കാൽ നൂറ്റാണ്ട് മുമ്പ് ഹൃദയം സുഖപ്പെടുത്തിയ ഡോക്ടർമാർക്ക് മുന്നിൽ ഉദ്ഘാടകനായി അബ്ദുൾ ഖാദർ

മെെഹാർട്ടിൽ ലേസർ ആഞ്ജിയോപ്ലാസ്റ്റി ഉദ്ഘാടന വേദിയിൽ ആണ് ഈ അപൂർവ സം​ഗമം

കോഴിക്കോട് : കുവെെത്തിലെ പ്രവാസ ജീവിതത്തിലെപ്പോഴോ ആണ് അബ്ദുൾ ഖാദറിന്റെ ഹൃദയം താളം തെറ്റിയത് . . ഒടുവിൽ, 25 വർഷം മുമ്പ് തന്റെ ആഞ്ജിയോപ്ലാസ്റ്റി നടത്തിയ ഡ‍ോക്ടർക്ക് മുൻപിൽ ഒരു ഉദ്ഘാടകനായി ഇന്നലെ മെെഹാർട്ടിലെത്തുമ്പോൾ, 91-കാരനായ അബ്ദുൾ ഖാദറിന് അതൊരു ചികിത്സയുടെ ഓർമ്മ മാത്രമായിരുന്നില്ല. കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ തന്റെ ഹൃദയം കാത്തു സൂക്ഷിച്ചവരോടുള്ള കടമയും കടപ്പാടും സ്നേഹവുമായിരുന്നു.

മെെഹാർട്ട് സെന്റർ ഫോർ കാർഡിയാക് കെയറിൽ ലേസർ ആഞ്ചിയോപ്ലാസ്റ്റി ഉദ്ഘാടനത്തിനെത്തിയതായിരുന്നു, അബ്ദുൾ ഖാദർ. എല്ലാ വർഷവും ഖാദർ കൃത്യമായി ചെക്കപ്പിനെത്താറുണ്ട് . അടുത്തിടെയാണ് ലീഡ്‌ലെസ്സ് പേസ്മേക്കർ ഘടിപ്പിച്ചത്.

ന്യൂ ജനറേഷൻ ഫിലിപ്സ് ലേസർ സിസ്റ്റമാണ് മെെഹാർട്ടില് ഉള്ളത്. കാൽസിഫെെഡ് ബ്ലോക്കുകൾ, മുമ്പിട്ട സ്റ്റെന്റുകളിൽ ബ്ലോക്കുണ്ടാകുക, പേസ്മേക്കർ ലെഡ് നീക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ലേസർ ആഞ്ജിയോപ്ലാസ്റ്റി ഉപയോ​ഗിക്കാറുണ്ട് . രോഗികൾക്കിടയിൽ ലേസർ ആ‍ഞ്ജിയോപ്ലാസ്റ്റിയേക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ കൂടി മെെഹാർട്ട് ആരംഭിക്കുന്നതായി, ഡോ അലി ഫെെസൽ കൂട്ടിച്ചേർത്തു.

ഏറ്റവും സങ്കീർണമായ അവസ്ഥയിൽ രോ​ഗികൾക്ക് ചികിത്സ സാധ്യമാക്കുന്നതിന്റെ ഭാ​ഗമായാണ് ലേസർ ആഞ്ചിയോപ്ലാസ്റ്റി പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോ​ഗിക്കുന്നതെന്ന് സീനിയർ കൺസൽട്ടന്റും ഡയറക്ടറുമായ ഡോ ആശിശ് കുമാർ പറഞ്ഞു. രോ​ഗിയുടെ ആരോ​ഗ്യനില മെച്ചപ്പെടുത്തുന്നതിന് ആവശ്യമെങ്കിൽ മാത്രമേ, ഇത്തരം ചികിത്സാ രീതികൾ ഉപയോ​ഗിക്കൂ എന്ന വിവേകപൂർണമായ നിലപാടായിരിക്കും മെെഹാർട്ടിൽ സ്വീകരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നു ദശകത്തോളം കേരളത്തിലെ പ്രധാന ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കാർഡിയോളജിസ്റ്റുകളുടെ കൂട്ടായ്മയിൽ നിന്നാണ് മെെഹാർട്ട് സെന്റർ ഫോർ കാർഡിയാക് കെയർ 2023-ൽ ആരംഭിക്കുന്നത്. ഇപ്പോൾ കോഴിക്കോട് തൊണ്ടയാട് സ്റ്റാർകെയർ ആശുപത്രിയിലാണ് മെെഹാർട്ട് പ്രവർത്തിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ സീനിയർ കൺസൾട്ടന്റുമായരായ ഡോ. അലി ഫെെസൽ, ഡോ ആശിശ് കുമാർ, ഡോ ജയേഷ് ഭാസ്കരൻ, ഡോ.  എസ്. എം അഷ്റഫ്, ഡോ പ്രതാപ് കുമാർ, കേശവദാസ്, ഡോ. സാജിദ് യൂനസ്, സ്റ്റാർകെയർ ഹോസ്പിറ്റൽ എം ഡി ഡോ. അബ്ദുള്ള ചെറയകാട് , സി ഇ ഒ സത്യ എന്നിവർ പങ്കെടുത്തു.