പാലുത്പ്പന്നങ്ങളുടെ വൈവിധ്യം കാണാം; പഴയ അടുക്കളയിലേക്ക് തിരിച്ചു പോകാം

കോഴിക്കോട്: സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കിയ എക്സിബിഷന്‍ ആകര്‍ഷകമായി .മില്‍മ, നന്ദിനി, ഡോഡ്ലെ, അമൂല്‍, നെസ്ലെ, ഹെറിറ്റേജ് ഫുഡ്‌സ് തുടങ്ങി ഇന്ത്യയിലെ പ്രമുഖരായ എല്ലാ ഡെയറികളുടേയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്. ഇതിനു പുറമെ മറ്റു വാണിജ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ട്.

പ്രദര്‍ശനത്തില്‍ കേരളത്തിലെ സ്ത്രീകളുടെ ഒരു കാലത്തെ ഉപജീവനമാര്‍ഗ്ഗമായിരുന്ന കയറു പിരിക്കല്‍ ലൈവായി കാണാം. ഒപ്പം കൈത്തറി, മണ്‍പാത്ര നിര്‍മ്മാണം എന്നിവയ്ക്കും പ്രത്യേക പവലിയനുണ്ട്. അന്യം നിന്നു പോയ നമ്മുടെ കാര്‍ഷിക സംസ്‌കൃതിയുടെ പുരാതന കാഴ്ചകളും ഒരു നൂറ്റാണ്ടു മുമ്പത്തെ കേരളത്തിലെ അടുക്കളകളില്‍ ഉപയോഗിച്ചിരുന്നതും ഇന്ന് കാണാമറയത്തായതുമായ വീട്ടുപകരണങ്ങളും ഒരുക്കിയ സ്റ്റാള്‍ കൗതുകത്തിനൊപ്പം അറിവും പകരുന്നു. ഉറിച്ചട്ടി തിരിയമ്മി, തൂക്കം കല്ല്, നാരായം പല നാടുകളിലേയും പഴമക്കാര്‍ ഉപയോഗിച്ചിരുന്ന കലപ്പ അങ്ങിനെ പോകുന്നു നിരകള്‍. പ്രദര്‍ശനം കാണാന്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ധാരാളമെത്തുന്നുണ്ട്. പ്രദര്‍ശനം കാണാന്‍ എത്തുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ മില്‍മ ഉത്പ്പന്നങ്ങളും നല്‍കുന്നുണ്ട്.