ക്ഷേത്രപ്രവേശനവിളംബരം നടത്തിയതിന് തിരുവിതാംകൂര്‍ മഹാരാജാവിനെ അഭിനന്ദിക്കാനെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിച്ചു. അരികുവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ നവോത്ഥാനനായകന്‍ വിടവാങ്ങിയത് 1941 ജൂണ്‍ 18നാണ്.