
കണ്ണൂർ: കാൻസർ ചികിത്സയിൽ ഏറ്റവും പ്രാധാന്യമേറിയ ട്യൂമർ ബോർഡ് സേവനങ്ങൾ ഓൺ ലൈനായി നൽകുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കി.
പ്രശസ്ത കാൻസർ സർജനും ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടറും ഓൺക്യുർ പ്രിവന്റീവ് ഹെൽത്ത് കെയർ എംഡിയുമായ ഡോ. കെ.പി. അബ്ദുള്ളയാണ് ‘പ്ലാൻ മൈ ഓങ്കോ’ എന്ന പേരിലുള്ള ആപ്ലിക്കേഷൻ തയാറാക്കിയത്.
ഓൺക്യുർ പ്രിവന്റീവ് ഹെൽത്ത് കെയർ സർവീസസ് നിർമിച്ച ആപ്പിന്റെ ലോഞ്ചിംഗ് തിരുവനന്തപുരം ഹയാത്ത് റിജൻസിയിൽ നടന്ന ഗ്ലോബൽ പ്രിവന്റീവ് ഓങ്കോളജി സമ്മിറ്റിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ ആപ്പ് ഉടൻ തന്നെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യമാകും.
കാൻസർ ചികിത്സയ്ക്ക് വിവിധ ഡിപ്പാർട്ട്മെന്റുകളുടെഏകോപനം അനിവാര്യമായതിനാൽ രോഗികൾ പലയിടങ്ങളിലായി യാത്രപോകേണ്ട അവസ്ഥയുണ്ട്. ഇതു പരിഹരിച്ച് ഡോക്ടർമാരുടെ ഏകോപനവും വിദഗ്ധ നിർദേശങ്ങളും ആപ്പിലൂടെ സാധ്യമാക്കും.
പ്ലാൻ മൈ ഓങ്കോ ആപ്പ് വിർച്വൽ ട്യൂമർ ബോർഡാണ്. ഡോക്ടർമാർ മുന്പത്തെ അഭിപ്രായങ്ങൾ അറിയാതെ പുതിയ കേസ് പരിശോധിക്കും. ഇത് കൂടുതൽ നിഷ്പക്ഷവും കൃത്യവുമാകും. ഓൺലൈനായതിനാൽ വേഗം റിപ്പോർട്ടും ലഭിക്കും. രോഗികൾക്കു മാത്രമല്ല, ചെറിയ ടൗണുകളിലെ ഡോക്ടർമാർക്കു വിദഗ്ധ ഉപദേശവും ഇതിലൂടെ ലഭിക്കും.
ഇതുവഴി എല്ലാ കാൻസർ ചികിത്സയ്ക്കും വലിയ ആശുപത്രികളിലേക്ക് രോഗികളെ അയയ്ക്കാതെതന്നെ ചെറിയ ആശുപത്രികളിൽ ഇതിലൂടെ ചികിത്സ നൽകാനാകുമെന്നതിനാൽ ചികിത്സാചെലവും കുറയും. കാൻസർ സെന്ററുകളിലെ അനാവശ്യമായ തിരക്ക് കുറയ്ക്കാനും ഇതിലൂടെ സാധ്യമാകും.
രോഗികൾക്ക് ഇതിൽ മെഡിക്കൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാനാകും. വിദഗ്ധ ടീം വെർച്വൽ മീറ്റിംഗിൽ പരിശോധിച്ച് ചികിത്സാ നിർദേശങ്ങൾ നൽകും. ചികിത്സയെക്കുറിച്ച് വളരെ എളുപ്പത്തിൽ രണ്ടാമത് ഒരു അഭിപ്രായം തേടാനും ഇതിലൂടെ സാധ്യമാകുമെന്ന നേട്ടവുമുണ്ട്.
