വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്‌നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹന ഉടമയ്‌ക്കോ ഡ്രൈവര്‍ക്കോ മാത്രമേ ഇനിമുതല്‍ പ്രവേശനം അനുവദിക്കൂ. ഡ്രൈവറാണ് പ്രവേശിക്കുന്നതെങ്കില്‍ യൂണിഫോമും നിര്‍ബന്ധമാക്കി. ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്. കൈക്കൂലിയും അഴിമതിയും ഉള്‍പ്പെടെ തടയാനാണ് പുതിയ ഉത്തരവ്. സാധാരണഗതിയില്‍ ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് ഏജന്റുമാര്‍ ഉള്‍പ്പടെയാണ് പോകുന്നത്. ഇവര്‍ എംവിഡിയുമായി നേരത്തെ തന്നെ ബന്ധം സ്ഥാപിക്കുകയും കൈക്കൂലി നല്‍കി ടെസ്റ്റ് പാസാക്കുകയും ചെയ്യുന്ന പ്രവണത ചിലയിടങ്ങളിലെങ്കിലും ഉണ്ടായിരുന്നു. ഗതാഗത മന്ത്രിയുള്‍പ്പടെയുള്ളവര്‍ ഇത് നേരത്തെ തന്നെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള ഏജന്റുമാര്‍ക്ക് പ്രവേശനം ഗ്രൗണ്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ട് ഉത്തരവ് വരുന്നത്. ഇത്തരമൊരു ഉത്തരവ് വരുമെന്ന് നേരത്തെ തന്നെ ഗതാഗത മന്ത്രി അറിയിച്ചതാണ്. ടെസ്റ്റിന് ഒരു ദിവസം അനുവദിക്കുന്ന ആളുകളുടെ എണ്ണം 40 ആയി ചുരുക്കണമെന്നത് മറ്റൊരു പ്രധാന നിര്‍ദേശമാണ്. ഈ 40 പേരില്‍ ആദ്യത്തെ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളോ വിദേശത്തേക്ക് പോകാന്‍ ആവശ്യമുള്ളവരോ ആയിരിക്കണം. പന്നീടുള്ള 10 പേര്‍ നേരത്തെയുള്ള ടെസ്റ്റുകളില്‍ പരാജയപ്പെട്ടവരായിരിക്കണം. ബാക്കി 25 പേര്‍ പുതിയ അപേക്ഷകരുമായിരിക്കണം.