ജനുവരി 25ന് ഗുരുവായൂരിൽ 245 വിവാഹങ്ങൾ ,വൻ തിരക്ക്.

തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ജനുവരി 25 ഞായറാഴ്ച വിവാഹങ്ങളുടെ അപൂർവ കാഴ്ചയാകും. ഒറ്റ ദിവസം 245 വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ ശീട്ടാക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങുകളും ഭക്തജന ദർശനവും തടസ്സമില്ലാതെ നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

പുലർച്ചെ 4 മുതല്‍ വിവാഹച്ചടങ്ങുകള്‍

വിവാഹങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി പുലർച്ചെ 4 മണി മുതല്‍ തന്നെ കല്യാണച്ചടങ്ങുകള്‍ ആരംഭിക്കും. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടാകും. ചടങ്ങുകള്‍ സുഗമമാക്കാൻ ക്ഷേത്ര കോയ്മമാരെ അധികമായി നിയോഗിക്കുകയും, വിവാഹ മണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെ വിന്യസിക്കുകയും ചെയ്യും.

തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിന്റെ കിഴക്കേ നട പൂർണമായും വണ്‍വേ ആയി മാറ്റും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെ എത്തി മേല്‍പുത്തൂർ ആഡിറ്റോറിയത്തിന് സമീപമുള്ള ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. ഇവർക്കായി അവിടെ വിശ്രമ സൗകര്യവും ഒരുക്കിയിട്ടുണ്ട്.