കോഴിക്കോട്: കേരളത്തിലെ ആദ്യ പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമാ അഹ്‌ലുസ്സുന്നവൽ ജമാഅയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബഹുജന സമ്മേളനം നവംബർ 16 നു ഞായറാഴ്‌ച വൈകിട്ട് 4 നു കോഴിക്കോട് കടപ്പുറത്ത് വെച്ചു നടക്കുമെന്ന് കെ. എൻ എം സംസ്ഥാന പ്രസിഡൻ്റ് ടി പി അബ്ദുല്ലകോയ മദനി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള മുസ്‌ലിം ഐക്യ സംഘത്തിൻ്റെ (1922) തുടർച്ചയായി 1924 ലാണ് കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കപ്പെട്ടത്. കൊടുങ്ങല്ലൂർ കേന്ദ്രമായി രൂപീകരികപ്പെട്ട മുസ്‌ലിം ജംഇയ്യത്തുൽ ഉലമയും സഹകരിച്ചു പ്രവർത്തിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സമൂഹത്തെ ബോധവൽക്കരിക്കാൻ പണ്ഡിത സമൂഹത്തിന് നേതൃത്വം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചത്. മുസ്ലിം സമൂഹത്തിൽ നിലനിന്നിരുന്ന കക്ഷി വഴക്കുകൾ ഇല്ലാതാക്കി വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട പ്രവർത്തനം നടത്തുന്ന പണ്ഡിതരെ ഒരു നേതൃത്വത്തിന് കീഴിൽ കൊണ്ടു വരുക എന്നതും ജംഇയ്യത്തുൽ ഉലമാ ലക്ഷ്യം വച്ചു.രണ്ടുവർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ സമാപനമായിട്ടാണ് കോഴിക്കോട് ബീച്ചിൽ കെ ജെ യു ബഹുജന സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഖുർആൻ സമ്മേളനം, ഹദീസ് സമ്മേളനം, ചരിത്ര സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം,പണ്ഡിത സംഗമം എന്നിവ സംഘടിപ്പിച്ചു.
ബഹുജന സമ്മേളനത്തിൽ മത, സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ സമകാലിക സംഭവങ്ങൾ വിശകലനം ചെയ്‌തു നൂറു പ്രമേയങ്ങൾ അവതരിപ്പിക്കും. ജംഇയ്യത്തുൽ ഉലമയുടെ നൂറു വർഷത്തെ ചരിത്രം ഉൾക്കൊള്ളുന്ന സുവനീർ പ്രകാശനം ചെയ്യും. മാനവരാശിയുടെ സ്വാസ്ഥ്യവും സമാധാനവും കെടുത്തുന്ന ഭീകരതക്കെതിരെ സമ്മേളനത്തിൽ പ്രഭാഷണം നടക്കും.
നൂറാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നവംബർ 15ന് ശനിയാഴ്‌ച കാലത്ത് 10 മുതൽ വൈകിട്ട് നാലു വരെ കോഴിക്കോട് ഹോട്ടൽ വുഡിസിൽ വെച്ചു തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതർക്കായി ദേശീയ പണ്ഡിത സമ്മേളനവും ഒരുക്കിയിട്ടുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങൾക്ക് മതവിരോധികളും വ്യതിയാന കക്ഷികളും ഉയർത്തുന്ന വെല്ലുവിളികൾക്ക് പ്രമാണബദ്ധമായ മറുപടി നൽകുകയെന്നതാണ് പണ്ഡിത സമ്മേളനത്തിൻ്റെ ലക്ഷ്യം. പ്രബോധന രംഗത്ത് സ്വീകരിക്കേണ്ട വിവേകപൂർണമായ നിലപാടുകൾ ചർച്ച ചെയ്യം. ഇസ്‌ലാമിന്റെ പേരിൽ പ്രത്യക്ഷപ്പെടുന്ന തീവ്രവാദ സംഘടനകളുടെ മതദുർവ്യാഖ്യാനങ്ങളും അതിന്റെ അപകടവും സെമിനാർ ചർച്ച ചെയ്യും. രാജ്യത്തെ അറിയപ്പെടുന്ന ഇസ്‌ലാമിക സ്ഥാപനങ്ങളെയും സർവകലാശാലകളെയും പ്രതിനിധീകരിച്ചു വിവിധ പണ്ഡിതർ സംഗമത്തിൽ പങ്കെടുക്കും.ഞായറാഴ്ച വൈകിട്ട് കടപ്പുറത്ത് നടക്കുന്ന ബഹുജന സമ്മേളനം ആൾ ഇന്ത്യ അലെ ഹദീസ് അഖിലേന്ത്യ പ്രസിഡന്റ്റ് അസ്‌ഗർ അലി ഇമാം മഹ്ദി അസ്സലഫി ഉദ്ഘാടനം ചെയ്യും. കെ എൻ എം പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി, കെ ജെ യു പ്രസിഡൻ്റ് പി പി മുഹമ്മദ് മദനി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ്, പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവൻ എംപി, ഷാഫി പറമ്പിൽ എം പി, അഹ്‌മദ് ദേവർകോവിൽ എം എൽ എ. എം ഇ എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, സി പി എം ജില്ലാ സെക്രട്ടറി എം. മഹ്ബൂബ് എന്നിവർ അതിഥികളായി പങ്കെടുക്കും.
1 കെ എൻ എം ജനറൽ സെക്രട്ടറി പിപി ഉണ്ണീൻകുട്ടി മൗലവി, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, കെ ജെ യു സെക്രട്ടറിഹനീഫ് കായക്കൊടി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, എം സ്വലാഹുദ്ദീൻ മദനി, അഹ്‌മദ് അനസ് മൗലവി, ശരീഫ് മേലേതിൽ, മുസ്തഫാ തൻവീർ, ശുക്കൂർ സ്വലാഹി, സുഹ്ഫി ഇമ്രാൻ, ഡോ. എൻ മുഹമ്മദലി അൻസാരി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
