അതിജീവനത്തിനായി പാഴ് വസ്തു വ്യാപാരികളുടെ കളക്ടറേറ്റ് മാര്‍ച്ച്

കോഴിക്കോട്: പാഴ് വസ്തു വ്യാപാര മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എസ്.എം.എ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാഴ്‌വസ്തു വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കളക്ടറേറ്റ് റാലി നടത്തി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് അവകാശ പത്രിക സമര്‍പ്പിച്ചു. കെ.എസ്.എം.എ സംസ്ഥാന സെക്രട്ടറി കെ.പി.എ ഷെരീഫ് റാലി ഉദ്ഘാടനം ചെയ്തു. പാഴ്‌വസ്തു വ്യാപാര മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിത കര്‍മ്മ സേനക്കല്ലാതെ മറ്റാര്‍ക്കും പാഴ് വസ്തുക്കള്‍ നല്‍കാന്‍ പാടില്ലെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പറയുന്നത്. ഒരു നൂറ്റാണ്ടിലേറെക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നതാണ് സംസ്ഥാനത്തെ പാഴ്‌വസ്തു വ്യാപാര മേഖല. മൂന്നു ലക്ഷത്തോളം പേര്‍ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തില്‍ അവര്‍ വ്യാപാരം നടത്തേണ്ട എന്നു പറയുന്നത് യുക്തിരഹിതമാണെന്നും ഷെരീഫ് പറഞ്ഞു.

കെ.എസ്എം.ഇ. ജില്ലാ പ്രസിഡന്റ് പി.പി.മെഹബൂബ് അധ്യക്ഷത വഹിച്ചു. കെ.എസ്.എം.എ സഹ രക്ഷാധികാരി മുത്തു മൗലവി, ജില്ലാ ട്രഷറര്‍ എസ്.വി റഫീഖ്, സംസ്ഥാന കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗങ്ങളായ കെ. അര്‍ഫാത്ത്, സി.മൊയ്തീന്‍ കോയ ജില്ലാ വൈസ് പ്രസിഡന്റ് സി.എം ബാവ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മുക്കം ഫൈസല്‍, സുബൈര്‍ വടകര, നൗഷാദ്, മുനീഷ്, റിയാദ്, അനീഷ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി മുജ്മീര്‍ കുന്നത്ത് സ്വാഗതം പറഞ്ഞു.