ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കും – ഡോ.ആസാദ്‌ മൂപ്പൻ

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും സ്ഥാപക ചെയർമാൻ ഡോ.ആസാദ്‌ മൂപ്പൻ അഭിപ്രായപ്പെട്ടു. കോഴിക്കോടിന്റെയും വയനാടിന്റെയും മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാത പ്രദേശത്തിന്റെ ആരോഗ്യ മേഖലയുടേത് ഉൾപ്പെടെ സാമൂഹിക, സാമ്പത്തിക,സാംസ്കാരിക,വിനോദ സഞ്ചാര മേഖലകളിലെ മുന്നേറ്റത്തിനും അതുവഴി നാടിന്റെ സമഗ്ര വളർച്ചയ്ക്കും വഴിയൊരുക്കും. ചുരത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ തീരണമെന്ന വയനാട്ടുകാരുടെ ചിരകാല സ്വപ്‌നത്തിന്റെ പൂർത്തീകരണംകൂടിയാകും ഈ പാതയെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് മേപ്പാടി കള്ളാടി മീനാക്ഷി പാലത്തിൽ അവസാനിക്കുന്ന പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെയും മറ്റു ജന പ്രതിനിധികളെയും അഭിനന്ദിക്കുന്നതായും ഡോ.ആസാദ് മൂപ്പൻ പറഞ്ഞു.