ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ – ക്വാളിറ്റി കെയർ ഇന്ത്യ ലയനം: ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി

കോഴിക്കോട് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 27-നും മാർച്ച് 13-നും ഇടയിലായിരിക്കും യോഗം നടക്കുക. ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം. ലയനത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള എൻ.ഒ.സിയും നേരത്തെ തന്നെ ലഭിച്ചിരുന്നു. മറ്റ് അനുമതികൾ കൂടി ലഭിക്കുന്നതോടെ, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലയന നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലയന നടപടികളിൽ ഇതുവരെ കൈവരിച്ച പുരോഗതിയിൽ വലിയ സന്തോഷവും തൃപ്തിയുമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.