കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് നോർത്ത് സോൺ ഡി.ഐ.ജി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ ഈ കേസ് പരിഗണിക്കും.
കോഴിക്കോട് ഗോവിന്ദപുരം വളയനാട് സ്വദേശി ദീപക് (40) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള ബസ് യാത്രക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ ഷിംജിത എന്ന യുവതി വടകര പൊലീസിൽ പരാതി നൽകുകയും ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
അതേസമയം, ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ പൊലീസിന് പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് രേഖാമൂലം പരാതി നൽകിയത്. ഇന്ന് ഉച്ചയോടെ ബന്ധുക്കൾ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ നേരിൽക്കണ്ട് പരാതി കൈമാറി. ഈ പരാതി ഉടൻതന്നെ സിറ്റി പൊലീസ് കമ്മീഷണർ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറും. പരാതി ലഭിക്കുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് യുവതിയെ ചോദ്യം ചെയ്യാനാണ് മെഡിക്കൽ കോളേജ് പൊലീസ് ഉദ്ദേശിക്കുന്നത്.
ഇതിനുപുറമെ എറണാകുളം സ്വദേശിയായ ഒരു അഭിഭാഷകൻ നൽകിയ പരാതി നിലവിൽ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ലഭിച്ചത്. ഇതും മെഡിക്കൽ കോളേജ് പൊലീസിന് കൈമാറും. സോഷ്യൽ മീഡിയ വഴി ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് മരിക്കാനിടയായ സാഹചര്യത്തിൽ, സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേരാണ് പിന്തുണയുമായി കുടുംബത്തെ വിളിച്ചു ആശ്വസിപ്പിക്കുന്നത്. നേരത്തെ തന്നെ മെൻസ് കമ്മീഷൻ ആവശ്യപ്പെട്ടുകൊണ്ട് ഇടപെടലുകൾ നടത്തുന്ന രാഹുൽ ഈശ്വറും ബന്ധുക്കൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
യുവാവിന്റെ മരണത്തോടെ നിസ്സഹായരായ വൃദ്ധമാതാപിതാക്കൾക്ക് വേണ്ട സാമ്പത്തിക സഹായവും നിയമസഹായവുമായി പലരും രംഗത്തുവന്നു. നിലവിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ ചോദ്യം ചെയ്ത ശേഷം വീഡിയോ ഉൾപ്പെടെ പരിശോധിക്കുകയും കൃത്യമായ അന്വേഷണം നടത്തി ആവശ്യമെങ്കിൽ മറ്റ് വകുപ്പുകൾ കൂടി ചേർത്ത് അന്വേഷണം ഊർജിതമാക്കാനുമാണ് ഉദ്ദേശ്യം. അതിനുള്ള നടപടികളെല്ലാം മെഡിക്കൽ കോളജ് പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്.
യുവാവ് ജീവനൊടുക്കിയ വിവരം പുറത്തുവന്നതോടെ യുവതി വീണ്ടും സോഷ്യൽ മീഡിയയിൽ ആരോപണവുമായി രംഗത്തുവന്നു. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവരുന്നത്. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
