അക്യുപങ്ചര്‍ പരിപാടി അലങ്കോലമായ സംഭവം; മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്

കുറ്റ്യാടി: അക്യുപങ്ചര്‍ ചികിത്സകരുടെ ആരോഗ്യക്ലാസ് അലങ്കോലമായ വിഷയത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം കുറ്റ്യാടിഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അക്യുപങ്ചര്‍ ചികിത്സകരുടെ ക്ലാസ് അലങ്കോലമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അക്യുപങ്ചര്‍ ചികിത്സയെ തുടര്‍ന്ന് കാന്‍സര്‍ മൂര്‍ഛിച്ച് മരണപ്പെട്ട അടുക്കത്ത് വാഴയില്‍ ഹാജറയുടെ ബന്ധുക്കള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവര്‍ ചോദ്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് പരിപാടി അലങ്കോലമായത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി സക്കീര്‍ സ്ഥലത്തെത്തിയിരുന്നു. ഒരു സാധാരണ മരണമായി കണക്കാക്കുമായിരുന്ന ഹാജറയുടെ അകാലനിര്യാണത്തില്‍ അക്യുപങ്ചര്‍ ചികിത്സയുടെ പങ്ക് പുറത്തുകൊണ്ടുവന്നത് സക്കീര്‍ ആയിരുന്നു. ഇത് സമൂഹത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനുള്ള പ്രതികാര നടപടിയെന്ന നിലയ്ക്കാണ് തനിക്കെതിരെ പരാതി നല്‍കിയതെന്ന് സക്കീര്‍ പറഞ്ഞു.