എൺപതുകളുടെ മദ്ധ്യത്തിൽ ജനിച്ച ഒരാൾ എന്ന നിലയിൽ കേരളത്തിൽ ദൃശ്യ കലയിൽ ഉണ്ടായ അഭൂതപൂർവ്വമായ മാറ്റങ്ങൾ എനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മാറ്റങ്ങളുടെ കുത്തൊഴുക്കിൽ മുന്നോട്ടു പോകുമ്പോഴും മനസ്സുകൊണ്ട് പലപ്പോഴും അതെ വേഗത്തിലെങ്കിലും കാലഹരണപ്പെട്ട ഭൂതകാലത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇങ്ങനെയുള്ള എന്റെ യാത്രയ്ക്കുള്ള മാർഗവും പഴയ സിനിമകളായിരുന്നു … കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. കൃഷികാര്യങ്ങളിലൂടെ വീട് പുലർന്നു പോന്നിരുന്ന കാലമായിരുന്നതിനാൽ മിക്ക വീടുകളിലെ പോലെ നെൽപാടവും വീട്ടു പുരയിടത്തിൽ മരച്ചീനി ചേന കാച്ചിൽ മഞ്ഞൾ ഇഞ്ചി കുറച്ചു പച്ചക്കറികൾ തുടങ്ങിയ കൃഷിയും വീട്ടിലെ ആവശ്യത്തിനായി പശു ആട് കോഴി തുടങ്ങി സസ്യ മൃഗാദികളും ഞങ്ങളുടെ ഓലമേഞ്ഞ തറവാട് വീടിനു ചുറ്റുമായി നിലനിന്നു പോന്നിരുന്നു.
അന്നൊക്കെ പുറംലോകത്തെ വാർത്തകൾ അറിഞ്ഞിരുന്നത് റേഡിയോയിലൂടെയാണ്. വാർത്തകളെക്കാൾ കൂടുതൽ ഞാൻ കേട്ടിരിക്കുക ഉച്ചസമയത്തു സംപ്രേക്ഷണം ചെയ്തിരുന്ന ചലച്ചിത്രഗാനങ്ങളും ശബ്ദരേഖകളും ആയിരിക്കും. ശ്രുതിമധുരമായ ഈണങ്ങൾ കേട്ട് ഹൃദ്യസ്ഥമാക്കിയിരുന്നെങ്കിലും തീയേറ്ററിൽ പോയി മലയാള സിനിമ എന്നത് വിദൂരമായിരുന്നു. ആ ദൂരം ഇല്ലാതെ ആയതു അയൽപ്പക്കത്തെ വീട്ടിൽ ടീവി വാങ്ങിയതിൽ പിന്നെയാണ്. മീൻ മുള്ളുപോലെ ആന്റീന വച്ച ഒരു കൊച്ചു കുംഭകർണൻ കളർ ടീവി. ഞാറാഴ്ചകളിൽ നാലുമണിക്കായി കാത്തിരിപ്പാണ് ഞാനും കുറച്ചു കുട്ടികളും. ദൂരദർശന്റെ കനിവിൽ മലയാള സിനിമകൾ പതിയെ ഞങ്ങളുടെ മനസ്സുകൾ നിറച്ചു. അങ്ങനെ ഒരു കാലഘട്ടത്തെ ചരിത്രത്തിൽ രേഖപ്പെടുത്തിയോരാളെ കുറിച്ച് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എനിക്ക് വാക്കുകളോ അവസരമോ ഉണ്ടാകുമെന്നു ഒരിക്കലും കരുതിയതല്ല.
പുരോഗതിയുടെ പേരിൽ കാലം ഓടി മറയുമ്പോൾ പിന്നിലേക്ക് ചെല്ലാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം മലയാളി മനസ്സുകളുടെ ഹൃദയങ്ങളിൽ കുടിയിരുത്തപ്പെട്ട ഒരുപിടി ഗാനങ്ങളും സിനിമകളുമായിരുന്നു. അവയിൽ ഏറെയും ശ്രുതിമാധുര്യത്താൽ യേശുദാസും തിരശീലയിൽ അബ്ദുൽ ഖാദറും അനശ്വരമാക്കി. ചിറയിൻകീഴുകാരനായ അബ്ദുൽ ഖാദറെന്ന് പറഞ്ഞാൽ പെട്ടെന്ന് മനസിലാകണമെന്നില്ല, എന്നാൽ മലയാളി മനസ്സുകൾക്ക് നിത്യഹരിതനായകൻ പ്രേം നസീർ എന്ന് പറഞ്ഞാൽ ഹൃദ്യവും സുപരിചിതവും ആയിരിക്കും. 1952-ൽ അബ്ദുൽ ഖാദറിന്റെ രണ്ടാമത്തെ സിനിമ വിശപ്പിന്റെ വിളിയിൽ പ്രേംനസീർ എന്ന പേര് നൽകി മലയാളിമനസ്സുകൾക്കു നൽകിയത് തിക്കുറിശ്ശി സുകുമാരൻ നായരും കുഞ്ചാക്കോയും ചേർന്നായിരുന്നു. ഒരു വേദിയിൽ നടൻ സുരേഷ് ഗോപി പ്രേം നസീറിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് – “ഒരു ദിവസം ആകാശവാണി വയ്ക്കുമ്പോൾ നിങ്ങൾ കേൾക്കുന്ന പത്തു പാട്ടുകളിൽ ഒന്നിലെങ്കിലും നിങ്ങൾ യേശുദാസിന്റെ ശബ്ദം കേൾക്കില്ല പകരം നസീർ സാറിന്റെ ആലാപനം നിങ്ങൾ കേൾക്കും, കാണും.”
ഈ ലോകത്തു നിന്നും ജ്വലിച്ചു നിന്ന ആ താരപ്രഭ മണ്മറഞ്ഞു പോയിട്ട് മുപ്പത്തിയഞ്ചു വർഷങ്ങൾ ആകുന്നെങ്കിലും മലയാളിയുടെ സിനിമസങ്കല്പങ്ങളിൽ അദ്ദേഹം ഇന്നും അനശ്വരനായി ജീവിക്കുന്നു. അതിനുള്ള കാരണം അദ്ദേഹം ഒരു സിനിമാനടൻ മാത്രമായിരുന്നില്ല എന്നതുകൊണ്ടാണ്. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വയ്ക്കുന്ന ഭൂരിഭാഗം ആളുകളും അദ്ദേഹത്തെ നസീർ സാർ എന്നാണു അഭിസംബോധന ചെയ്യുന്നത്. ഇന്നും അവരുടെയുള്ളിൽ അദ്ദേഹത്തോടുള്ള ആദരവ് നിറഞ്ഞു നിൽക്കുന്നു. അദ്ദേഹം സൗഹൃസൗമ്യമായി എല്ലാവരെയും അഭിസംബോധന ചെയ്തിരുന്നത് ‘അ.സെ’ എന്നാണു. പ്രേം നസീറിന്റെ ഭാഷയിൽ ‘അ.സെ’ എന്നാൽ ‘അല്ലയോ സഹോദരാ’ എന്നാണു. ഇന്നത്തെ തലമുറയ്ക്ക് സിനിമ നൽകിയ ഭാഷാസ്വതന്ത്ര്യം വളരെ വലുതാണ്. അതിൽ നർമ്മരസം കലർത്തിയുള്ള സംഭാഷണത്തിൽ നസീറിനോടും യുവത്വം കടപ്പെട്ടിരിക്കുന്നൊരു പ്രയോഗമുണ്ട് – ഹമ്പട ജിഞ്ചിനക്കടി’. ഇന്നത്തെ സമൂഹമാധ്യമങ്ങൾ ഏതു ചെറിയ കാര്യത്തേയും അതിവേഗം പ്രസരിപ്പിക്കുന്നതുപോലെ അദ്ദേഹത്തിന്റെ സിനിമകളിലെ ഡയലോഗുകളും പാട്ടും ട്രോൾ എന്ന രീതിയിൽ പ്രചരിക്കുന്നുണ്ട്. മൊബൈൽ സ്ക്രീനുകളിൽ തമാശകൾ സ്ക്രോൾ ചെയ്തു കടന്നു പോകുമ്പോഴും അവയിൽ ഭൂരിഭഗം ആളുകൾക്കും പ്രേം നസീർ എന്നത് ഒരു പഴയ സിനിമാനടൻ എന്ന പേരിൽ മാത്രം ഒതുങ്ങുന്നു. അതിനും അപ്പുറത്തേക്ക് അദ്ദേഹം എന്ന മനുഷ്യസ്നേഹിയെ ഇന്നിന്റെ ജനതയ്ക്കും അറിയില്ല.
ശാർക്കര മൈതാനത്തു പിതാവിനും സഹോദരനുമൊപ്പം കുട്ടിക്കാലത്തു പ്രശസ്തരുടെ നാടകങ്ങൾ കണ്ടാണ് അദ്ദേഹത്തിന് കലയിലേക്കുള്ള തുടക്കം. പലപ്പോഴും കലാസ്വാദകനായ പിതാവ് നാടകസംഘങ്ങളെ സ്വന്തം ചിലവിൽ വരുത്തി മൈതാനത്തു നാടകം നടത്തിയിരുന്നു. അദ്ദേഹത്തിലെ നടനുള്ള സർഗ്ഗവാസനയും പ്രചോദനവും രൂപപ്പെടുത്തുന്നതിൽ പിതാവിനു മുഖ്യപങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1951-ൽ കോളേജ് പഠനകാലത്തു വെനീസിലെ വ്യാപാരി എന്ന ഷേക്സ്പിയർ നാടകത്തിൽ ഷൈലോക്ക് എന്ന കഥാപാത്രം ചെയ്തതിലൂടെ ഏറ്റവും നല്ല മികച്ച നടനുള്ള സമ്മാനം നേടിയെടുത്തു. 1952-ൽ മരുമകൾ എന്ന സിനിമയി ലൂടെയാണ് അദ്ദേഹത്തിന്റെ സിനിമ ജീവിതം ആരംഭിച്ചത്. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, കള്ളിച്ചെല്ലമ്മ, ഭാർഗവീനിലയം,നദി എന്നീവയൊക്കെ അതീവ പ്രശംസനീയമായ അഭിനയമുഹൂർത്തങ്ങൾ ഉള്ള സിനിമകളുടെ ഉദാഹരണങ്ങളാണ്.
എം. ടി യുടെ തിരക്കഥയിൽ ഒരുങ്ങിയ ഇരുട്ടിന്റെ ആത്മാവ് എന്ന സിനിമയിലെ ഭ്രാന്തൻ വേലായുധൻ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് അദ്ദേഹത്തെ പ്രശംസിച്ചവരിൽ ഒരാൾ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിന് നേടിത്തന്ന മഹാകവി ജി. ശങ്കരകുറുപ്പാണ്. അതുപോലെ നസീർ അനശ്വരമാക്കിയ എം. ടി യുടെ അസുരവിത്തിലെ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം. നസീർ എന്ന നടന് ആദ്യമായി ഒരു പുരസ്കാരം നേടിക്കൊടുത്തത് തൈപിറന്താൽ വഴിപിറക്കും എന്ന അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു. മികച്ച പുതുമുഖ നടനുള്ള പേശുംപടം എന്ന അവാർഡ് ആയിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. 1975-ൽ ഏറ്റവും സുന്ദരനായ സിനിമാതാരത്തിനുള്ള ബി.ബി.സി. അവാർഡ് ലഭിച്ചതും അദ്ദേഹത്തിനായിരുന്നു. 1980 കാലഘട്ടം വരെ രണ്ടായിരത്തിനു മേലെ മലയാള സിനിമകൾ ഇറങ്ങിയതിൽ നാലിലൊന്നും നസീർ എന്ന ഒരു നടന്റെ മാത്രം സംഭാവനകളായിരുന്നു. പ്രേക്ഷജനഹൃദയങ്ങളുടെ നിരവധി അംഗീകാരങ്ങൾ നസീറിന് ലഭിച്ചിരുന്നു എങ്കിലും 1952-ൽ ആരംഭിച്ച അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഒരേയൊരു സിനിമ പുരസ്കാരം നൽകി ആദരിക്കാൻ 1981 വരെ കേരള സംസ്ഥാന സർക്കാറിനു സമയം വേണ്ടി വന്നു എന്നത്തിന്റെ പിന്നിലെ യുക്തിരാഹിത്യം മറച്ചു വയ്ക്കാവുന്നതല്ല. മലയാളസിനിമയുടെ ആസ്ഥാനം മദ്രാസ് ആയിരുന്ന കാലത്തു അദ്ദേഹം ചലച്ചിത്രപരിഷത്തും മലയാള അഹിനേതാക്കളുടെ ‘മാൽക’ എന്നീ കൂട്ടായ്മകളെ ദീർഘകാലം നയിച്ചു.
മുപ്പത്തിയാറു വർഷത്തെ സിനിമ ജീവിതത്തിൽ അന്യഭാഷകൾ ഉൾപ്പെടെ അദ്ദേഹം 553-ൽ പരം ചിത്രങ്ങൾ ചെയ്തു. പ്രശസ്ത നടി ഷീലയോടൊപ്പം 139 ചിത്രങ്ങൾ. 1979-ൽ ഒരു വർഷത്തെ കാലയളവിൽ മുപ്പത്തിയൊന്പത് ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. എൺപതു നടിമാരുടെ നായകനായി സിനിമകൾ ചെയ്തു. ഇതെല്ലാം തന്നെ പ്രേം നസീർ എന്ന നടന് ഗിന്നസ്സ് റെക്കോർഡുകൾ തീർത്തു മലയാള സിനിമയെ ലോകസിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തി. മുപ്പതിലേറെ തമിഴ് ചിത്രങ്ങളിലും, മുപ്പതിലേറെ ചിത്രങ്ങളിൽ ഇരട്ട വേഷത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1983-ൽ ഇന്ത്യ ഗവണ്മെന്റ് അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പദ്മ ഭൂഷൺ, പദ്മ ശ്രീ എന്നീ ബഹുമതികൾ നൽകി ആദരിക്കുകയുണ്ടായി.
അഭിനയിച്ച സിനിമകൾ ബോക്സ് ഓഫീസിൽ കളക്ഷൻ നേടാതെ പോയ പല അവസരങ്ങളിലും നിർമാതാവിനെ വിളിച്ചു അടുത്തൊരു സിനിമ ചെയ്യാൻ അദ്ദേഹത്തിന്റെ ഡേറ്റ് കൊടുക്കാൻ അദ്ദേഹം മുന്കയ്യെടുത്തിട്ടുണ്ട്. തന്റെ ശമ്പളത്തിൽ നിന്നും പറഞ്ഞതിലും കുറച്ചു തുക മാത്രം വാങ്ങി സിനിമയുടെ അവസാനഘട്ട പണികളിലും നിർമാതാക്കളോടൊപ്പം സഹകരിച്ചു. ഇങ്ങനെ ഉള്ള പല സന്ദര്ഭങ്ങളിലും അദ്ദേഹം ഒരു സിനിമാതാര പരിവേഷമില്ലാതെ സിനിമാപ്രവർത്തകർ ചേർത്ത് നിർത്തി നിസീമമായ ബഹുമാനത്തിനു വരും തലമുറകൾക്കും മാതൃകയായി. അദ്ദേഹത്തിന്റെ ഭാഷയിൽ സിനിമയിലെ സ്റ്റാർഡം എന്നത് റോസാപുഷ്പങ്ങള്കൊണ്ടു അലങ്കരിച്ചൊരു പട്ടുമെത്തയല്ല, മറിച്ചു ഒരു അഭിനേതാവിന്റെ കഠിനാധ്വാനം, ആരോഗ്യപരിപാലനം, സൗമ്യമായ പെരുമാറ്റം. ഈശ്വരാധീനം എന്നിവയൊക്കെ അതിനു ആവശ്യം വേണ്ട കാര്യങ്ങളാണ്. സിനിമ നടൻ ജനാർദ്ദനൻ അദ്ദേഹത്തെ ‘പച്ചമനുഷ്യൻ’ എന്നു പറയുമ്പോൾ നസീർ സാർ ദൈവതുല്യൻ ആണെന്നാണ് നടൻ മണിയൻ പിള്ള രാജു അദ്ദേഹത്തെകുറിച്ചു പറയുന്നത്.
ജനമനസ്സുകളിൽ പ്രതിഷ്ഠ നേടിയ പ്രേം നസീറിന്റെ താരപരിവേഷം മാറ്റി നിർത്തിയാലും അദ്ദേഹത്തിലെ മനുഷ്യ സ്നേഹിയെ അനേകം മനസ്സുകളിൽ കാണാൻ കഴിയും. അത് ആരംഭിച്ചത് അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ നിന്നും തന്നെയാണ്. അറുപിശുക്കൻ എന്ന് ഒരുകാലത്തെ ഇല്ലായ്മകൾ അദ്ദേഹത്തിന് പേര്ചാർത്തി നൽകിയെങ്കിലും പ്രശസ്തിയുടെ പടവുകൾ കയറുമ്പോൾ ഒരിക്കൽ പോലും അദ്ദേഹം സഹായഹസ്തങ്ങളെ ശൂന്യമായി അയച്ചില്ല. പ്രസക്തിയോ സമ്പത്തോ ഒന്നും തന്നെ അദ്ദേഹത്തെ സാധാരണ ജനങ്ങളിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിട്ടില്ല. അർഹതപ്പെട്ടവർക്ക് തന്നാൽ കഴിയുംവിധം മിക്കപ്പോഴും ചോദിക്കാതെ തന്നെ അറിഞ്ഞു കയ്യയച്ചു സഹിയ്ക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചിറയിൻകീഴ് ഗ്രാമത്തിനു ഇപ്പോഴും പറയാനുണ്ടാകും അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചിലരെയെങ്കിലും ചൊടിപ്പിച്ചെങ്കിലും സംഭവനയോടും മതസൗഹാർദ്ദത്തോടുമുള്ള സമീപനങ്ങൾ വിദ്വേഷിക ളുടെ വായടപ്പിച്ചു. ശാർക്കര അമ്പലത്തിൽ ആനയെ നടയ്ക്കിരുത്തിയതും തന്റെ പിതാവിന്റെ പേരിൽ പള്ളിയ്ക്ക് കമാനം പണിതു നൽകിയതും ഇതിനു മാതൃകകളാണ്. നാട്ടിലെ വായനശാലയ്ക്കു രണ്ടു ലക്ഷം രൂപയ്ക്കു പുസ്തകങ്ങൾ വാങ്ങാൻ നൽകിയിരുന്നു. പിന്നീട് എപ്പോഴോ വായനശാലക്കു തീപിടിത്തം മൂലം അവയൊക്കെ നഷ്ടമായെങ്കിലും അന്നത്തെപോലെ പൂർവസ്ഥിതിയിൽ വായനശാല പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ എക്സ് റേ മെഷീനും അത് സ്ഥാപിയ്ക്കാനായി കെട്ടിടം, സ്കൂളിന് വേണ്ടി പുതിയ കെട്ടിടം, കുഷ്ടരോഗാശുപത്രിയിൽ രോഗികളുടെ ഉന്നമനത്തിനായി ആഡിറ്റോറിയം എന്നിവ നിർമ്മിക്കുന്നതിൽ മുൻകൈയെടുത്തു. പ്രീഡിഗ്രിക്കു ഉന്നത വിജയ കരസ്ഥമാക്കിയ പെൺകുട്ടിക്ക് എം ബി ബി എസ് പഠനത്തിനുള്ള മുഴുവൻ ചിലവും ഏറ്റെടുത്തു.
അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യം അദ്ദേഹത്തിന് നാനാതുറകളിൽ നിന്നും സൗഹൃദവലയം സൃഷ്ഠിച്ചു. സമഭാവന മനുഷ്യരെ കാണാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തിന് രാഷ്ട്രീയ നേതാക്കളോടും പൊതുപ്രവർത്തനങ്ങളിലും ചേർന്ന് പ്രവർത്തിക്കാൻ കാരണമായി. രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്നതിൽ കുടുംബത്തിൽ നിന്ന് വിയോജിപ്പുകളുണ്ടായിരുന്നു. അതിനുള്ള പ്രധാന കാരണം ജീവിത്തിൽ അദ്ദേഹം അഭിനയിക്കാനറിയാത്ത ഒരു രാഷ്ട്രീയക്കാരനായിരുന്നു. സ്വന്തം പ്രവർത്തികൾ അദ്ദേഹത്തിന്റെ രാഷ്രീയപ്രവർത്തനങ്ങൾ തന്നെയായിരുന്നു. കോൺഗ്രസ് പാർട്ടിയിലേക്കുള്ള പ്രവേശനവും തിരെഞ്ഞെടുപ്പ് കാലത്തു വിശ്രമവും ആഹാരച്ചിട്ടകളും ഇല്ലാതെ എഴുന്നൂറോളം വേദികളിൽ നിരന്തരം പങ്കെടുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചു. രാഷ്ട്രീയപ്രവത്തനങ്ങൾ കാരണം സിനിമജോലികളിൽ ഇടവേളകൾ ഉണ്ടായെങ്കിലും അദ്ദേഹത്തിനോടുള്ള ജനങ്ങളുടെ ആരാധനയും അദ്ദേഹത്തിന്റെ അഭിനയ മികവ് തെളിയിക്കുന്നതുമായിരുന്നു ധ്വനി എന്ന സിനിമ. എ. ടി അബു സംവിധാനം ചെയ്തു 1988 ഡിസംബറിൽ ഇറങ്ങിയ ധ്വനി ആയിരുന്നു പ്രേം നസീർ എന്ന മഹാപ്രതിഭ അഭിനയിച്ച അവസാനത്തെ ചലച്ചിത്രം. ഡിയോഡിനൽ അൾസർ ബാധിച്ചു രോഗാവസ്ഥ ഗുരുതരം ആവുകയും അതിൽ നിന്ന് മോചിതനായി വീട്ടിലേക്കു മടങ്ങാനിരിക്കുമ്പോഴാണ് ആശുപത്രിയിൽ വച്ച് സന്ദർശിച്ച ആരിൽ നിന്നോ അദ്ദേഹത്തിന് മീസിൽസ് അസുഖം ബാധിച്ചു ആരോഗ്യം വഷളാകാൻ കാരണമായി. 1989 ജനുവരി 16-നു മദ്രാസിലെ വിജയ ഹോസ്പിറ്റലിൽ വച്ച് പ്രേം നസീർ എന്ന താരപ്രഭ അസ്തമിച്ചു..
താരപരിവേഷത്തെ കുറിച്ച് അദ്ദേഹം ഒരിക്കലും അസ്വസ്ഥനായിരുന്നില്ല. നായകൻ എന്നത് മാത്രമല്ല സഹനടനായുള്ള വേഷങ്ങൾ ചെയ്യുന്നതിലും അദ്ദേഹം ഒരിക്കലും വിമുഖത കാട്ടിയിരുന്നില്ല. തൊഴിലിനോടുള്ള ആത്മാർത്ഥതയും ബഹുമാനവും അദ്ദേഹത്തെ അപഖ്യാതികൾക്കുമേൽ ഇന്നും നിത്യഹരിതമായി നിലനിർത്തുന്നു. നടനും സംവിധായകനും ഉറ്റസുഹൃത്തുമായ താജ് ബഷീർ പ്രേം നസീറിനെ കുറിച്ചുള്ള ഓർമ്മകൾ സ്മരിക്കുമ്പോൾ പറയുത് പ്രേം നസീർ ബാക്കി വച്ച് പോയ ആഗ്രഹങ്ങളെ കുറിച്ചാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും നായക കഥാപാത്രങ്ങളാക്കി വച്ച് സിനിമകൾ ചെയ്യണമെന്നും ഹജ്ജ് ചെയ്യണം എന്നുള്ളതും. മലയാള സിനിമയ്ക്കും മലയാളികൾക്കു ശ്രീകൃഷ്ണനും ശ്രീരാമനും വടക്കന്പാട്ടിലെ വീരനായകനും പ്രണയനായകനും ഒക്കെയായി ഹൃദയങ്ങൾ കയ്യടക്കി ജീവിച്ചപ്പോഴും കൃഷ്ണകുചേലനിലെ കുചേലനെ പോലെ സത്യസന്ധതയോടും വിനയത്തോടും സിനിമ എന്ന കലാരൂപത്തെ ജീവിതാവസാനം വരെയും സമീപിച്ചിരുന്നു.
ഒരു കലാകാരന്റെ ജീവിതവും സമൂഹവുമായി അവർ എങ്ങനെ സഹവർത്തിക്കണം എന്നും അദ്ദേഹം തന്റെ ജീവിതത്തിലൂടെ മാതൃകയാകുന്നു. അത്രയും ഉദാത്തമായി അദ്ദേഹം പറഞ്ഞു വെച്ചതിൽ നിന്നും എത്രയോ വ്യത്യസ്തമായി തീർന്നിരിക്കുന്നു ഇന്നത്തെ സിനിമാലോകത്തെ കലാകാരന്മാർ എന്നത് പകൽപോലെ വ്യക്തമാണ്. ഇന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സിനിമ പ്രവർത്തകർക്ക്അവരുടെ ഓർമ്മകൾ പങ്കു വയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ സമയനിഷ്ഠയെ കുറിച്ച് പ്രതിപാദിക്കാതെ ഇരിക്കാൻ കഴിയില്ല. ഓരോ ദിവസവും സെറ്റിൽ നിന്ന് സെറ്റിലേക്കും ഒരു ദിവസത്തിൽ തന്നെ രാവിലെ ആറ് മണി മുതൽ പലപ്പോഴും അർധരാത്രി വരെയും നാലും അഞ്ചും സിനിമകൾക്ക് വരെ ഒരേസമയം അദ്ദേഹം ജോലി ചെയ്തിരുന്നു. സഹജീവികളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത, തൊഴിലിനോട് ആത്മാർത്ഥ സ്നേഹം, സമയനിഷ്ഠ, സിനിമയുടെ മുടക്കുമുതലിനെ കുറിച്ചുള്ള യാഥാർഥ്യബോധം, പ്രൊഡക്ഷൻ ബോയ് മുതൽ നിർമാതാവ് വരെയുള്ള എല്ലാ പ്രവർത്തകരെയും സ്നേഹത്തോടെ സമഭാവനയിൽ കരുതിയിരുന്നതൊക്കെയും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ഏതൊരു കലാകാരനും ആർജ്ജിക്കുവാനുള്ള ജീവിതപാഠങ്ങളാണ്.
മലയാള സിനിമയ്ക്ക് മലയാളികൾക്ക് എന്നും ഓർക്കാൻ പറ്റുന്നത് സ്വഭാവസവിശേഷതയും നിറപുഞ്ചിരിയും പ്രസന്നമായ മുഖവുമുള്ള നടനായി പ്രേം നസീറിനെയാകും എന്നത് സംശയമില്ല. ഇന്ത്യൻ സിനിമ ചരിത്രത്തിലും ലോകസിനിമയിൽ മലയാള സിനിമയുടെ പേര് എഴുതി ചേർത്തുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വഴിവിളക്കായി. പ്രേം നസീർ എന്ന അതുല്യനായ മനുഷ്യ സ്നേഹി നിത്യതയിൽ ലയിച്ചു ചേർന്നെങ്കിലും മലയാളികൾക്കും മലയാള സിനിമയ്ക്കും ലഭിച്ച ഏറ്റവും വലിയ വരപ്രസാദമായി തുടരും. കാലം വരുംതലമുറയിൽ നിന്നും വേഗം അദ്ദേഹത്തെ തിരിച്ചു വിളിച്ചെങ്കിലും വല്ലപ്പോഴുമെങ്കിലും മലയാളികൾക്കു കലയുടെ ഉത്ഭവസ്ഥാനങ്ങളെ കുറിച്ച് അറിയാനും സ്വയം ബോധ്യപ്പെടാനുള്ള യാത്രകൾ അനിവാര്യമാണ്. ഇന്നിന്റെ ലോകത്തു എന്താകരുതു എന്നും എങ്ങനെ ആകാമെന്നും ഔപചാരികതയില്ലാതെ ജീവിച്ച മനുഷ്യരെ അറിയുന്നതിലൂടെ കഴിയട്ടെ. അ.സെ…. അതിനുള്ള ഭാഗ്യം നിങ്ങൾക്കും സിദ്ധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഡോ. എലൈൻ