കോഴിക്കോട്: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ഫോക്കസ് ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമായ മൊബൈൽ മെഡിക്കൽ ക്ലിനിക്കിന് ഞായറാഴ്‌ച ബിഹാറിലെ കട്ടിഹാറിൽ തുടക്കമാവും. 30 ലക്ഷത്തോളം ഗ്രാമീണർക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ട് നിർവഹിക്കും. കട്ടിഹാർ എംപി താരിഖ് അൻവർ പൂർനിയ എംപി രാജേഷ് രഞ്ജൻ ജില്ലാ കലക്റ്റർ മനീഷ് കുമാർ മീണ എന്നിവർ വിവിധ പദ്ധതികൾ പ്രഖ്യാപിക്കും.
ചെറിയ ചികിത്സകൾ പോലും വലിയ ആർഭാടമായി കരുതപ്പെടുന്ന ബിഹാറിലെ ദരിദ്ര ഗ്രാമങ്ങളിലാണ് മൊബൈൽ മെഡിക്കൽ വാൻ സന്ദർശനം നടത്തുക. വാഹനത്തിൽ സ്ഥിരമായി ഡോക്റ്റർ. നഴ്സ്, അറ്റൻഡർ, ഡ്രൈവർ എന്നിവർ ഉണ്ടായിരിക്കും. ഗ്രാമങ്ങളിൽ ഇടവിട്ട ദിവസങ്ങളിൽ വാഹനം സഞ്ചരിക്കും. ചികിത്സയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനായി ഒരു ഗ്രാമത്തിൽ ഒരു മാസം മൂന്നു തവണ വാഹനം എത്തും. ഇത്തരത്തിൽ പ്രതിമാസം ഒൻപത് സ്ഥലങ്ങൾ സന്ദർശിക്കും.
45 ലക്ഷം രൂപയാണ് പദ്ധതിയുടെ പ്രാഥമിക ചെലവ്. പ്രതിവർഷം 25 ലക്ഷം രൂപ നടത്തിപ്പു ചെലവുവരും. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ കട്ടിഹാർ ജില്ലയിലെ നിമ ഫലാഹ് അക്കാഡമിയിൽ പൂർത്തിയായി വരുന്നു. ഉച്ചയ്ക്ക് 12ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എസ്‌ഡിഎം കുമാർ സിദ്ധാർഥ് മുൻവിദ്യാഭ്യാസ മന്ത്രി രാമപ്രകാശ് മഹതൊ കട്ടിഹാർ മെഡിക്കൽ കോളെജ് ചാൻസലർ അഹമ്മദ് അശ്ഫാഖ് കരീം, വിഡിഒ ശാന്തകുമാർ തുടങ്ങിയവരും പങ്കെടുക്കും.
ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലെ സിഎസ്ആർ വോളന്റിയർ ആണ് പദ്ധതിയുടെ പങ്കാളി വിദ്യാഭ്യാസ ആതുരസേവന വന, പാർപ്പിട സുസ്ഥിര സംരംഭമായ ആസ്റ്റർ ഉത്തരേന്ത്യയിൽ വികസന മേഖലയിൽ പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനയാണ് ഫോക്കസ് ഇന്ത്യ