ആദിവാസി ശരീരകലയും ടാറ്റൂവും; സമാനതയിലെ വൈരുദ്ധ്യം ചര്‍ച്ചയാകുമ്പോള്‍

കേരള സാഹിത്യോത്സവം (KLF) 2026-ൽ “Indian tattoos: Only skin Deep? Tattooed in India, Rooted in culture” എന്ന വിഷയത്തിൽ നടന്ന ചർച്ച, ഇന്ത്യയിലെ വിവിധ ആദിവാസി ഭൂപ്രദേശങ്ങളിലെ ശരീരകലയുടെ ദാർശനികത, സൗന്ദര്യശാസ്ത്രം, സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം എന്നിവയെ ആഴത്തിൽ പരിശോധിച്ചു. സെഷൻ നിയന്ത്രിച്ചത് സാംസ്കാരിക സിദ്ധാന്തജ്ഞയും ക്യൂറേറ്ററുമായ നാൻസി അഡാജാനിയ ആയിരുന്നു. The Konyaks: Last of the Tattooed Headhunters എന്ന പുസ്തകത്തിന്റെ രചയിതാവായ ഫെജിൻ കോന്യാക്, ടാറ്റു കലാകാരനും ഗവേഷകനുമായ മോ നാഗ, ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി നിർമ്മാതാവുമായ ശതാബ്ദി ചക്രബർത്തി എന്നിവർ സെഷനിൽ പങ്കെടുത്തു.

നാഗാലാൻഡും മ്യാൻമറും ഉൾപ്പെടുന്ന കോന്യാക് ഗോത്രത്തിന്റെ പ്രത്യേക ടാറ്റു പാരമ്പര്യങ്ങളെ കുറിച്ച് ഫെജിൻ കോന്യാക് വിശദീകരിച്ചു. ചരിത്രപരമായി തലവെട്ട് (headhunting) എന്ന പ്രക്രിയയിലൂടെ നേടിയിരുന്ന മുഖടാറ്റുകൾ, ഒരു യോദ്ധാവിന്റെ ജീവിതചരിത്രം രേഖപ്പെടുത്തുന്ന ഒരു ദൃശ്യാവിഷ്കാരം ആയിരുന്നു. തലവെട്ട് പ്രക്രിയ അവസാനിക്കുകയും ക്രിസ്തുമതത്തിന്റെ വ്യാപനം നടക്കുകയും ചെയ്തതോടെ ഈ ടാറ്റു പാരമ്പര്യം പ്രായോഗികമായി നിലച്ചുപോകുന്നുവെന്ന് ഫെജിൻ പറഞ്ഞു. ഈ ‘ജീവിച്ചിരിക്കുന്ന ലൈബ്രറികൾ’ പോലെ ഉള്ള അവസാന തലമുറയുടെ ഓർമ്മകളും ചിഹ്നങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.നാൻസി അഡാജാനിയ, പാരമ്പര്യ ടാറ്റുക്കൾ മനുഷ്യശരീരത്തിൽ നിന്ന് പേപ്പറിലേക്കും ക്യാൻവാസിലേക്കും മാറുന്ന രീതിയെ വിമർശനാത്മകമായി വിലയിരുത്തി. ബൈഗയും ഗോണ്ടും കലാകാരികളായ ശാന്തിബായി മറാവിയും മകൾ മംഗളബായി മറാവിയും അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. പരമ്പരാഗത ‘ഗോദ്ന’ (ടാറ്റു) രൂപങ്ങൾ പുതിയ ഐക്കണോഗ്രഫിയാക്കി, ആധുനിക സൗന്ദര്യബോധത്തോടും വ്യക്തിഗത സ്വാതന്ത്ര്യബോധത്തോടും ചേർത്താണ് ഇവർ അവതരിപ്പിക്കുന്നത് എന്ന് അഡാജാനിയ വിശദീകരിച്ചു. ഇതിലൂടെ ടാറ്റു പാരമ്പര്യം സമകാലിക ഫൈൻ ആർട്ട് ലോകത്തേക്ക് കടക്കുന്നു.

നാഗാ ടാറ്റു സംസ്കാരത്തെ പുനരുജ്ജീവിപ്പിച്ച് പ്രശസ്തനായ മോ നാഗ, ടാറ്റു വെറും അലങ്കാരം മാത്രമല്ലെന്ന് ഊന്നിപ്പറഞ്ഞു. കടുവ, മനുഷ്യൻ, ആത്മാവ് എന്ന മൂന്ന് സഹോദരന്മാരുടെ നാഗാ പൗരാണിക കഥ അദ്ദേഹം പങ്കുവെച്ചു. ടാറ്റുകൾ മനുഷ്യനും പ്രകൃതിയും ആത്മീയലോകവും തമ്മിലുള്ള ബന്ധം രേഖപ്പെടുത്തുന്ന ദൃശ്യ ലിപിയാണെന്ന് അദ്ദേഹം പറഞ്ഞു.“ഞങ്ങളുടെ ടാറ്റുകൾ കഥകൾ പറയുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; അവ സഹവാസത്തെയും അതിരുകളെയും കുറിച്ചാണ്,” മോ നാഗ പറഞ്ഞു. പാരമ്പര്യ മഷിക്കായി ഉപയോഗിക്കുന്ന സസ്യങ്ങളും മുള്ളുകളും വളർത്തുന്ന തന്റെ ‘ടാറ്റു ഗാർഡൻ’ പദ്ധതിയെ അദ്ദേഹം പരിചയപ്പെടുത്തി. ഇതിനെ അദ്ദേഹം ‘ആദിവാസി സൗന്ദര്യശാസ്ത്രത്തിലൂടെ കോളനിവത്കരണവിരുദ്ധ പ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചു. ശതാബ്ദി ചക്രബർത്തി ഇന്ത്യയിലെ വിവിധ ടാറ്റു സംസ്കാരങ്ങളെ ചിത്രീകരിച്ച തന്റെ ഫോട്ടോഗ്രാഫിക് രേഖകൾ അവതരിപ്പിച്ചു.

ആധുനിക കാലഘട്ടത്തിലെ വൈരുധ്യങ്ങളെ കുറിച്ചുള്ള ചർച്ചയോടെയാണ് സെഷൻ അവസാനിച്ചത്. നഗരങ്ങളിലെ യുവാക്കൾ ആദിവാസി രൂപങ്ങൾ ഫാഷനായി സ്വീകരിക്കുമ്പോൾ, അതേ ടാറ്റുകൾ ധരിക്കുന്ന ആദിവാസികൾക്ക് ഇന്നും സാമൂഹ്യ അവഹേളനവും വിവേചനവും നേരിടേണ്ടിവരുന്നു. യുവ ആദിവാസികൾക്ക് ‘പ്രാചീന’ എന്ന് മുദ്രകുത്തപ്പെടാതിരിക്കാനായി പാരമ്പര്യ ടാറ്റുകളിൽ നിന്ന് മാറിനിൽക്കേണ്ടിവരുന്ന അവസ്ഥയെയും ശതാബ്ദിയും ഫെജിനും ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, മോ നാഗ പോലുള്ള കലാകാരന്മാരുടെ പ്രവർത്തനങ്ങളിലൂടെയും രൂപങ്ങൾ ടെക്സ്റ്റൈലുകളിലേക്കും ഫൈൻ ആർട്ടിലേക്കും മാറുന്നതിലൂടെയും ഈ പാരമ്പര്യത്തിന്റെ ‘ആത്മാവ്’ നിലനിൽക്കാമെന്ന പ്രത്യാശയോടെയാണ് സെഷൻ അവസാനിച്ചത്.