EDITORIAL – RAGESH SANKAR PUTHALATH
വേനൽ വെയിൽപോലെ ജീവിതം പൊള്ളുമ്പോഴും തിരിമുറിയാതെ ദുരിതങ്ങൾ പെയ്യുമ്പോഴും ഇളവേൽക്കുവാൻ ഇടം തേടുന്ന മനുഷ്യന് ഉത്സവങ്ങൾ ആശ്വാസത്തി ന്റെ തണലാണ്. മലയാളിയെ സംബന്ധിച്ച് തിരുവോണവും തിരുവാതിരയും മേട വിഷുവുമെല്ലാം അവന്റെ ജീവിതത്തിന്റെ സാന്ത്വന സങ്കേതങ്ങളായിട്ട് എത്രയോ കാലമായി. ഇരതേടി കൂടുവിട്ട് പരദേശിയായി പറന്നലയുമ്പോഴും മരുഭൂമിയിൽ പൊ രിയുമ്പോഴും ചിങ്ങനിലാവിന്റെ നനുത്ത ഒരു തുണ്ട് ഓർമ്മയിൽ നാം സൂക്ഷിച്ചുവച്ചിരുന്നു. മസ്തകമുയർത്തി എഴുന്നള്ളി നിൽക്കുന്ന മലനിരകളും ഋതുഭേദത്തിന്റെ കാലപ്രമാണത്തിൽ കുടമാറ്റം നടത്തുന്ന കാട്ടുമരങ്ങളുമെല്ലാം മലയാളിയുടെ ഗൃഹാതുരത്വം തന്നെയാണ്.നീർ പ്രവാഹത്തിന്റെ നീല ഞരബോടിയ യൗവ്വനത്തികവാർന്ന മലയാളത്തിന്റെ കന്നിമണ്ണ് വയലേലകളിൽ തിടംവച്ചുനിന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. കർക്കിടകം തുടിച്ച്കുളിച്ച കുളങ്ങളും പുഴകളും, ഈറനുടുത്തു നടന്നുപോയ ഇടവഴികളും ഓർമ്മയിൽ തഴച്ചു നിൽക്കുന്നു. കണ്ണാന്തളിയും കാക്കപ്പൂവും ചിങ്ങമെത്താൻ കാത്തിരുന്ന ആ വഴിയോരങ്ങൾ ഇന്ന് സൂപ്പർ ഹൈവേകൾക്ക് വഴിമാറിയിട്ടുണ്ടാവാം. നമ്മേ ഊട്ടി നിറച്ച വയലേലകൾ ഷോപ്പിംഗ് മാളുകളും ഫ്ളാറ്റുകളുമായിട്ടുണ്ടാവാം. ബാല്യം പൂപ്പൊലി പാട്ടുമായി അലഞ്ഞ കുന്നുകൾ ജെസിബിയുടെ കൈ പിടിച്ച് ടിപ്പർ ലോറി കേറി നാടുവിട്ടത് നാമറിയാൻ തിരുവോണം വരേണ്ടി വന്നു. വേലിക്കടമ്പ യിൽ ചിരിച്ച് ക്ഷേമം ചോദിച്ചു നിന്ന പൂക്കളെല്ലാം ഇങ്ങിനി വരാതെ മറഞ്ഞു പോയതുപോലും തിരുവോ ണം പറഞ്ഞാണ് നാമറിഞ്ഞത്. തെങ്ങും മാവും പ്ലാവും കാച്ചിലും ചേമ്പും ചേനയുമെല്ലാം സ്നേഹിച്ചു ജീവിച്ച് നമ്മുടെ മണ്ണ് കള്ളപ്പണക്കാരന് തീറെഴുതി കോൺക്രീറ്റ് ഏറുമാടങ്ങളിലേക്ക് ചേക്കേറുമ്പോൾ ചിങ്ങനിലാവും അത്തപ്പൂക്ക ളവും വിലയ്ക്കു വാങ്ങാനാവില്ല എന്നു നാമോർത്തില്ല. ചുടലത്തെങ്ങുകൾ കാവൽ നിൽക്കുന്ന അപ്പനപ്പൂപ്പൻമാരുടെ സ്മൃതികുടീരങ്ങൾ തീറെഴുതുമ്പോൾ അവർ തന്ന വിഷുക്കൈനീട്ടവും ഓണക്കോടിയും നാം മറന്നുപോയിരുന്നു. ഓണം ഓർമ്മകളുടെ ശ്രാദ്ധം കൂ ടിയാണ്. സമൃദ്ധമായ ഭൂതകാല സംസ്കൃതിയുടെ തിരുശേഷിപ്പാണ് തി രുവോണം. സംസ്കാരം ജനിയ്ക്കുന്നത് മണ്ണിൽനിന്നാണ്… ഭൂമിയിൽ നിന്നാണ്. മലയാളത്തിന്റെ സംസ്കാരം മലയിൽനിന്നും പുഴയിൽനിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത്. ഭൂമിയുടെ വരദാനമാണ് തിരുവോണത്തിന്റെ സംസ്കാരം. എന്നാൽ ആ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കൈയേറി കാട്ടുമരങ്ങളെ കട്ടുമുടിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. സംസ്കാരത്തിന്റെ ഈറ്റുമുറികൾ പരദേശിയുടെ വിഷരോഗങ്ങളുടെ വിത്ത് വിതയ്ക്കുന്നു. ഭൂമിയമ്മയുടെ നാഡീഞരമ്പുകളായ പുഴകളിൽ ചലം നിറഞ്ഞ് വിങ്ങി വേദനിയ്ക്കുമ്പോൾ എങ്ങിനെ ആവണി നിലാവുദിയ്ക്കും? – ചിങ്ങവെയിൽ പുടവ ചുറ്റും? വിഷധൂമം പടർന്നേറിയ മാനത്ത് എങ്ങിനെ ഓണ ത്തുമ്പികൾ പാറും?
സർവ്വചരാചരസമത്വത്തിന്റെ ഓണക്കാലം വീണ്ടെടുക്കാൻ നമുക്ക് ഒത്തായി പരിശ്രമിയ്ക്കാം.