മരക്കൊമ്പ് വീഴുന്നത് കണ്ട് വെട്ടിച്ചു, നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍ : കണ്ണൂരിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാര്‍ യാത്രികനായ യുവാവ് മരിച്ചു. കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കണ്ണൂര്‍ അങ്ങാടിക്കടവിൽ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിയുകയായിരുന്നു. കുളത്തിലേക്ക് കുത്തനെ മറിഞ്ഞ കാറിൽ നിന്ന് കാര്‍ യാത്രികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃശൂരിൽ വിദ്യാര്‍ത്ഥിയായ ഇമ്മാനുവൽ പരീക്ഷ കഴിഞ്ഞ് തിരിച്ച് അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി മേഖലയിൽ രാവിലെ മഴ പെയ്യുന്നുണ്ടായിരുന്നു. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിയ്ക്കുകയായിരുന്നു. ഇതോടെ സമീപത്തെ തെങ്ങിൽ കാര്‍ ഇടിച്ചുകയറി. ഇതിനുശേഷം സമീപത്തുള്ള ചെറിയ കുളത്തിൽ കാര്‍ മറിഞ്ഞ് വീഴുകയായിരുന്നു.