കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മുഖച്ഛായ മാറ്റിയ പ്രിസം പദ്ധതിയെ തൊട്ടറിയാന്‍ കാശ്മീരില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും കോഴിക്കോട്ടെത്തി. ശ്രീനഗര്‍ കോത്തിബാഗിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരായ മറിയം അക്ബര്‍, ഹുമരിയ ഷാ, ഷെയ്ക്ക് സഹൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്ലസ് വണ്ണിനും ഒമ്പതിലും പഠിക്കുന്ന അഞ്ചുവീതം വിദ്യാര്‍ത്ഥിനികളാണ് സംഘത്തിലുള്ളത്. കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കേരളത്തിലെ പ്രിസം (promoting Regional Schools to International Standards through Multiple Interventions) പദ്ധതിക്കു തുടക്കമിടുന്നതിന് പങ്കാളികളായ ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍ ഒരുക്കിയ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ടെത്തിയത്.
മുന്‍ എം.എല്‍എ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിസം പദ്ധതി 2012ല്‍ നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിനും ക്യാമ്പസ് ലാന്റ് സ്‌കേപ്പിംഗിനുമായി 16 കോടി് രൂപയാണ് ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേന്‍ ചിലവിട്ടത്. പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയായി കര്‍മ്മപഥത്തിലെത്താന്‍ ഇത് ഏറെ സഹായകമായി.’നടക്കാവ് മോഡല്‍’ എന്നറിയപ്പെടുന്ന ഈ സംരംഭത്തിന്റെ ശ്രദ്ധേയമായ വിജയം ഇന്ത്യയിലും ലോകമെമ്പാടും സമാനമായ പദ്ധതികള്‍ക്ക് പ്രചോദനമായി. നടക്കാവ് മാതൃകയില്‍ കേരളത്തിലുടനീളമുള്ള 977-ലധികം സ്‌കൂളുകള്‍ ഇതിനോടകം അപ്ഗ്രേഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
സംരഭക ദമ്പതികളായ കോഴിക്കോട് സ്വദേശി ഫൈസല്‍ കൊട്ടിക്കോളനും ഷബാനയും സ്ഥാപിച്ച ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍. പ്രിസം മാതൃകയില്‍ കോത്തിബാഗ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിനെയും കൈപിടിച്ചുയര്‍ത്തുകയാണ് ഫൈസല്‍ & ഷബാന ഫൗണ്ടേഷന്‍. 20 കോടിയോളം ചിലവഴിച്ച് പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഒക്്‌ടോബര്‍ 27ന് ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നടക്കും. സമഗ്രവും ഗുണനിലവാരമുള്ളതുമായ നടക്കാവ് മോഡല്‍ വിദ്യാഭ്യാസം കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനു മുന്നോടിയായി മാതൃകയായ നടക്കാവ് സ്‌കൂളിനെ നേരിട്ടു കാണാന്‍ കൂടിയാണ് അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കോഴിക്കോട് സന്ദര്‍ശനം.

നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എത്തിയ കാശ്മീരി സംഘത്തെ വാദ്യഘോഷത്തോടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗിരീഷ് കുമാര്‍, ഫൈസല്‍ & ഷബാന ഗ്രൂപ്പ് പ്രൊജക്ട് മാനേജര്‍ റോഷന്‍ ജോണ്‍, പ്രോഗ്രാം കോ – ഓഡിനേറ്റര്‍ അഖീഷ്മ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കാരപ്പറമ്പ് സ്‌കൂള്‍, കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവ സന്ദര്‍ശിച്ചു. തുടര്‍ന്ന് കോഴിക്കോട് ബീച്ചിലെ നൈറ്റ് ലൈഫും ഇവര്‍ ആസ്വദിച്ചു. നാളെ മിഠായിത്തെരുവ്, കടലുണ്ടി പക്ഷി സങ്കേതം, തുല ക്ലിനിക്കല്‍ വെല്‍നസ് എന്നിവ സംഘം സന്ദര്‍ശിക്കും.
കോഴിക്കോടിന്റെ രുചിയും ആളുകളുടെ സ്‌നേഹവും മനസുനിറച്ചെന്ന് മരിയയും ഹുമരിയയും പറഞ്ഞു. രണ്ടു ദിവസം കൂടി കോഴിക്കോടുണ്ട്. കോഴിക്കോടിനെ തൊട്ടറിയാന്‍ ഈ സമയം വിനിയോഗിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
രാജ്യത്തെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാംസ്്കാരിക പഠനം സാധ്യമാക്കുക, പരസ്പര ബഹുമാനവും സഹകരണവും വളര്‍ത്തിയെടുക്കുക എന്നിവയാണ് ഈ സന്ദര്‍ശനം വഴി ലക്ഷ്യമിടുന്നത്. കോഴിക്കോടു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കാശ്മിരും കോത്തിബാഗ് സ്‌കൂള്‍ സന്ദര്‍ശനവും ഒരുക്കുന്ന കാര്യവും ഫൗണ്ടേഷന്‍ ആലോചിക്കുന്നുണ്ട്