ഓരോ പ്രദേശത്തിനും അതിന്റേതായ ഒരു അതിദേവത ഉണ്ടായിരിക്കുമെന്നാണ് സങ്കല്പം. കുറുമ്പ്രനാട് ദേശത്തെ ബാലുശ്ശേരിക്കോട്ടയും അത്തരമൊരു സങ്കല്പത്തെയാണ് നെഞ്ചേറ്റുന്നത്. ദൈവിക സങ്കല്പങ്ങള് പരിസ്ഥിതി ബോധത്തിന്റെയും ചരിത്രബോധത്തിന്റെയും പൗരാണികമായ പൊരുളിന്റെയും ബലത്തിലാണ് നിലകൊള്ളുന്നത്. കുറുമ്പ്രനാട് എന്ന ദേശത്തിന്റെ തലസ്ഥാനമായാണ് ബാലുശ്ശേരിക്കോട്ട കണക്കാക്കപ്പെടുന്നത്. വേട്ടക്കൊരുമകന് ഇവിടെയുള്ള ദേവതാ സങ്കല്പം. ഒരു ദേശത്തിന്റെ ചരിത്രം ഭക്തിയുടെയും മിത്തിന്റെയും വിശ്വാസത്തിന്റെയും അംശങ്ങള് കൂട്ടിചേര്ത്ത് രചിക്കുകയാണ് ശ്രീ വേട്ടക്കൊരുമകന് വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും എന്ന പുസ്തകത്തില് വി.കെ ദീപേഷ് ചെയ്തിരിക്കുന്നത്. ബാലുശ്ശേരിക്കോട്ട എന്നറിയപ്പെടുമ്പോഴും ഇത് ബാലുശ്ശേരി നഗരത്തില് നിന്ന് കുറച്ചുമാറി പനങ്ങാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രത്യക്ഷമായ ഐതീഹ്യം
ശിവനില് നിന്ന് പാശുപതാസ്ത്രം വാങ്ങാന് എത്തിയ അര്ജ്ജുനന് ശിവന്റെ പരീക്ഷണങ്ങള്ക്ക് പാത്രമാവുന്നു. അര്ജ്ജുനനില് അവശേഷിക്കുന്ന അഹംഭാവത്തെ ഇല്ലായ്മ ചെയ്യാനാണ് ശിവന്റെ ശ്രമം. ഈ വേളയില് ശിവനും പാര്വതിയും കാട്ടാളവേഷധാരികളായാണ് എത്തുന്നത്. പരീക്ഷണങ്ങള്ക്കുശേഷം സംപ്രീതനായ ശിവന് അര്ജ്ജുനനില് പ്രസാദിക്കുകയും പശുപതാസ്ത്രം നല്കി അനുഗ്രഹിക്കുകയും ചെയ്തുവെന്നാണ് കഥ. കാട്ടില് കാട്ടാളവേഷത്തില് വിഹരിക്കുന്ന സന്ദര്ഭത്തില് പാര്വതി ഗര്ഭിണിയായി. മകന് പിറന്നപ്പോള് ശിവപാര്വതിമാര് അവനെ കാട്ടില് തന്നെ ഉപേക്ഷിച്ചു. വേട്ടയാടുന്ന സമയത്ത് ഉണ്ടായ മകന് എന്ന നിലയില് അവന് വേട്ടക്കൊരുമകന് എന്ന് പേരിട്ടു. ആര്ക്കും തോല്പിക്കാന് കഴിയാത്ത വീരന് എന്ന അനുഗ്രഹം മാതാപിതാക്കളില് നിന്ന് വേട്ടക്കൊരുമകന് ലഭിച്ചിരുന്നു.
വേട്ടക്കൊരുമകന് പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള് ധാരാളമുണ്ട്. വേട്ടയാടി നടന്ന വേട്ടക്കൊരു മകന് പലര്ക്കും പ്രയാസങ്ങളുണ്ടാക്കിയതായി പുരാണം പറയുന്നു. മഹാവിഷ്ണു പോലും വേട്ടക്കൊരുമകനെ നിലയ്ക്കുനിര്ത്താനുള്ള ശ്രമങ്ങള് നടത്തുകയുണ്ടായി. ഒടുവില് ശിവന്റെ അടുത്ത് വേട്ടക്കൊരുമകന്റെ വിഷയം വീണ്ടും വന്നെത്തി. മലനാട്ടില് പോയി ദുഷ്ടനിഗ്രഹവും ശിഷ്ടസംരക്ഷണവും നടത്തണമെന്നായിരുന്നു ശിവന്റെ നിര്ദേശം. മഹാവിഷ്ണു നല്കിയ പൊന്ചുരിക അതിന് മതിയാവുമെന്നും ശിവന് അരുളിചെയ്തു. ഗൂഢല്ലൂരിലെ നമ്പുമല കോട്ടയിലാണ് വേട്ടക്കൊരുമകന് ആദ്യം സാന്നിധ്യമുറപ്പിച്ചത്.
വേട്ടക്കൊരുമകന്റെ ബാലുശ്ശേരിയിലെ സാന്നിധ്യം
കുറുമ്പ്രനാട് രാജാവ് ശത്രുശല്യത്തില് നിന്ന് മുക്തിതേടി തളിപ്പറമ്പിലെ രാജരാജ ക്ഷേത്രത്തില് ഭജനമിരുന്നു. സ്വപ്നത്തില് പ്രത്യക്ഷപ്പെട്ട ഭഗവാന് രാജാവിനോട് നമ്പുമലയില് പോയി വേട്ടക്കൊരുമകനെ തപസ്സു ചെയ്യാന് അരുളി ചെയ്തു. അപ്രകാരം തപസ് ചെയ്ത രാജാവിന്റെ ഇംഗിതം അനുസരിച്ചാണ് വേട്ടക്കൊരുമകന് ബാലുശ്ശേരിയില് എത്തുന്നത്. രാജാവിന്റെ കൊട്ടാരത്തില് അരിയളവ് പതിവുണ്ട്. അവിടെ വേഷപ്രച്ഛന്നനായി വേട്ടക്കൊരുമകന് എത്തിയെന്നാണ് കഥ. പലതരം വിഘ്നങ്ങള് ഉണ്ടായെങ്കിലും വേട്ടക്കൊരുമകന് കുറുമ്പ്രനാട് തന്റെ സാന്നിധ്യം ഉറപ്പാക്കി. കോട്ടയിലെ ആചാരാനുഷ്ഠാനങ്ങളും ആരാധനാക്രമങ്ങളും വേട്ടക്കൊരുമകന് തന്നെ നിര്ദേശിച്ചു എന്നാണ് പഴമക്കാര് പറയുന്നത്.
വേട്ടക്കൊരുമകന് പ്രത്യേക ദൈവസങ്കല്പമാണ്. കറുകപച്ചയും തൊങ്ങലുമാണ് വേഷം. നെറ്റിയിലും നെഞ്ചിലും കളഭക്കൂട്ട് ചാര്ത്തിയിരിക്കും. കാട്ടില് ഉപയോഗിക്കുന്ന ആയുധങ്ങളായ വില്ലും അമ്പും ഇടതുകൈയില് ഉണ്ടാവും. വലതുകൈയില് പൊന്ചുരിക. തലയില് മയില്പീലി തിരുകിവെച്ച സ്വര്ണകിരീടം. താടി വളര്ത്തിയ നിലയില് ആണ്. നാനാവിധമായ സ്വര്ണഭൂഷകള് ദേഹത്തെ അലങ്കരിക്കും. കണ്ണുകളില് വീരരസം തുളുമ്പിനില്ക്കും. എന്നാല് മുഖം ശാന്തത മുറ്റിയതാവും. ഇതാണ് പരദേവതയുടെ രൂപം.
കോട്ടയില് നേരത്തെ കരിയാത്തനും ഭഗവതിയുമാണ് ഉണ്ടായിരുന്നത്. വേട്ടക്കൊരുമകന് സാന്നിധ്യമറിയിച്ചതോടെ ഭഗവതി എഴുന്നേറ്റ് വന്ദിച്ച് പിറകോട്ട് മാറിയിരുന്നു. അങ്ങനെയാണ് പ്രധാന ശ്രീകോവിലിന്റെ വടക്കുകിഴക്ക് ഭാഗത്തും കിഴക്കിനിയിലുമായി ഭഗവതിയുടെ ശ്രീകോവില് വന്നത്. ആതിഥ്യമര്യാദ കാണിക്കാത്ത കരിയാത്തനെ വേട്ടക്കൊരുമകന് എടുത്തെറിഞ്ഞു എന്നാണ് ഐതീഹ്യം. കരിയാത്തന് വന്നുവീണ പാറയാണ് കരിയാത്തന്പാറ.
വിശേഷവിധികളും നിത്യവിധികളും
ബാലുശ്ശേരിക്കോട്ടയില് ദൈനംദിന പൂജകളും വിശേഷപൂജകളും ചെയ്തുവരുന്നു. ഇത് സംബന്ധിച്ച് വേട്ടക്കൊരുമകന് തന്നെ അരുളി ചെയ്തിട്ടുണ്ട് എന്നാണ് പുരാവൃത്തങ്ങളില് പറയുന്നത്. ഇക്കാര്യം പുസ്തകത്തില് പ്രത്യേക അധ്യായമായി കൊടുത്തിട്ടുണ്ട്.
വേട്ടക്കൊരുമകന് ആണ് പ്രധാന പ്രതിഷ്ഠയെങ്കിലും വൈരാഗിയായ ശിവന്, അയ്യപ്പന്, ഗണപതി,സുബ്രഹ്മണ്യന് എന്നീ ദേവസ്ഥാനങ്ങളും കോട്ടയിലുണ്ട്. കോട്ടയില് നിന്ന് അല്പം മാറി കുറുമ്പൊയില് റോഡില് മുണ്ടക്കര സ്കൂളിന് വടക്കുവശത്താണ് കരിയാത്തനെ പ്രതിഷ്ഠിച്ചത്. എല്ലാ ദേവഗണങ്ങള്ക്കും നിത്യം പൂജയുണ്ട്. തളത്തിലെ പൂജ, അപ്പനിവേദ്യം, കഴകം, കുഴല്, വാദ്യം, പ്രസാദവിതരണം എ്ന്നിവ നിത്യവും ഉണ്ടാവും.
വിശേഷവിധികളുടെ ഭാഗമായി എല്ലാ മലയാളമാസം ഒന്നാം തിയതി ഒറ്റക്കലശവും പഞ്ചഗവ്യവും ഉണ്ടാവും. ഓണത്തിനും വിഷുവിനും പ്രത്യേക പൂജകള് നടത്തും. അന്ന് സദ്യയും ഉണ്ടായിരിക്കും. വൃശ്ചികം 28 മുതല് ധനു 10വരെ ഭഗവതിസേവ നടത്തും.
പാട്ടുത്സവമാണ് ഭക്തജനങ്ങളെ ആകര്ഷിക്കു്ന്ന മറ്റൊരു അവസരം. ധനു 26നാണ് പാട്ടുത്സവം കൊടിയേറുക. ഇതിന്റെ ഭാഗമായുള്ള കളംപാട്ട് ഏറെ പ്രസിദ്ധമാണ്. ആഘോഷവരവുകളും ഇതിന്റെ ഭാഗമായി ഉണ്ടാവും. പ്രത്യേക ആചാരപ്രകാരമാണ് പാട്ടുത്സവം നടക്കുകയെന്ന് പുസ്തകത്ത്ില് പറയുന്നു.
കുറുമ്പനാട് രാജാവ് പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പരദേവത സംരക്ഷിച്ചതിന്റെ നിരവധി കഥകള് ഉണ്ട്. ടിപ്പുവിന്റെ പടയോട്ടക്കാലത്തും രാജാവിനെ രക്ഷിക്കാന് പരദേവതയുടെ കടാക്ഷം സഹായിച്ചു എന്നാണ് ഐതീഹ്യം. പാട്ടുത്സവത്തിന് നാട്ടുകാരുടെ സഹായവും പിന്തുണയും ഉണ്ട്. നാട്ടുകാര് തേങ്ങയും ചക്കയും എണ്ണയും അരിയും പച്ചക്കറികളും പരദേവതക്ക് സമര്പ്പിക്കുന്നത് പതിവാണ്.
ചുവര് ചിത്രങ്ങള്
ബാലുശ്ശേരിക്കോട്ടയിലെ ചുമര് ചിത്രങ്ങള് പ്രസിദ്ധമാണ്. ബാലുശ്ശേരി കോട്ടയിലെ തെക്കിനിയിലെ പുറം തളത്തിലാണ് ശ്രീ കോവിലകം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലിന്റെ പിന്വശത്തുള്ള തളത്തില് ആണ് ചിത്രങ്ങള് ഉള്ളത്. 17ാം നൂറ്റാണ്ടുമുതല് 20ാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ വരച്ച ചിത്രങ്ങളാണ് ഇതിലുള്ളതെന്ന് കണക്കാക്കുന്നു. മഹാവിഷ്ണുവിന്റെ അനന്തശയനം, കിരാതമൂര്ത്തി, നാരദന്, അശ്വനിദേവകള്, ദേവേന്ദ്രന്, ചാമുണ്ഡി തുടങ്ങിയ ചിത്രങ്ങളുണ്ട്.ആയോധന വിദ്യയുടെയും കാര്ഷിക സംസ്കാരത്തിന്റെയും അംശങ്ങള് കലര്ന്നതാണ് പരദേവതാ സങ്കല്പം. ശിഷ്ടജനങ്ങളുടെ സംരക്ഷണത്തിനായി യുദ്ധം ചെയ്യാനും പരദേവത തയാറാവുന്നുണ്ട്. ആ നിലയ്ക്ക് പരദേവത യുദ്ധദേവതയാണെന്ന് ഈ പുസ്തകത്തില് പറയുന്നുണ്ട്. ഇപ്രകാരം ബാലുശ്ശേരിക്കോട്ടയുടെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന ഈ പുസ്തകം എട്ട് അധ്യായങ്ങളില് നിബന്ധിച്ചിരിക്കുന്നു. ബാലുശ്ശേരിക്കോട്ട ചാല ദേവസ്വം ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡോ. പ്രിയദര്ശന്ലാലിന്റെ അവതാരിക പുസ്തകത്തിന് ഒരു അലങ്കാരമായി തീര്ന്നിരിക്കുന്നു.
ഫോക്ലര് പഠനത്തിന്റെ ഭാഗമായി ദീപേഷ് നടത്തിയ അന്വേഷണമാണ് പസ്തകരചനയില് കലാശിച്ചത്. ഇത് ഈ നാട്ടുകാര്ക്ക് മാത്രമല്ല, ഏതൊരു നാടിന്റെയും ചരിത്രവും സംസ്കാരവും ആരായുന്നവര്ക്ക് മാര്ഗദീപമായി മാറുന്നു. ആ നിലയ്ക്ക് ദീപേഷിന്റെ രചന വളരെ ഉപകാരപ്രദമായി മാറിയിരിക്കുന്നു.
മിനു ലിജിത്ത്
minuligi@gmai.com